കോന്നി വാര്‍ത്ത : ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന മിഷന്‍ സുനന്ദിനി പദ്ധതിക്ക് തുടക്കമായി. പശുക്കള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയാണിത്. ഇതുവഴി ക്ഷീരകര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പാദനച്ചെലവ് ഗണ്യമായി കുറയ്ക്കുന്നതിനും അതിലൂടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും സാദ്ധ്യമാകും. ബ്ലോക്ക് പരിധിയില്‍ പാല്‍ ഉത്്പാദനം വര്‍ധിപ്പിക്കുന്നതിനും നല്ല ആരോഗ്യമുള്ള കന്നുകുട്ടികളെ വളര്‍ത്തിയെടുക്കുന്നതിനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കാലിത്തീറ്റയ്‌ക്കൊപ്പം ധാതുലവണ മിശ്രിതവും സബ്‌സിഡി നിരക്കില്‍ നല്‍കും. ആദ്യഘട്ടം എന്ന നിലയ്ക്ക് ബ്ലോക്ക് പരിധിയിലെ 210 പശുക്കളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം കുഴിക്കാല മൃഗാശുപത്രി ഹാളില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം നിര്‍വഹിച്ചു. മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത വിക്രമന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റ്
ജെസി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.ബി.സത്യന്‍,സാലി തോമസ്,
മല്ലപ്പുഴശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജിജു ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ശാലിനി അനില്‍കുമാര്‍, ബെന്നി കുഴിക്കാല, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഉമ്മന്‍ പി. രാജ്, പത്തനംതിട്ട പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം ഫീല്‍ഡ് ഓഫീസര്‍ എം. രമേശ്, മൃഗാശുപത്രി കുഴിക്കാല വെറ്ററിനറി സര്‍ജന്‍ ഡോ.പി.സി.ദിവ്യ എന്നിവര്‍ പ്രസംഗിച്ചു.