Trending Now

യോഗ ശീലമാക്കാം; പ്രതിരോധശേഷി വർദ്ധിപ്പിക്കാം

കോവിഡ് പശ്ചാത്തലത്തിൽ യോഗയുടെ പ്രസക്തി ഏറെയാണ്. ആരോഗ്യത്തോടെ ജീവിക്കുക, പ്രതിരോധശേഷി ആർജിക്കുക എന്നതാണ് ഈ കാലഘട്ടത്തില്‍ ഏറെ പ്രധാനം.
യോഗ എന്ന ജീവിതചര്യ ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യവും പ്രദാനം ചെയ്യുന്നു. ക്വാറന്റൈൻ, ലോക് ഡൗണ്‍ കാലയളവിൽ മാനസിക പിരിമുറുക്കം അകറ്റാനും യോഗയെ കൂട്ടുപിടിക്കാം. . യോഗ വെറും ശാരീരിക വ്യായാമങ്ങളല്ല, ഒരു വ്യക്തിയുടെ ആന്തരിക ശക്തിയെ സമതുലിതമായ രീതിയില്‍ വികസിപ്പിക്കാനോ മെച്ചപ്പെടുത്താനോ ഉള്ള പരിശീലനമാണ്.

‘യോഗ ആരോഗ്യത്തിന്‌, യോഗ വീട്ടില്‍ തന്നെ’ എന്നതാണ്‌ ഇക്കൊല്ലത്തെ യോഗാദിനവാക്യം. വീട്ടില്‍ കുടുംബത്തോടൊപ്പം യോഗ എന്നതാണ് ആയുഷ് വകുപ്പിന്റെ പ്രമേയം. ആരോഗ്യ പരിപാലനത്തില്‍ അതിപ്രധാനമായ ഘടകങ്ങളാണ് വ്യായാമവും ഭക്ഷണക്രമവും. ഇന്നുകാണുന്ന ഒട്ടനവധി രോഗങ്ങള്‍ക്കും കാരണം വ്യായാമരഹിതമായ ജീവിതവും തെറ്റായ ഭക്ഷണക്രമവുമാണ്. രക്തസമ്മര്‍ദം, പ്രമേഹം, അമിതവണ്ണം, കൊളസ്‌ട്രോള്‍, ഹൃദ്രോഗം, അള്‍സര്‍ തുടങ്ങി കാന്‍സര്‍ പോലും തെറ്റായ ജീവിതചര്യകൊണ്ടു കൂടി ഉണ്ടാകുന്ന രോഗങ്ങളാണ്. ഇത്തരത്തിലുള്ള പല രോഗങ്ങളും ഒരു പരിധിവരെ നിയന്ത്രിക്കാന്‍ യോഗയിലൂടെ സാധിക്കും.