Trending Now

കോന്നി താലൂക്ക് ആശുപത്രിയിൽ 2 വെന്‍റലേറ്റര്‍ എത്തിച്ചു

 

കോന്നി വാര്‍ത്ത :കോന്നി താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികൾ ഉടൻ തന്നെ നടപ്പിലാക്കാൻ ആരോഗ്യ വകുപ്പ് കോന്നി നിയോജക മണ്ഡലം തല അവലോകന യോഗത്തിൽ തീരുമാനമായി. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.
താലൂക്ക് ആശുപത്രിയുടെ ബെഡ് സ്ട്രെങ്ങ്ത് നൂറായി ഉയർത്തി അനുമതി വാങ്ങാൻ നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൻ്റെ എണ്ണത്തിലുള്ള 30 കിടക്കകൾ മാത്രമേ നിലവിലുള്ളു. അടിയന്തിരമായി ഇത് 50 ആയും, തുടർന്ന് 100 ആയും ഉയർത്തുന്നതു സംബന്ധിച്ച നടപടി സ്വീകരിക്കാനാണ് തീരുമാനമായത്.
കിടക്കകളുടെ എണ്ണം കൂട്ടുന്നതു സംബന്ധിച്ച് തീരുമാനമാകുമ്പോൾ കൂടുതൽ തസ്തികകൾ അനുവദിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു.

പത്ത് കോടി രൂപയുടെ വികസന പദ്ധതികൾ താലൂക്ക് ആശുപത്രിയിൽ നടപ്പിലാക്കുമെന്നും എം.എൽ.എ യോഗത്തെ അറിയിച്ചു.നിലവിലുള്ള കാഷ്വാലിറ്റി കെട്ടിടത്തിനു മുകളിലായി 5നില കെട്ടിടം കൂടി നിർമ്മിക്കും.ഇതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായതായി പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തെ അറിയിച്ചു.നിർമ്മാണ ഉദ്ഘാടനം ആരോഗ്യ മന്ത്രിയുടെ തീയതി ലഭിക്കുന്നതനുസരിച്ച് നിശ്ചയിക്കാനും തീരുമാനിച്ചു.

വെൻ്റിലേറ്റർ സൗകര്യത്തോടെയുള്ള ഐ.സി.യു ആശുപത്രിയിൽ സജ്ജീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ഇതിനായി എം.എൽ.എ ഫണ്ടിൽ നിന്നും 3231161 രൂപ വെൻ്റിലേറ്ററിനും, അനുബന്ധ സൗകര്യങ്ങൾക്കുമായി അനുവദിച്ചിരുന്നു. പദ്ധതി നടപ്പിലാക്കാനായി ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു.
2 വെൻ്റിലേറ്റർ വാങ്ങി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

ഐ.സി.യു ആരംഭിക്കുന്നതിനുള്ള ബഡ്ഡും അനുബന്ധ സൗകര്യങ്ങളും എൻ.എച്ച്.എം ൽ നിന്നും അനുവദിക്കുമെന്ന് എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ യോഗത്തെ അറിയിച്ചു.
എം.എൽ.എ ഫണ്ടിൽ നിന്നും വെൻ്റിലേറ്റർ കൂടാതെ സ്റ്റാൻ്റോടുകൂടിയ 25 ഓക്സിജൻ സിലണ്ടർ, അൻപത് വീൽചെയർ ,5000 ത്രീ ലെയർ മാസ്ക്, പി.പി.ഇ കിറ്റ്, എൻ 95 മാസ്ക്, സാനിറ്റൈസർ തുടങ്ങിയവയും വാങ്ങി നല്കും.
താലൂക്ക് ആശുപത്രിയിൽ ലേബർ റൂം നിർമ്മിക്കുന്നതു സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. ഇതിനുള്ള സൗകര്യം എൻ.എച്ച്.എം ഫണ്ടിൽ നിന്നും ഏർപ്പെടുത്തണമെന്ന് എം.എൽ.എ നിർദ്ദേശിച്ചു. അടിയന്തിരമായി എസ്റ്റിമേറ്റ് തയ്യാറാക്കുമെന്ന് എൻ.എച്ച്.എം.ജില്ലാ പ്രോഗ്രാം മാനേജർ യോഗത്തിൽ പറഞ്ഞു.

ഡയാലിസിസ് സൗകര്യവും താലൂക്ക് ആശുപത്രിയിൽ ഉടൻ ഏർപ്പെടുത്തുമെന്ന് എം.എൽ.എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച കെട്ടിടത്തിൽ ഡയാലിസിസ് സെൻ്ററിനുള്ള സൗകര്യമുള്ളതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.
വിവിധ പദ്ധതികൾ നടപ്പിലാക്കാനായി താലൂക്ക് ആശുപത്രിയിൽ എം.എൽ.എയുടെ നേതൃത്വത്തിൽ ഉടൻ യോഗം ചേരും.മെഡിക്കൽ കോളേജിനൊപ്പം താലൂക്ക് ആശുപത്രിയേയും ഉന്നത നിലവാരത്തിൽ ഉയർത്തിക്കൊണ്ടുവരുമെന്നും എം.എൽ.എ പറഞ്ഞു.

യോഗത്തിൽ ഡി.എം.ഒ ഡോ: സി.എസ്.നന്ദിനി, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സി.എഞ്ചിനീയർ സി.കെ.ഹരീഷ് കുമാർ, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ: എബി സുഷൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ: എം.റ്റി.സിമി, ആർ.എം.ഒ ഇൻ ചാർജ് ഡോ: അജയ് ഏബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!