ശബരിമല തീര്‍ഥാടനം: കോവിഡ് ജാഗ്രത ശക്തമാക്കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനം

അരുണ്‍ രാജ് @കോന്നി വാര്‍ത്ത ശബരിമല ന്യൂസ് ഡെസ്ക്
കോന്നി വാര്‍ത്ത ഡോട്ട് കോം: കോവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ പ്രതിരോധ നടപടികളും ജാഗ്രതയും ശക്തമാക്കുന്നതിന് എഡിഎം അരുണ്‍ കെ വിജയന്റെ സാന്നിധ്യത്തില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ബി. കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. ദര്‍ശനത്തിന് എത്തുന്ന
തീര്‍ഥാടകാരുടെ സുരക്ഷയും സൗകര്യങ്ങളും യോഗം വിലയിരുത്തി.
കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ശബരിമല ഡ്യൂട്ടിയില്‍ ഉള്ള വിവിധ വകുപ്പ് പ്രതിനിധികള്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു. ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യവും ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച തുടര്‍നടപടികളും യോഗം വിലയിരുത്തി. പുതുതായി ശബരിമല ഡ്യൂട്ടിക്ക് വരുന്ന ജീവനക്കാരുടെ കോവിഡ് പരിശോധന മാനദണ്ഡം നിലവിലുള്ളതുപോലെ തുടരും. പൂര്‍ണമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സുരക്ഷിതമായി ജോലിചെയ്യാന്‍ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കേണ്ടത് അതത് വിഭാഗങ്ങളിലെ പരിചയസമ്പന്നരായ ജീവനക്കാരുടെ ചുമതലയാക്കും.
പോലീസില്‍ ശബരിമല ഡ്യൂട്ടിക്കെത്തിയ 350 പേരുടെ ഡ്യൂട്ടി തിങ്കളാഴ്ച അവസാനിക്കും. പകരം വരുന്നവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ കൃത്യമായ പരിശീലനം നല്‍കും.
പമ്പയില്‍ പ്രവര്‍ത്തിക്കുന്ന എടിഎം കേന്ദ്രങ്ങളില്‍ കോവിഡ് ബോധവല്‍ക്കരണ നിര്‍ദേശങ്ങളും അണുനശീകരണ സജ്ജീകരണങ്ങളും ഒരുക്കുന്നതിന് തീരുമാനമായി. തുടര്‍ച്ചയായി ശബരിമല ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇടവേളകളില്‍ കോവിഡ് ടെസ്റ്റ് ചെയ്യുന്നതിന് പമ്പയിലും നിലയ്ക്കലും ലാബുകളില്‍ സൗകര്യമൊരുക്കും. സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിന് വിവിധ ഘട്ടങ്ങളാണ് ടെസ്റ്റുകള്‍ നടത്തുന്നത്. ഓരോ വകുപ്പും കൈമാറുന്ന ജീവനക്കാരുടെ പട്ടിക അനുസരിച്ച് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കോവിഡ് ടെസ്റ്റുകള്‍ പൂര്‍ത്തീകരിക്കുമെന്ന് കോവിഡ് പ്രോട്ടോകോള്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ. പ്രശോഭ് പറഞ്ഞു.

ലേലം ചെയ്ത് നല്‍കിയ കടകളില്‍ എല്ലാ കോവിഡ് നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. ഭക്തര്‍ക്കായി പുതുതായി ഒരു ചുക്കുവെള്ള കൗണ്ടര്‍ കൂടി ഒരുക്കുന്നതിന് വനം വകുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികളെടുക്കാന്‍ യോഗത്തില്‍ തീരുമാനമായി. ജീവനക്കാര്‍ താമസിക്കുന്ന മുറികള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കും.

ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദ്, ഫെസ്റ്റിവല്‍ കണ്‍ട്രോളര്‍ ബി.എസ്. ശ്രീകുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രശോഭ്, ദേവസ്വം അസിസ്റ്റന്റ് എന്‍ജിനീയര്‍ സുനില്‍കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സെല്‍വരാജ്,
കെഎസ്ഇബി എഇ ആര്‍. മിനുകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

error: Content is protected !!