കോവിഡ് – നിയന്ത്രണം കര്‍ക്കശമാക്കും: മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങള്‍ കര്‍ക്കശമായി നടപ്പാക്കാതെ വഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മികവിന്റെ കേന്ദ്രങ്ങളായ 90 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കടകളില്‍ ശാരീരിക അകലം പാലിക്കണം, നിശ്ചിത എണ്ണം ആളുകള്‍ മാത്രമേ ഒരു സമയം പ്രവേശിക്കാവൂ, മാസ്‌ക് ധരിക്കണം, സാനിറ്റൈസര്‍ ഉപയോഗിക്കണം തുടങ്ങി കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിക്കണമെന്ന് നേരത്തെ നിരവധി തവണ വ്യക്തമാക്കിയെങ്കിലും നമ്മുടെ ജാഗ്രതയില്‍ കുറവ് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനം ലാഘവത്തോടെ സമീപിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായി. അതുകൊണ്ടാണ് മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കൂടുതല്‍ പിഴ ചുമത്താനും മാനദണ്ഡം പാലിക്കാത്ത കടകള്‍ അടയ്ക്കാനും തീരുമാനിച്ചത്. കടകളില്‍ ആവശ്യമായ ക്രമീകരണം ഒരുക്കേണ്ട ചുമതല ഉടമയ്ക്കാണ്.
ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ പ്രതിരോധ സംവിധാനം ഒരുക്കണം. സര്‍ക്കാര്‍ പരിപാടികളിലടക്കം 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കും. നേരത്തെ കാട്ടിയ ജാഗ്രതയും കരുതലും നാം തിരിച്ചു പിടിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!