പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന അറിയിപ്പുകള്‍ ( 05/02/2022 )

 

 

കോവിഡ് പ്രതിരോധം: പത്തനംതിട്ട ജില്ല ബി കാറ്റഗറിയില്‍

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. ബി കാറ്റഗറിക്ക് ബാധകമായ നിയന്ത്രണങ്ങള്‍: രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മതപരമായ, സാമുദായിക, പൊതുപരിപാടികള്‍ ഉള്‍പ്പെടെ യാതൊരുവിധ കൂടിചേരലുകളും അനുവദിക്കുന്നതല്ല. വിവാഹം, മരണാന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കുകയുളളൂ. 2022 ജനുവരി 23, 30 തീയതികളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ 2022 ഫെബ്രുവരി 06 ഞായറാഴ്ചയും തുടരുന്നതാണ്. അനുമതി നല്‍കിയിട്ടുള്ള അവശ്യസര്‍വീസുകള്‍ക്ക് 2022 ഫെബ്രുവരി 06 ഞായറാഴ്ച്ച പ്രവര്‍ത്തിക്കാവുന്നതാണ്. ആരാധനാലയങ്ങളില്‍ പരമാവധി 20 പേരെ മാത്രം ഉള്‍പ്പെടുത്തി 2022 ഫെബ്രുവരി 06 ഞായറാഴ്ച്ച ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ ആരാധന നടത്താവുന്നതാണ്.

പൊതുമാര്‍ഗനിര്‍ദേശങ്ങള്‍: സര്‍ക്കാര്‍/ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രണ്ടു വയസിന് താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍, ക്യാന്‍സര്‍ രോഗികള്‍, തീവ്രരോഗ ബാധിതര്‍ എന്നിവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാന്‍ സര്‍ക്കാര്‍ ഡോക്ടറുടെ (അലോപ്പതി) സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കാവുന്നതാണ്. മാളുകള്‍, കല്യാണഹാളുകള്‍, തീം പാര്‍ക്കുകള്‍, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സാനിറ്റൈസര്‍ ഉപയോഗം, സാമൂഹിക അകലം ഉള്‍പ്പടെയുള്ള എല്ലാ കോവിഡ് 19 മാനദണ്ഡങ്ങളും പാലിക്കുന്നുവെന്നുള്ള കാര്യം ഉറപ്പാക്കുന്നത് സ്ഥാപന ഉടമയുടെ ഉത്തരവാദിത്തമായിരിക്കും. ഫെബ്രുവരി 7 മുതല്‍ ജില്ലയിലെ പത്ത്,പതിനൊന്ന്,പന്ത്രണ്ട് ക്ലാസുകള്‍, ബിരുദ-ബിരുദാനന്തര ക്ലാസുകള്‍, ട്യൂഷന്‍ ക്ലാസുകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഫ്‌ലൈനായി പ്രവര്‍ത്തിക്കാം. ഫെബ്രുവരി 14 മുതല്‍ എല്ലാ ജില്ലകളിലും 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍, ക്രഷുകള്‍, കിന്റര്‍ ഗാര്‍ട്ടന്‍,തുടങ്ങിയവക്കും ഓഫ്‌ലൈനായി പ്രവര്‍ത്തിക്കാം.

 

 

പോക്‌സോ കേസില്‍ യുവാവ് പിടിയില്‍

 

സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിക്ക് അശ്ലീല ഫോട്ടോകളും വീഡിയോകളും അയച്ച യുവാവ് പിടിയില്‍. ആറന്മുള പൊലീസ് പോക്‌സോ, ഐടി നിയമങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ നാരങ്ങാനം തൈപറമ്പില്‍ പ്രഭാത് നിവാസില്‍ പ്രഭാത്( 18) ആണ് അറസ്റ്റിലായത്. പൊലീസ് ഇന്‍സ്പെക്ടര്‍ ബി അയൂബ് ഖാന്‍, എസ്‌ഐമാരായ രാജീവ്,അനിരുദ്ധന്‍, എഎസ്‌ഐ നെപ്പോളിയന്‍, എസ്‌സിപിഒ സജീഫ് ഖാന്‍, സിപിഒ മുബാറക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

സ്ത്രീധനപീഡനത്തെ തുടര്‍ന്ന് യുവതിയുടെ മരണം;ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍

 

സ്ത്രീധനപീഡനത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍. ഭര്‍ത്താവ് വയല എംജി ഭവനം വീട്ടില്‍ ജിജി ജോയ് (31), പിതാവ് ജോയ് (63), മാതാവ് സാറാമ്മ (58) എന്നിവരാണ് അറസ്റ്റിലായത്. ജിജിയുടെ വീട്ടില്‍ ജനുവരി 31 ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ഭാര്യ അമ്മു(22)വിന്റെ മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. 2017 ലാണ് ഇരുവരുടെയും വിവാഹം. സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. അടൂര്‍ ഡി വൈഎസ്പി ആര്‍.ബിനുവിന്റെ നേതൃത്വത്തില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സുജിത്, എസ്‌ഐ സുരേഷ് ബാബു, സിപിഓമാരായ പുഷ്പദാസ്, കിരണ്‍കുമാര്‍, ശ്യാം എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷണം നടത്തിയത്.

ഓംബുഡ്‌സ്മാന് പരാതി നല്‍കാം

മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ജില്ലാ ഓംബുഡ്‌സ്മാന്‍ ഈ മാസം എട്ടിന് രാവിലെ 11 മുതല്‍ ഒന്നുവരെ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് പരാതി സ്വീകരിക്കും. തൊഴിലാളികള്‍ക്കും, ജനപ്രതിനിധികള്‍ക്കും, പൊതുജനങ്ങള്‍ക്കും, സംഘടനകള്‍ക്കും പരാതി സമര്‍പ്പിക്കാം.
ഫോണ്‍ 9447556949

നിരോധിച്ചിരിക്കുന്നു

പട്ടംന്തറ ഒറ്റത്തേക്ക് റോഡില്‍ ചേറ്റുവ പാലത്തിന് സമീപം കലുങ്കിന്റെ പണി പുരോഗമിക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുള്ള ഭാരം കയറ്റിയ വാഹനങ്ങളുടെയും വലിയ വാഹനങ്ങളുടെയും ഗതാഗതം നാളെ (7) നിരോധിച്ചിരിക്കുന്നു. കൊടുമണ്‍ ജംഗ്ഷനില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ടെലഫോണ്‍ എക്‌സേഞ്ചിന് സമീപത്ത് നിന്നും തിരിഞ്ഞ് കൊടുമണ്‍-വള്ളുവയല്‍-അങ്ങാടിക്കല്‍ റോഡ് വഴിയും ഒറ്റത്തേക്ക്, അങ്ങാടിക്കല്‍ വടക്ക് എന്നിവിടങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ എസ്എന്‍വിഎച്എസ് കുളത്തിനാല്‍ റോഡ് വഴിയും തിരിഞ്ഞു പോകണമെന്ന്് പിഡബ്ല്യൂഡി അസിസ്ന്റ് എഞ്ചിനിയര്‍ അറിയിച്ചു.

ഇന്റര്‍വ്യൂ മാറ്റിവച്ചു

ജില്ലയിലെ വിവിധ ഗവണ്‍മെന്റ് ആയുര്‍വേദ സ്ഥാപനങ്ങളില്‍ ഒഴിവുള്ള പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് ജില്ലാ എംപ്ലോയ്‌മെന്റ് മുഖേന നിയമനം നടത്തുന്നതിന് ഈ മാസം എട്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ കോവിഡ് സാഹചര്യത്തില്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഗതാഗത നിയന്ത്രണം

പന്തളം-ആറന്മുള റോഡില്‍ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ നാളെ (7) മുതല്‍ കുളനടയില്‍ നിന്നും ആറന്മുളയ്ക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ എംസി റോഡില്‍ കുളനട ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിനു സമീപമുള്ള കുളനട-ഉള്ളന്നൂര്‍ അമ്പലം റോഡ് വഴി പൈവഴി ജംഗ്ഷനിലെത്തി പോകേണ്ടതാണെന്ന് പിഡബ്ല്യൂഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

റീല്‍സുകള്‍ ക്ഷണിക്കുന്നു

കുടുംബശ്രീയുടെ നേത്യത്വത്തില്‍ നടത്തുന്ന സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള റീലുകള്‍ ക്ഷണിക്കുന്നു. തയ്യാറാക്കിയ റീലുകള്‍ ഈ മാസം 20ന് വൈകിട്ട് 5ന് മുമ്പായി വാട്‌സപ്പ് മുഖേനയോ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിലോ നേരിട്ട് എത്തിക്കണം. 100എംബി കവിയാത്ത ഒരു മിനിട്ട് ദൈര്‍ഘ്യം മാത്രമുള്ള റീലുകളാണ് മത്സരത്തില്‍ പരിഗണിക്കുന്നത്. ഫോണ്‍ 04734 250244, 04682221807

 

അടൂര്‍ ബൈപ്പാസിലെ അനധികൃത കൈയ്യേറ്റം :തീരുമാനം 15 ന് മുന്‍പെന്ന് ചിറ്റയം ഗോപകുമാര്‍

അടൂര്‍ ബൈപ്പാസിലെ നടപ്പാതയിലെ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് കെഎസ്ടിപി, അടൂര്‍ നഗരസഭ പോലീസ് എന്നിവരുടെ സംയുക്ത യോഗം ഈ മാസം പതിനഞ്ചിന് മുമ്പ് കൂടി തീരുമാനമെടുക്കേണ്ടതാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍.

അടൂര്‍ താലൂക്ക് വികസന സമിതിയുടെ ഫെബ്രുവരി മാസത്തെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടൂര്‍ താലൂക്ക് പരിധിയില്‍ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുന്നതിനായി വകുപ്പ് മന്ത്രിയുമായി നിശ്ചയിച്ചിട്ടുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പ്രശ്‌ന പരിഹാരം സാദ്ധ്യമാക്കുന്നതാണെന്നും ഏനാത്ത് ബെയ്‌ലി പാലം നിന്ന സ്ഥലത്ത് സമാന്തര പാലം വേണമെന്ന ആവശ്യത്തിനുമേല്‍ വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടൂര്‍ ടൗണിലെ പാലത്തിന്റെയും, വിവിധ റോഡുകളുടെയും പണി പൂര്‍ത്തി യാകുന്ന മുറയ്ക്ക് അടൂര്‍ ടൗണിലെയും പരിസരത്തെയും പാര്‍ക്കിംഗ് പ്രശ്‌നവും, ഗതാഗത കുരുക്കും ഒഴിവാകുന്നതാണ് എന്ന് അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി.സജി അറിയിച്ചു. അടൂര്‍ ഭാഗത്തെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനും ഓടകളുടെ പുന ക്രമീകരണം നടത്തുന്നതിനും, മൈനര്‍ ഇറിഗേഷന്‍, പൊതുമരാമത്ത് വകുപ്പ്, അടൂര്‍ നഗരസഭ ചെയര്‍മാന്‍, സെക്രട്ടറി കെആര്‍എഫ്ബി, റവന്യൂ എന്നീ വകുപ്പുകളുടെ സംയുക്ത യോഗം 15-ാം തീയതിക്ക് മുമ്പായി കൂടേണ്ടതാണ് എന്നും യോഗം തീരുമാനിച്ചു.

പെരുനാട് പഞ്ചായത്തിലെ വീടുകളില്‍ കുടിവെള്ളം എത്തിക്കുന്നതിന് 12.6 കോടി രൂപയുടെ പദ്ധതി

പെരുനാട് പഞ്ചായത്തിലെ വീടുകളില്‍ കുടിവെള്ളം എത്തിക്കുന്നതിന് ജെജെഎം സ്‌കീമില്‍ 12.6 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികളായതായി അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ 2838 വീടുകളില്‍ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് ഇതുവഴി നടപ്പാക്കുക.

ആവശ്യമുള്ള സ്ഥലങ്ങളില്‍ പൈപ്പ് ലൈനുകള്‍ നീട്ടി നല്‍കുകയും ചെയ്യും. ഇതോടൊപ്പം ജലവിഭവ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ പെരുനാട് – അത്തിക്കയം കുടിവെള്ള പദ്ധതിക്ക് ഒന്നാംഘട്ടത്തില്‍ അധികമായി വന്ന 3.3 കോടി രൂപ ഉപയോഗിച്ച് ശേഖര കിണര്‍, ട്രാന്‍സ്‌ഫോര്‍ എന്നിവ നിര്‍മിക്കുന്ന പദ്ധതികളും നടന്നു വരുന്നു. പെരുനാട് – അത്തിക്കയം പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്ന പദ്ധതിയാണ് പെരുനാട് – അത്തിക്കയം കുടിവെള്ള പദ്ധതി. പെരുനാട്ടില്‍ നിന്നും പമ്പ് ചെയ്യുന്ന വെള്ളം താലികരയിലെത്തിച്ച് അവിടുത്തെ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ വച്ച് ശുദ്ധീകരിച്ചശേഷമാണ് വിവിധ സ്ഥലങ്ങളിലേക്ക് വിതരണം ചെയ്യുന്നത്. മിനറല്‍ വാട്ടര്‍ നിലവാരത്തിലുള്ള കുടിവെള്ളം ആണ് ഇതുവഴി ജനങ്ങള്‍ക്ക് എത്തിച്ചു നല്‍കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടം കീഫ്ബിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയിരുന്നു. 3.31 കോടി രൂപ മുതല്‍ മുടക്കി രണ്ടാംഘട്ടത്തില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് മെയിന്‍ പൈപ്പുകള്‍ എന്നിവയെല്ലാം സ്ഥാപിച്ചിരുന്നു.

ജില്ലയില്‍ കോവിഡ് പ്രതിരോധത്തിനായി എന്‍എസ്എസ് വോളണ്ടിയര്‍മാരും

ജില്ലയില്‍ കോവിഡ് പ്രതിരോധ ബോധവല്‍ക്കരണ പരിപാടികളില്‍ സജീവമാകാന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാരും മുന്നോട്ടുവരുന്നു. ഇതിനായി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസുമായി ചേര്‍ന്നു ”തുടരണം ജാഗ്രത” എന്ന ക്യാമ്പിന് തുടക്കം കുറിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതാകുമാരി ഉദ്ഘാടനം ചെയ്തു

ക്യാമ്പയിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ എക്‌സിബിഷന്‍, സോഷ്യല്‍ മീഡിയ ഇടപെടലുകള്‍, കുട്ടികള്‍ക്കായി സ്‌ക്രോള്‍, വീഡിയോ നിര്‍മ്മാണ മത്സരങ്ങള്‍, രോഗികളുമായി ആശയവിനിമയം, പ്രമുഖ വ്യക്തികളുടെ വീഡിയോ സന്ദേശങ്ങള്‍ തയ്യാറാക്കി പ്രചരിപ്പിക്കല്‍, വെബിനാര്‍ സീരീസ് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടപ്പിലാക്കും.
നാഷണല്‍ സര്‍വീസ് സ്‌കീം ദക്ഷിണമേഖലാ പ്രോഗ്രാം കണ്‍വീനര്‍ പി ബിനു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റേറ്റ് കോഡിനേറ്റര്‍ ഡോക്ടര്‍ ജേക്കബ് ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോര്‍ഡിനേറ്റര്‍ വി എസ് ഹരികുമാര്‍ പദ്ധതി വിശദീകരണം നടത്തി. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോക്ടര്‍ സി.എസ് നന്ദിനി, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എ. സുനില്‍കുമാര്‍, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ വി ആര്‍ ശൈലാഭായ്, എന്‍എസ്എസ് തിരുവല്ല ആര്‍പിസി ആര്‍.മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

എംഎല്‍എയുടെയും കളക്ടറുടെയും നേതൃത്വത്തില്‍ പരിശോധന നടത്തി;റെയില്‍വേ അടിപ്പാതകളിലെ വെള്ളക്കെട്ടിന് പരിഹാരം കാണും

മഴക്കാലത്ത് അപകടകരമായ രീതിയില്‍ വെള്ളക്കെട്ട് രൂപപ്പെടുന്ന തിരുമൂലപുരം- കറ്റോട് റോഡിലെ റെയില്‍വേ അടിപ്പാത, കുറ്റൂര്‍ – മനയ്ക്കച്ചിറ റോഡിലെ അടിപ്പാത എന്നിവിടങ്ങളിലെ പ്രശ്‌നം പരിഹരിക്കുന്നതിന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എയുടെയും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെയും നേതൃത്വത്തില്‍ പരിശോധന നടത്തി. പൊതുമരാമത്ത്, റെയില്‍വേ, ഇറിഗേഷന്‍ എന്നീ വകുപ്പുകള്‍ സംയുക്ത യോഗം ചേര്‍ന്ന് പ്രശ്‌നം പരിഹാരിക്കുന്നതിന്് നടപടി സ്വീകരിക്കാന്‍ തീരുമാനമായി.

 

മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാര്‍, കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സഞ്ജു, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍ജ്, റെയില്‍വേ എന്‍ജിനീയറിംഗ് വിഭാഗത്തിലെ അസി. ഡിവിഷണല്‍ എന്‍ജിനീയര്‍ ജോര്‍ജ് കുരുവിള, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ സുനില്‍ കുമാര്‍, പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി. വിനു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മോളമ്മ തോമസ്, കെആര്‍എഫ്ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹാരീസ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
ജില്ലാ വികസന സമിതി യോഗത്തില്‍ അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ ഇക്കാര്യം ഉന്നയിക്കുകയും ഡിഡിസി തീരുമാനപ്രകാരം ഈ വിഷയത്തിന് അടിയന്തരമായി പരിഹാരം കാണുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സംയുക്ത പരിശോധന നടത്തിയത്.

 

വിശദ നഗരാസൂത്രണ പദ്ധതികൾ മാസ്റ്റർ പ്ലാനിൽ ലയിപ്പിക്കും.

ജില്ലാ ആസ്ഥാനത്ത് നിലവിലുള്ള അഞ്ച് വിശദ നഗരാസൂത്രണ പദ്ധതികൾ മാസ്റ്റർ പ്ലാനിൽ ലയിപ്പിക്കാൻ നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈന്റെ അധ്യക്ഷതയിൽ ഇന്നു ചേർന്ന വിദഗ്ധ സമിതി തീരുമാനിച്ചു. പത്തനംതിട്ട സെൻട്രൽ ഏരിയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും പരിസരങ്ങളും, മുനിസിപ്പൽ ബസ് സ്റ്റാൻഡ് കോംപ്ലക്സ്, കണ്ണങ്കര ഭാഗം, കുമ്പഴ ജംഗ്ഷനും സമീപ പ്രദേശങ്ങളും എന്നിങ്ങനെ അഞ്ച് വിശദ നഗരാസൂത്രണ പദ്ധതികളാണ് നിലവിലുള്ളത്.

ഈ പദ്ധതികൾ വിശദമായി പരിശോധിച്ച് മാസ്റ്റർ പ്ലാനിൽ ലയിപ്പിക്കുന്നതിനുളള നിർദ്ദേശങ്ങൾ നൽകാൻ നഗരസഭാ കൗൺസിൽ 17 അംഗ സ്പെഷ്യൽ കമ്മിറ്റിയെ തെരഞ്ഞെടുത്തിട്ടുണ്ട്. നഗരസഭാ ചെയർമാൻ അധ്യക്ഷനായ കമ്മിറ്റിയിൽ ജനപ്രതിനിധികളെ കൂടാതെ ജില്ലാ ടൗൺ പ്ളാനറും നഗരസഭാ സെക്രട്ടറിയും മുനിസിപ്പൽ എൻജിനീയറും അംഗങ്ങളാണ്. നിലവിൽ തയ്യാറായിക്കൊണ്ടിരിക്കുന്ന മാസ്റ്റർ പ്ലാനിലെ നിർദ്ദിഷ്ട ഭൂ വിനിയോഗ മാപ്പിലുളള റോഡ് വികസന നിർദ്ദേശങ്ങളിൽ സ്കീമിൽ വിഭാവനം ചെയ്യ്തിരിക്കുന്ന റോഡുകളുടെ വീതി നിലനിർത്താനാണ് ശുപാർശ ചെയ്തിട്ടുള്ളത്. അഞ്ച് സ്കീം ഏരിയകളിലുളള വിവിധ റോഡുകൾക്ക് 7 മീറ്റർ മുതൽ 21 മീറ്റർ വരെ വീതി ഉണ്ടാകണമെന്ന ശുപാർശയാണ് സ്പെഷ്യൽ കമ്മിറ്റി കൗൺസിലിലേക്ക് സമർപ്പിച്ചിട്ടുളളത്.

 

എന്നാൽ മാസ്റ്റർ പ്ലാനിലെ ഭൂ വിനിയോഗത്തിൽ സമഗ്രമായ മാറ്റം ഉണ്ടാകും. നഗരത്തിലെ സെൻട്രൽ ഏരിയായിൽ കൊമേഴ്സ്യൽ സ്ഥാപനങ്ങൾക്കായിരിക്കും മുൻഗണന നൽകുന്നത്. ഇതിനായി സെൻട്രൽ ഏരിയായിൽ ഉൾപ്പെട്ടുവരുന്ന ഭാഗങ്ങൾ മാസ്റ്റർ പ്ലാനിൽ മിക്സഡ് സോണുകളാക്കി മാറ്റാനുള്ള നിർദേശം സ്പെഷ്യൽ കമ്മിറ്റി അംഗീകരിച്ചു. ഗാന്ധി പ്രതിമയും അതിനോട് അനുബന്ധമായ സ്ഥലങ്ങളും സ്പെഷ്യൽ പ്രോജക്ടായി മാസ്റ്റർ പ്ലാനിൽ ചേർക്കുന്നതിനാണ് നിർദ്ദേശം. കളക്ടറേറ്റ്, ജനറൽ ആശുപത്രി, സെൻട്രൽ ജംഗ്ഷൻ, ചുട്ടിപ്പാറ, വഞ്ചികപൊയ്ക, കുമ്പഴ മേഖലകൾക്ക് പ്രത്യേക പ്രോജക്ടുകൾ ഉണ്ടാകും. നിലവിലുള്ള ടൂറിസം സാധ്യതകൾകൂടി കണക്കിലെടുത്ത് റിംഗ് റോഡിനെയും സ്പെഷ്യൽ പ്രോജക്ടായി പരിഗണിക്കണമെന്ന് ശുപാർശയുണ്ട്.

സ്പെഷ്യൽ കമ്മിറ്റിയുടെ നിർദേശങ്ങൾ വളരെ പെട്ടെന്നുതന്നെ നഗരസഭാ കൗൺസിൽ യോഗം വിളിച്ചു ചേർത്ത് അവതരിപ്പിക്കുമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു. ഒരു പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടക്കുന്ന മാസ്റ്റർ പ്ലാനിന്റെ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് സമയബന്ധിതമായി പ്രസിദ്ധീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും ചെയർമാൻ പറഞ്ഞു.

error: Content is protected !!