പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ (30/11/2022)

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമം:
പരാതി പരിഹാര അദാലത്ത്  (ഡിസംബര്‍ 1)

ജില്ലാ സാമൂഹിക നീതി  ഓഫീസിന്റെയും അടൂര്‍ മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും ആഭിമുഖ്യത്തില്‍ അടൂര്‍ റവന്യൂ ഡിവിഷന്‍ ഓഫീസില്‍  (ഡിസംബര്‍ 1) രാവിലെ ഒന്‍പത് മുതല്‍ പരാതി പരിഹാര അദാലത്ത് നടത്തും. കുടുംബങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും അവഗണന നേരിടുന്ന വൃദ്ധജനങ്ങള്‍ക്ക് മാതാപിതാക്കളുടെയും, മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള 2007ലെ നിയമപ്രകാരമാണ് പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്.

 

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി അധ്യക്ഷത വഹിക്കും.

തന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് വീടും വസ്തുവും ഇഷ്ടദാനം നല്‍കിയ മണ്ണടി ചൂരക്കാട്ടില്‍ വീട്ടില്‍ ചന്ദ്രമതിയമ്മയെ(77) ചടങ്ങില്‍ ആദരിക്കും.

ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസറുടെ ചുമതല വഹിക്കുന്ന എസ്. ഷംല ബീഗം, അടൂര്‍ റോട്ടറി ക്ലബ് പ്രസിഡന്റ് ആര്‍. സതീഷ്, മഹാത്മ ജനസേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും.
മുതിര്‍ന്ന പൗരന്മാര്‍ക്ക് സഹായത്തിനായി 14567 എന്ന ദേശീയ ഹെല്‍പ്പ്ലൈന്‍ ടോള്‍ഫ്രീ നമ്പര്‍ മുഖേന ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: അടൂര്‍ ആര്‍ടിഒ ഓഫീസ് – 04734- 224827, ജില്ലാ സാമൂഹ്യനീതി ഓഫീസ് – 0468- 2325168.

തീവ്രയജ്ഞ പരിപാടിയിലൂടെ ഈ വര്‍ഷത്തെ പദ്ധതികള്‍
പൂര്‍ത്തീകരിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

തീവ്രയജ്ഞ പരിപാടിയിലൂടെ ഈ വര്‍ഷത്തെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.

പദ്ധതി വിനിയോഗത്തില്‍ ജില്ല പിന്നിലാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സമ്പൂര്‍ണ ശുചിത്വ പദ്ധതി വിജയിപ്പിക്കുന്നതില്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വകുപ്പുകളും സജീവമായി ഇടപെടണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പുളിക്കീഴ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റ ചട്ടം നിലവിലുണ്ടായിരുന്ന സാഹചര്യത്തില്‍ പദ്ധതി പരിഷ്‌കരണം നടത്താന്‍ കഴിയാതിരുന്ന ഏഴു തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എട്ട് തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതികളാണ് ജില്ലാ ആസൂത്രണ സമിതി പ്രധാനമായും ചര്‍ച്ച ചെയ്ത് അംഗീകരിച്ചത്. ജില്ലാ പഞ്ചായത്തിന്റെയും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും നിരണം, കടപ്ര, കുറ്റൂര്‍, നെടുമ്പ്രം, പെരിങ്ങര, നാരങ്ങാനം തുടങ്ങിയ ഗ്രാമപഞ്ചായത്തുകളുടെയും വാര്‍ഷിക പദ്ധതി ഭേദഗതി പ്രോജക്ടുകള്‍ക്കാണ് അംഗീകാരം നല്‍കിയത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജൈവ അധിനിവേശം- പ്രവണതകളും, ആശങ്കകളും,
നിയന്ത്രണങ്ങളും – ദേശീയ സമ്മേളനം

സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെയും കേരള യൂണിവേഴ്സിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ കോവളം ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ ഡിസംബര്‍ മൂന്നിനും, നാലിനും ‘ജൈവ അധിനിവേശം- പ്രവണതകളും, ആശങ്കകളും, നിയന്ത്രണങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കി ദേശീയ സമ്മേളനം നടക്കും. വിഷയ സംബന്ധമായി പ്രത്യേകം ക്ഷണിക്കപ്പെട്ട പ്രസംഗങ്ങള്‍, വിദ്യാര്‍ഥികള്‍ക്കായുള്ള പ്രബന്ധ അവതരണം, പോസ്റ്റര്‍ അവതരണം എന്നിവ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി www.keralabiodiversity.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

കെട്ടിടനികുതി ക്യാമ്പ്
വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ ഡിസംബര്‍ ഒന്നു മുതല്‍ 19 വരെ രാവിലെ 10.30 മുതല്‍ വൈകിട്ട് നാലുവരെ വാര്‍ഡുതലത്തില്‍ കെട്ടിടനികുതി സ്വീകരിക്കുന്നതിന് ക്യാമ്പ് സംഘടിപ്പിക്കുന്നു. തീയതി-വാര്‍ഡ്-സ്ഥലം എന്ന ക്രമത്തില്‍:
ഒന്ന്-ഒന്ന്-എം.സി.എല്‍.പി.എസ് ഭുവനേശ്വരം, രണ്ട്-രണ്ട്-വള്ളത്തോള്‍ വായനശാല, മൂന്ന്- മൂന്ന്- ഗവ. എല്‍.പി.എസ് കൈപ്പട്ടൂര്‍, അഞ്ച്-നാല്- 90-ാം നമ്പര്‍ അംഗന്‍വാടി മായാലില്‍, ആറ്- അഞ്ച് -ഗ്രാമപഞ്ചായത്ത് ഓഫീസ്, ഏഴ് – ആറ് – പുതുപ്പറമ്പില്‍ റേഷന്‍കട, എട്ട്- ഏഴ് – കമ്മ്യൂണിറ്റി ഹാള്‍ വാഴമുട്ടം ഈസ്റ്റ്, ഒന്‍പത് – എട്ട് – സര്‍വീസ് സഹകരണ ബാങ്ക് (കിടങ്ങേത്ത് ജംഗ്ഷന്‍), 12-ഒന്‍പത് – സാംസ്‌കാരിക നിലയം ഞക്കുനിലം, 13- 10 – വായനശാല വള്ളിക്കോട്, 14-11 – വിളയില്‍പ്പടി വെള്ളപ്പാറ,15- 12 -റേഷന്‍കട കുടമുക്ക്, 16- 13 – റേഷന്‍കട തെക്കേകുരിശ് കൈപ്പട്ടൂര്‍, 17-14 – സി.വി. സ്മാരക ഗ്രന്ഥശാല നരിയാപുരം,19-15 -എസ്.എന്‍.ഡി.പി മന്ദിരം നരിയാപുരം

ഗുണഭോക്തൃ സംഗമം നടത്തി
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട വീട് വാസയോഗ്യമാക്കല്‍ ജനറല്‍/എസ് സി പ്രോജക്ടിന്റെ ഗുണഭോക്തൃ സംഗമത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു.

 

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാം വാഴോട്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ലിജ മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, മെമ്പറുമാരായ മിനി മനോഹരന്‍, ലക്ഷ്മി ജി നായര്‍, അനൂപ് വേങ്ങവിള, ജീന ഷിബു, അരുണ്‍ രാജ്, ലത, പ്രകാശ്, വിദ്യാ ഹരികുമാര്‍, കാഞ്ചന, സതീഷ് കുമാര്‍, വി.ഇ.ഒ രജനി തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി ജനറല്‍ വിഭാഗത്തില്‍ ഒരു വാര്‍ഡില്‍ ആറ് പേര്‍ക്കും എസ്.സി വിഭാഗത്തില്‍ രണ്ടുപേര്‍ക്കും ഭവന പുനരുദ്ധാരണത്തിന് ധനസഹായം ലഭിക്കും.

അങ്കണവാടി ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള കോയിപ്രം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍മാരെ നിയമിക്കുന്നതിനായി 18നും 46നും ഇടയില്‍ പ്രായമുള്ള ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാര്‍ഥികള്‍ എഴുത്തും വായനയും അറിയുന്നവരായിരിക്കണം. എസ്.എസ്.എല്‍.സി പാസായവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോറത്തിന്റെ മാതൃക കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിലും, കോയിപ്രം ഗ്രാമപഞ്ചായത്ത് ഓഫീസിലും അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ശിശുവികസന പദ്ധതി ഓഫീസര്‍, ശിശുവികസനപദ്ധതി ഓഫീസ്, പുല്ലാട് പി.ഒ, കോയിപ്രം എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15.  ഫോണ്‍: 0469 2 997 331.

 

ലോക എയ്ഡ്സ് ദിനാചരണം:
ജില്ലാതല ഉദ്ഘാടനം  (ഡിംസംബര്‍ 1)

ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം  (ഡിംസംബര്‍ 1) രാവിലെ 10ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കും. ഒന്നായി തുല്യരായി തടുത്തു നിര്‍ത്താം എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്സ് ദിന സന്ദേശം. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും.

കളക്ടറേറ്റില്‍ നിന്നും ആരംഭിച്ച് ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ സമാപിക്കുന്ന റാലി ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തിരുവല്ല സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി മുഖ്യാതിഥിയാവും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് റെഡ് റിബണ്‍ അണിയിക്കലും നിര്‍വഹിക്കും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍  പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജെറി അലക്‌സ്, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. രചന ചിദംബരം, സി.എസ്. നന്ദിനി തുടങ്ങിയവര്‍ പങ്കെടുക്കും.
എയ്ഡ്സ് ദിനാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നവംബര്‍ 30 ന് വൈകുന്നേരം 5.30ന് പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന ദീപം തെളിയിക്കല്‍ ചടങ്ങ് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്യും.

ദിനാചരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സെമിനാറുകള്‍, രക്തദാന ക്യാമ്പുകള്‍, റെഡ് റിബണ്‍ ധരിക്കല്‍, എക്സിബിഷന്‍, സ്‌കിറ്റുകള്‍, ദീപം തെളിയിക്കല്‍, ക്വിസ് മത്സരം തുടങ്ങിയവയും സംഘടിപ്പിക്കും. ജില്ലാതല പരിപാടിയോട് അനുബന്ധിച്ച് എയ്ഡ്സ് ബോധവല്‍ക്കരണ കാക്കാരശി നാടകം പത്തനംതിട്ട മുദ്ര സ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ് അവതരിപ്പിക്കും.

സൗജന്യ കൂണ്‍ കൃഷി പരിശീലനം  
പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 10 ദിവസത്തെ സൗജന്യ കൂണ്‍ കൃഷി പരിശീലനം  ആരംഭിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0468 2 270 243, 8330 010 232

മാംസാധിഷ്ഠിത മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളില്‍ പ്രായോഗിക പരിശീലനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റും വ്യവസായ വാണിജ്യ വകുപ്പും ആവിഷ്‌കരിച്ച അഗ്രോ  ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ്പിന്റെ ഭാഗമായി സംരംഭകന്‍/സംരംഭക ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാംസാധിഷ്ഠിത മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളില്‍ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. ചെറുകിട സംരഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന മാംസാധിഷ്ഠിത മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളില്‍ പ്രായോഗിക പരിശീലനം, സംരംഭകന്‍ അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങള്‍, ബാങ്കില്‍ നിന്ന് ലഭിക്കുന്ന  സമ്പത്തിക സഹായങ്ങള്‍, വിജയിച്ച സംരംഭകന്റെ അനുഭവം  പങ്കിടല്‍  തുടങ്ങിയ  സെഷനുകള്‍ ആണ് പരിശീലനത്തില്‍  ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

കേരള വെറ്റിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയില്‍ ഡിസംബര്‍ 14 മുതല്‍ 21 വരെയാണ് പരിശീലനം. കോഴ്സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, ജിഎസ്ടി ഉള്‍പ്പെടെ 1,180 രൂപ ആണ് ഏഴ് ദിവസത്തെ പരിശീലന ഫീസ്. തിരഞ്ഞെടുത്തവര്‍ മാത്രം ഫീസ്  അടച്ചാല്‍ മതി. താത്പര്യമുള്ളവര്‍ കീഡിന്റെ വെബ്സൈറ്റ് ആയ www.kied.info ല്‍ ഡിസംബര്‍ മൂന്നിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തിരെഞ്ഞെടുത്ത 20 പേര്‍ക്ക് പരിശീലനത്തില്‍  പങ്കെടുക്കാം.  ഫോണ്‍ : 0484 2 532 890, 2 550 322.

സായുധ സേനപതാക ദിനം
ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സായുധ സേനാ പതാക ദിനത്തിന്റെ ഭാഗമായുള്ള ജില്ലാതല പതാകദിനനിധി സമാഹരണത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ ഏഴിന് രാവിലെ 11 ന്  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിക്കും.  ജില്ലാ സൈനികക്ഷേമ ബോര്‍ഡ് വൈസ് പ്രസിഡന്റ് റിട്ട. ലഫ്റ്റനന്റ് കേണല്‍ വി.കെ മാത്യു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അസിസ്റ്റന്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ പി പി ജയപ്രകാശ്, സൈനിക ക്ഷേമ ഓഫീസിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.