കോന്നി വാര്‍ത്ത : അഞ്ചു വർഷങ്ങൾക്ക്മുന്പ് ഉന്നത നിലവാരത്തിൽ പുനർനിർമിച്ച കോന്നി- ചന്ദനപ്പള്ളി റോഡിൽ തകർച്ചയുടെ പേരിൽ അശാസ്ത്രീയ പൂട്ടുകട്ട പാകൽ. 12 കിലോമീറ്റർ റോഡിൽ ഏതാണ്ട് നാലു കിലോമീറ്ററും പൊതുമരാമത്ത് വകുപ്പ് പുട്ടുകട്ടകൾ പാകിക്കഴിഞ്ഞു. പ്രമാടം രാജീവ്ഗാഡി ഇൻഡോർ സ്റ്റേഡിയത്തിനു സമീപം വെളളക്കെട്ട് ഒഴിവാക്കാനായി പൂട്ടുകട്ടകൾ പാകുന്ന ജോലിയാണ് ഇന്നലെ തുടങ്ങിയിരിക്കുന്നത്. കിലോമീറ്ററിന് ഒരു കോടി രൂപ നിരക്കിൽ പുനർനിർമിച്ച റോഡ് കുത്തിപ്പൊളിച്ചാണ് കട്ടകൾ പാകുന്നത്.
വെള്ളമൊഴുക്ക് തടസപ്പെട്ട ഭാഗങ്ങളിലാണ് അശാസ്ത്രീയമായ പൂട്ടുകട്ട പാകൽ. വെള്ളമൊഴുക്കുള്ള ഭാഗങ്ങളിൽ പൂട്ടുകട്ട പാകുന്നത് അശാസ്ത്രീയമാണെന്ന് പൊതുമരാമത്ത് എൻജിനീയറിംഗ് വിഭാഗം നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. പകരം കലുങ്കുകളും ഓടകളും നിർമിക്കുകയാണ് വേണ്ടത്.
പുനർനിർമാണത്തിന് ദീർഘകാല കരാറുള്ള റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ യാത്രക്കാർക്കും ബുദ്ധിമുട്ടായി. പൂട്ടുകട്ടയിൽ തെന്നി ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപെടുന്നതും നിത്യസംഭവമായി. ടിപ്പറുകളും ടോറസുകളും അടക്കം ഭാരംകൂടിയ വാഹനങ്ങൾ പായുന്ന റോഡിൽ പാകുന്ന പൂട്ടുകട്ടകൾ ഇളകിക്കിടക്കുന്നതും അപകടങ്ങൾക്ക് കാരണമാകും. റോഡിന്റെ നവീകരണത്തിന് കെ.യു. ജനീഷ്കുമാർ എംഎൽഎ 13 കോടി രൂപ അനുവദിച്ചിരുന്നു. ഇത് വിനിയോഗിക്കുന്നതിനുമുന്പായി ഉപകരാർ നൽകിയാണ് കട്ടപാകലെന്ന് ആക്ഷേപം ഉയർന്നു.