കോന്നി വാര്‍ത്ത: കോന്നി ആനക്കൂട്ടിൽ ആനകളെ പരിചരിക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് വെറ്റിനറി ഡോക്ടറുടെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും ഭാഗത്തു നിന്നും കഴിഞ്ഞ അഞ്ച് വർഷമായി ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് പീപ്പിൾ ഫോർ വൈൽഡ്ലൈഫ് ജില്ലാ കോ-ഓർഡിനേറ്റർ സലിൽ വയലാത്തല അഭിപ്രായപ്പെട്ടു. ആനകളെ പരിചരിക്കുന്നതിന് കഴിഞ്ഞ അഞ്ച് വർഷക്കാലം പൊതുഖജനാവിൽ നിന്നും ചെലവഴിച്ച തുക എന്തിന് ചെലവഴിച്ചെന്ന് സത്യസന്ധമായി വിജിലൻസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ആനയെ സംരക്ഷിക്കുന്നതിനു് ലഭിക്കുന്ന കേന്ദ്ര സംസ്ഥാന ഫണ്ടുകൾ പൂർണ്ണമായും പോക്കറ്റിലാക്കുന്നതിന് ആനഡോക്ടറും വനം ഉദ്യോഗസ്ഥരും പരസ്പരം മത്സരിക്കുന്നതിന്‍റെ ഫലമായാണ് ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കുന്നതെന്നും പറഞ്ഞു . കോന്നി ആനക്കൂട്ടിലെ പ്രശ്നങ്ങൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും, ദേശീയ വന്യമൃഗ ബോർഡും സംയുക്തമായി അന്വേഷിക്കണമെന്നും, കുറ്റക്കാരെ വനം വന്യജീവി സംരക്ഷണ നിയമ പ്രകാരം ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് അധികാരികൾക്ക് പരാതി നൽകും.