Trending Now

ന്യൂനമർദം: കാറ്റിനും മഴയ്ക്കും സാധ്യത, ജാഗ്രത പാലിക്കണം

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും സർക്കാർ സംവിധാനങ്ങളോട് തയ്യാറെടുപ്പുകൾ പൂർത്തീകരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

ഡിസംബർ ഒന്നുമുതൽ കടൽ അതിപ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് നവംബർ 30 അർദ്ധരാത്രിയോടെ പൂർണ്ണമായും നിരോധിച്ചു.
നിലവിൽ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവർ നവംബർ 30 അർദ്ധരാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തേണ്ടതാണ്.

ഞായറാഴ്ച (നവംബർ 29) കടലിൽ പോകുന്നവർ തിങ്കളാഴ്ച (നവംബർ 30) അർദ്ധരാത്രിയോടെ തീരത്ത് നിർബന്ധമായും തിരിച്ചെത്തണം. ന്യൂനമർദം ചുഴലിക്കാറ്റായി മാറാനുള്ള നേരിയ സാധ്യതയുള്ളതിനാൽ ഈ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണം.
ഡിസംബർ ഒന്നുമുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി.

ന്യൂനമർദത്തിന്റെ സ്വാധീനം കേരളത്തിലും പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ തെക്കൻ കേരളത്തിൽ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നിലവിൽ കാലാവസ്ഥ മോഡലുകളുടെ സൂചന അനുസരിച്ച് തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് അതീവ ജാഗ്രത ആവശ്യമുള്ളത്. എന്നിരുന്നാലും തിരുവനന്തപുരം മുതൽ എറണാകുളം വരെ ജാഗ്രത പാലിക്കണമെന്നും ഇനിയുള്ള മുന്നറിയിപ്പുകൾ ശ്രദ്ധയോടെ വീക്ഷിക്കണമെന്നും നിർദേശിച്ചു.

കാറ്റ് ശക്തമാകുന്ന സാഹചര്യത്തിൽ ഡിസംബർ രണ്ടോട് കൂടി തന്നെ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ തയ്യാറെടുക്കുവാൻ റവന്യൂ, തദ്ദേശ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാകണം.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും ന്യൂനമർദത്തിന്റെ വികാസവും സഞ്ചാരപഥവും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കൂടുതൽ വ്യക്തത വരുന്ന മുറക്ക് അപ്ഡേറ്റ് ചെയ്യുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.സർക്കാർ സംവിധാനങ്ങൾ ആവശ്യമായ തയ്യാറെടുപ്പുകൾ സ്വീകരിച്ചു വരികയാണ്. പൊതുജനങ്ങളുടെ പൂർണ്ണ സഹകരണവും സർക്കാർ അഭ്യർത്ഥിച്ചു.

error: Content is protected !!