കോന്നി വാര്‍ത്ത ഡോട്ട് കോം : രാജ്യമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് അവരുടെ വീട്ടുപടിക്കൽ ശബരിമല ‘സ്വാമി പ്രസാദം’ എത്തിക്കാൻ തപാൽ വകുപ്പ് തീരുമാനിച്ചു. “സ്വാമി പ്രസാദം” വിതരണം ചെയ്യുന്നതിനായി, തപാൽ വകുപ്പ് ഒരു സമഗ്ര ബുക്കിംഗ് – ഡെലിവറി പാക്കേജിന് രൂപം നൽകുകയും,പദ്ധതി നടപ്പിലാക്കുകയും ചെയ്തു.
ഇതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡുമായി കേരള തപാൽ സർക്കിൾ ധാരണയിലെത്തി.ഇതോടെ ഇന്ത്യയിലെ ഏത് പോസ്റ്റോഫീസിൽ നിന്നും ഭക്തർക്കിപ്പോൾ “സ്വാമി പ്രസാദം” ബുക്ക് ചെയ്യാവുന്നതാണ്. ഓരോ പാക്കറ്റ് പ്രസാദത്തിനും 450 രൂപയാണ് വിലയീടാക്കുന്നത്.ഒരു പാക്കറ്റിൽ അരവണ, നെയ്യ്, ഭസ്മം, കുങ്കുമം, മഞ്ഞൾപ്പൊടി, അർച്ചന പ്രസാദം എന്നിവയുണ്ടാകും.
ഒരു ഭക്തന് ഒരു സമയം പത്ത് പാക്കറ്റുകൾ വരെ ബുക്ക് ചെയ്യാൻ സാധിക്കും.പ്രസാദം സ്പീഡ് പോസ്റ്റിൽ ബുക്ക് ചെയ്താലുടൻ, സ്പീഡ് പോസ്റ്റ് നമ്പറുള്ള ഒരു സന്ദേശം ജനറേറ്റ് ചെയ്യുകയും ഭക്തരെ എസ്.എം.എസ് വഴി അറിയിക്കുകയും ചെയ്യും. ഇന്ത്യ പോസ്റ്റ് വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഭക്തർക്ക് പ്രസാദത്തിന്റെ തൽസ്ഥിതിയും നീക്കവും അറിയാൻ കഴിയും.
2020 നവംബർ 6 മുതൽ പ്രാബല്യത്തിൽ വന്ന ഈ സേവനം ഇന്ത്യയിലുടനീളം ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യക്കകത്തു നിന്ന് ഏകദേശം 9000 ഓർഡറുകൾ ഇതിനോടകംലഭിച്ചു കഴിഞ്ഞു.