Trending Now

പ്രളയ നാശനഷ്ടം: നാല് പട്ടികജാതി കോളനികളുടെ പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്നു

 

കോന്നി വാര്‍ത്ത : പ്രളയത്തില്‍ക്കെടുതി അനുഭവിച്ച ജില്ലയിലെ നാലു പട്ടികജാതി കോളനികളുടെ പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്നു. പ്രളയക്കെടുതിമൂലം നാശനഷ്ടം സംഭവിച്ചിട്ടുള്ളതും മുപ്പതോ അതിലധികമോ പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്നതുമായ കോളനികളുടെ പുനര്‍നിര്‍മ്മാണമാണു നടക്കുന്നത്.
പ്രളയക്കെടുതിമൂലം ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്താണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത്. ആകെ എസ്റ്റിമേറ്റ് തുകയ്ക്കു പരിധിയില്ലെങ്കിലും എസ്റ്റിമേറ്റ് ഒരു കോടി രൂപയില്‍ കൂടുന്നപക്ഷം ഭവന പുനരുദ്ധാരണം അത്യാവശ്യ വീടുകള്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ജില്ലാ നിര്‍മ്മിതി കേന്ദ്രമാണു നിര്‍വഹണ ഏജന്‍സി.
ആറന്മുള ഗ്രാമപഞ്ചായത്തിലെ പേരങ്ങാട്ട്‌മെയ്ക്കുന്ന്, തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ മുട്ടം കോളനി, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ പന്നിവേലിച്ചിറ, തിരുവല്ല നഗരസഭയിലെ അടുമ്പട എന്നീ പട്ടികജാതി കോളനികളിലാണു പുനര്‍നിര്‍മ്മാണം നടക്കുന്നത്. പേരങ്ങാട്ട്‌മെയ്ക്കുന്ന് കോളനിക്ക് 82,16,794 രൂപ, മുട്ടം കോളനി 89,86,523 രൂപ, പന്നിവേലിച്ചിറ കോളനി 76,20,788 രൂപ, അടുമ്പട കോളനിക്ക് 98,53,794 രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.
പ്രളയ ബാധിത കോളനികളിലെ ആവശ്യങ്ങളുടെ അടിസ്ഥാനത്തിലാണു നിര്‍മ്മാണം. കോളനികളിലെ വീട് റിപ്പയറിംഗ്, ശൗചാലയങ്ങളുടെ റിപ്പയര്‍, പുതിയ ശൗചാലയ നിര്‍മ്മാണം, കുടിവെള്ള കിണര്‍ റിപ്പയര്‍, പുതിയ കിണര്‍ നിര്‍മ്മാണം, പൊതുകിണര്‍ റിപ്പയര്‍, കുടിവെള്ള പദ്ധതിയുടെ പുനര്‍നിര്‍മ്മാണം/ പുതിയ നിര്‍മ്മിതി, വൈദ്യുതീകരണ പ്രവൃത്തികളുടെ റിപ്പയര്‍, റോഡ്/ഫുട്പാത്ത് പുനര്‍നിര്‍മ്മാണം, കാന റിപ്പയര്‍/നിര്‍മ്മാണം എന്നീ പ്രവര്‍ത്തികളാണു നടക്കുന്നത്.
ആറന്മുള നിയോജക മണ്ഡലത്തിലെ പേരങ്ങാട് മെയ്ക്കുന്ന് പട്ടിക ജാതി കോളനിയില്‍ 35 വീടുകളുടെ നിര്‍മ്മാണത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്. 27 കിണര്‍ മെയിന്റനന്‍സിന് തുക നീക്കിവച്ചിട്ടുണ്ട്. 43 ടോയ്‌ലറ്റ് മെയിന്റെനന്‍സിനുള്ള തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോളനിയിലെ റോഡിന്റെ ഭിത്തി കെട്ടുന്നതിനും, സംരക്ഷണ ഭിത്തികെട്ടുന്നതിനും, റോഡ് പുനര്‍നിര്‍മ്മാണത്തിനും കോണ്‍ക്രീറ്റിംഗിനും തുക അനുവദിച്ചിട്ടുണ്ട്. പേരങ്ങാട് മെയ്ക്കുന്ന് പട്ടിക ജാതി കോളനിയില്‍ 60 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ പൂര്‍ത്തീകരിച്ചു. ബാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
പന്നിവേലിച്ചിറ പട്ടികജാതി കോളനിയില്‍ നടപാത നവീകരണം, വീട് നവീകരണം, ടോയ്‌ലറ്റ് നവീകരണം, കിണര്‍ നവീകരണം എന്നിവയ്ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. പന്നിവേലിച്ചിറ പട്ടികജാതി കോളനിയില്‍ 50 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.
അടൂര്‍ നിയോജകമണ്ഡലത്തിലെ മുട്ടം സെറ്റില്‍മെന്റ് കോളനി വീടുപുനരുദ്ധാരണത്തിനും ടോയ്‌ലറ്റ് പുനരുദ്ധാരണത്തിനും, കിണര്‍ നവീകരണം, സംരക്ഷണഭിത്തി, റോഡ് പുനരുദ്ധാരണത്തിനുമാണ് തുക അനുവദിച്ചിരിക്കുന്നത്. മുട്ടം സെറ്റില്‍മെന്റ് കോളനിയിലെ 85 ശതമാനം പ്രവൃത്തികളും പൂര്‍ത്തീകരിച്ചു. ബാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കും.
തിരുവല്ല നിയോജക മണ്ഡലത്തിലെ അടുംബട പട്ടിക ജാതി കോളനിയില്‍ 25 വീടുകളുടെ നിര്‍മ്മാണം, ടോയ്‌ലറ്റ് മെയിന്റനെന്‍സ്, കിണര്‍ നവീകരണം, റോഡ് റിപ്പയറിനും, കോണ്‍ക്രീറ്റിംഗിനും, സംരക്ഷണ ഭിത്തിക്കും, ഭൂമി നികത്തിലിനും തുക അനുവദിച്ചു. അടുംബട പട്ടിക ജാതി കോളനിയിലെ റോഡ് കോണ്‍ക്രീറ്റിംഗ്, മെയിന്റനന്‍സ് എന്നിവ പൂര്‍ത്തീകരിച്ചു. കോളനിയിലെ 18 ഭവന പുനരുദ്ധാരണം പൂര്‍ത്തിയായി. കോളനികളിലെ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ചു വരുന്നു. ഈ വര്‍ഷം ഡിസംബറോടെ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു കണക്കാക്കിയിരിക്കുന്നത്.