പോപ്പുലര്‍ തട്ടിപ്പ് കേസില്‍ കുറ്റപത്രം വൈകി; പ്രതികള്‍ക്ക് ജാമ്യാപേക്ഷയുമായി വിചാരണക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം
കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കും .പോലീസ് അനാസ്ഥയെ തുടര്‍ന്നു കേസ്സില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചില്ല . പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ ജാമ്യാപേക്ഷയുമായി പത്തനംതിട്ട വിചാരണക്കോടതിയെ സമീപിക്കാന്‍ പ്രതികള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി . 60 ദിവസം കഴിഞ്ഞിട്ടുംപോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
കേസില്‍ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. പ്രതികളായ റോയ് ഡാനിയേല്‍, ഭാര്യ പ്രഭ, മകള്‍ റിബ, റിയ എന്നിവരാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.
കേസ് പരിഗണിച്ച കോടതി കുറ്റപത്രം സമര്‍പ്പിച്ചോ എന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞു. കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നാണ് അഭിഭാഷകന്‍ പ്രതികരിച്ചത് . തുടര്‍ന്ന് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കിയ ഹൈക്കോടതി പ്രതികളോട് വിചാരണാ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു.
ഏഴു വര്‍ഷംവരെ തടവു ലഭിക്കാവുന്ന ഗുരുതരമല്ലാത്ത ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ട്. ഇന്നലെയായിരുന്നു പ്രതികള്‍ അറസ്റ്റിലായി 60 ദിവസം പൂര്‍ത്തിയായത്.
ആദ്യ കേസില്‍ ജാമ്യം ലഭിക്കുമെങ്കിലും മറ്റൊരു കേസ്സ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു ഈ കേസ്സില്‍ പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തേക്കും .