Trending Now

നാല് മാസംകൂടി ഭക്ഷ്യക്കിറ്റ് വിതരണം നടത്തും: വീണാ ജോര്‍ജ് എംഎല്‍എ

 

സൗജന്യ ഭക്ഷ്യക്കിറ്റ് ജില്ലാതല വിതരണോദ്ഘാടനം

കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നാലു മാസംകൂടി സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നടത്തുമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ 88 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നാലു മാസത്തേക്ക് നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനം പത്തനംതിട്ട ഡിപ്പോയിലെ റേഷന്‍ കടയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ.
എല്ലാ മേഖലകളേയും കോവിഡ് ബാധിച്ചിട്ടുണ്ട്. ഇത് മനസിലാക്കിയാണു സംസ്ഥാന സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ദിവസേന രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സയ്ക്കാണ് ജനങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. ചികിത്സയ്ക്കായി സ്വകാര്യ മേഖലയെ ആശ്രയിക്കുന്നവരുടെ എണ്ണവും വളരെ കുറവാണ്. സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ കാലയളവിലും ഓണക്കിറ്റുകളായും ഇപ്പോള്‍ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പെടുത്തിയും മൂന്നു ഘട്ടമായാണ് ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയിരിക്കുന്നത്. കൃത്യമായ സമയത്ത് മികച്ച രീതിയിലാണ് ജില്ലയില്‍ സപ്ലൈകോ വകുപ്പും റേഷന്‍ കട ഉടമകളും കിറ്റ് ക്രമീകരിക്കുന്നതിനായുള്ള വോളണ്ടിയര്‍മാരും പ്രവര്‍ത്തിച്ചതെന്നും എംഎല്‍എ പറഞ്ഞു.
സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നാലുമാസമാണ് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നടത്തുന്നത്. കടല, പഞ്ചസാര, ആട്ട, വെളിച്ചെണ്ണ ഉള്‍പ്പടെ എട്ടിനം അവശ്യവസ്തുക്കളാണ് സപ്ലൈക്കോ തയ്യാറാക്കിയിരിക്കുന്ന കിറ്റിലുള്ളത്.
വാര്‍ഡ് കൗണ്‍സിലര്‍ ബീനാ ഷെറീഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ സീനിയര്‍ സൂപ്രണ്ട് എം.എന്‍ വിനോദ് കുമാര്‍, പത്തനംതിട്ട ഡിപ്പോ സപ്ലൈ ഓഫീസര്‍ സി.വി മോഹനകുമാര്‍, ഡിപ്പോ മാനേജര്‍ ആര്‍.രാജീവ്, അസിസ്റ്റന്റ് മാനേജര്‍ എസ്.ദിനേശ് കുമാര്‍, സിപിഐ (എം) ഏരിയാ സെക്രട്ടറി എന്‍. സജികുമാര്‍, സിപിഐ ജില്ലാ മണ്ഡലം സെക്രട്ടറി എം.കെ സജി, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാര്‍, മുസ്ലീം ലീഗ് ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.ഐ നൈസാം തുങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സൈനബാ ബീവി വീണാ ജോര്‍ജ് എംഎല്‍എയില്‍ നിന്നും കിറ്റ് ഏറ്റുവാങ്ങി.