Trending Now

രണ്ട് ഇന്‍ സീരീസ് സ്മാര്‍ട്ട് ഫോണുകളുമായി മൈക്രോമാക്‌സ്

 

കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ് നിര്‍മാതാവായ മൈക്രോമാക്‌സ് ഇന്‍ഫോമാറ്റിക്‌സ് തങ്ങളുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ വിപണിയിലിറക്കി. മികച്ച ഫീച്ചറുകളോടെയുള്ള ഇന്‍ നോട്ട്1, ഇന്‍ 1ബി എന്നീ ഫോണുകളാണ് കമ്പനി പുറത്തിറക്കിയത്.

4 ജിബി + 64 ജിബി, 4ജിബി + 128ജിബി എന്നീ ശ്രേണികളില്‍ പച്ച, വെള്ള നിറങ്ങളിലുമാണ് ഇന്‍ നോട്ട് 1 വിപണിയിലെത്തിയിരിക്കുന്നത്. 2 ജിബി + 32 ജിബി/ 4 ജിബി+64 ജിബി എന്നീ ശ്രേണികളില്‍ പര്‍പ്പ്ള്‍, നീല, പച്ച എന്നീ നിറങ്ങളിലാണ് ഇന്‍ 1ബി ലഭ്യമാകുക. ഈ ഫോണുകളുടെ രജിസ്‌ട്രേഷന്‍ ഫ്‌ളിപ്പ്കാര്‍ട്ട്, micromaxinfo.com എന്നീ സൈറ്റുകളില്‍ ആരംഭിച്ചു. നവംബര്‍ 24-ന് ഇന്‍ നോട്ട് 1-ന്റെയും നവംബര്‍ 26-ന് ഇന്‍ 1ബി-യുടെയും വില്‍പന ഈ സൈറ്റുകളിലൂടെ ആരംഭിക്കും. തുടര്‍ന്ന് മറ്റ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും ഫോണുകള്‍ ലഭ്യമാകുമെന്ന് മൈക്രോമാക്‌സ് അധികൃതര്‍ അറിയിച്ചു.

മീഡിയാടെക് ഹീലിയോ ജി85 പ്രോസസ്സറും മീഡിയാടെക് ഹൈപ്പര്‍ എഞ്ചിന്‍ ഗെയിമിങ് ടെക്‌നോളജിയുമാണ് ഇന്‍ നോട്ട് 1-ന്റെ സവിശേഷത. 48എംപി എഐ ക്വാഡ് കാമറയും 16എംപി വൈഡ് ആംഗ്ള്‍ സെല്‍ഫി കാമറയും ഇതിന്റെ മാറ്റ് കൂട്ടുന്നു. അതേസമയം മീഡിയാടെക് ഹീലിയോ ജി35 ഗെയിമിങ് പ്രോസസ്സറും മീഡിയോടെക് ഹൈപ്പര്‍ എഞ്ചിന്‍ ഗെയിമിങ് ടെക്‌നോളജിയും അടങ്ങുന്നതാണ് ഇന്‍ 1ബി. 13 എംപി എഐ ഡ്യുയല്‍ കാമറയാണ് ഇതിലുള്ളത്. ഇന്‍ നോട്ട് 1 64 ജിബിക്ക് 10,999 രൂപയും 128 ജിബിക്ക് 12,499 യുമാണ് വില. ഇന്‍ 1ബി 32 ജിബിക്ക് 6,999 രൂപയും 64 ജിബിക്ക് 7,999 രൂപയുമാണ് വില.

പുതിയ ഫോണുകള്‍ വിപണിയിലിറക്കിയതിലൂടെ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പുത്തന്‍ യുഗത്തിന് തുടക്കംകുറിച്ചിരിക്കുകയാണെന്ന് മൈക്രോമാക്‌സ് ഇന്ത്യ സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി ഡിസൈനിലും സാങ്കേതികവിദ്യയിലും ഉയര്‍ന്ന നിലവാരം കൊണ്ടുവരുന്നതിനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.