Trending Now

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്സിന്‍റെ അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കും

 

 

കോന്നി വാര്‍ത്ത : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്സ് അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കും. പോപ്പുലര്‍ ഫിനാന്‍സ് കമ്പനിക്കെതിരെ റജിസ്റ്റര്‍ ചെയ്ത 1368 കേസുകള്‍ ഏറ്റെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാരാണ് ഹൈക്കോടതിയെ അറിയിച്ചത്. ഇതിനായി പ്രത്യേക സംഘത്തെ സി.ബി.ഐ. രൂപീകരിക്കും.

സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് നിരവധി നിക്ഷേപകര്‍ ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാന സര്‍ക്കാരും ഈ ആവശ്യത്തെ പിന്തുണച്ചു. ഇതിനിടെ കേസ് സി.ബി.ഐ. ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിരുന്നു. കേന്ദ്രത്തിന്റെ സമ്മതംകൂടി വന്നതോടെ കേസ് സി.ബി.ഐ. ഏറ്റെടുക്കുന്നതിന് മറ്റു തടസങ്ങളൊന്നുമില്ലാതായി.

നിക്ഷേപകരുടെ കേസ് പരിഗണിച്ച കോടതി തട്ടിപ്പില്‍ നിക്ഷേപകര്‍ക്ക് അനുകൂലമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസ് സി.ബി.ഐ. ഏറ്റെടുത്താല്‍ മുമ്പ് ഇത്തരം സാമ്പത്തിക തട്ടിപ്പ് കേസുകള്‍ അന്വേഷിച്ച് പരിചയമുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയി ഡാനിയേല്‍, ഭാര്യ പ്രഭ തോമസ് എന്നിവരും മക്കളും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുമായ റിനു മറിയം റേബ മേരി, റിയ ആന്‍ എന്നിവരുമാണ് കേസിലെ പ്രധാന പ്രതികള്‍. പത്തനംതിട്ട എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകള്‍ ഇനി സി.ബി.ഐക്ക് കൈമാറും.

കേസ് സി.ബി.ഐക്ക് വിട്ട് കഴിഞ്ഞ സെപ്റ്റംബര്‍ 24ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നിക്ഷേപം വിദേശത്തേക്ക് കടത്തിയതായി സംസ്ഥാന പൊലീസ് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസ് സി.ബി.ഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്.

കേസ്സ് സി ബി ഐ ഏറ്റെടുക്കണം എന്നു ആവശ്യം ഉന്നയിച്ച് കോന്നി വകയാറിലെ പോപ്പുലര്‍ ആസ്ഥാനത്തിന് മുന്നില്‍ നിക്ഷേപകര്‍ നടത്തി വന്ന സമരം അവസാനിപ്പിക്കുന്നു