Trending Now

ഗവി യാത്ര സൂപ്പറാകും; റോഡ് നിര്‍മാണത്തിന് 9.27 കോടി രൂപ എംഎല്‍എ അനുവദിച്ചു

 

ടൂറിസം കേന്ദ്രമായ ഗവിയിലേക്കുള്ള പ്രധാന പാതയായ പ്ലാപ്പള്ളി – കക്കി-വള്ളക്കടവ്(പി.കെ.വി)റോഡിന് 9.27 കോടി രൂപ അനുവദിച്ചതായി അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. 96.05 കിലോമീറ്ററാണ് ഈ റോഡിന്റെ ദൂരം. ഇതില്‍ ഇനിയും നിര്‍മാണം പൂര്‍ത്തിയാകാനുള്ള 23.15 കിലോമീറ്ററിലെ ടാറിംഗ് നടത്തി റോഡ് ഗതാഗതയോഗ്യമാക്കുന്നതിനാണ് തുക അനുവദിച്ചത്. പ്ലാപ്പള്ളി മുതല്‍ ഗവി വരെയുള്ള ഭാഗത്താണ് നിര്‍മാണം നടത്തുക.
ശബരിമല തീര്‍ഥാടകരും ഈ പാത ഉപയോഗിക്കുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥ മൂലം ഗവിയിലേക്കുള്ള സഞ്ചാരികളുടെ വരവില്‍ കുറവുണ്ടായിരുന്നു. റോഡ് നവീകരണം പൂര്‍ത്തിയാകുന്നതോടെ ഗവി നിവാസികള്‍ ഉള്‍പ്പടെയുള്ള മലയോര ജനങ്ങളുടെ യാത്രാ പ്രശ്നത്തിന് പരിഹാരമാകും. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മൂഴിയാര്‍ ഡാം, പെന്‍സ്റ്റോക്ക്, കക്കി ഡാം, കൊച്ചു പമ്പ തുടങ്ങിയ ഭാഗങ്ങളില്‍ റോഡ് ഗതാഗതയോഗ്യമാകും. ഇതോടെ ഗവിയിലേക്ക് എത്തുന്ന സഞ്ചാരികളുടെ യാത്ര സുഗമമാകും.
നാല് സെന്റീ മീറ്ററില്‍ ക്ലോസ് ഗ്രേഡ് ചിപ്പിംഗ് കാര്‍പെറ്റ് ഉപയോയിച്ചുള്ള ടാറിംഗ് ആണ് നടത്തുക. 3.8 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിക്കുക. നിലവിലുള്ള റോഡിന്റെ ഉപരിതലം ഇളക്കി മാറ്റി വെറ്റ്മിക്സ് ഇട്ട് ഉറപ്പിക്കും. തുടര്‍ന്നാണ് ടാറിംഗ് നടത്തുക. വെള്ളക്കെട്ട് ഉള്ള ഭാഗങ്ങളില്‍ റോഡ് ഉയര്‍ത്തുകയും ചെയ്യും.
ഉടന്‍ തന്നെ നിര്‍മാണം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ അറിയിച്ചു. ഇതിനായി പൊതുമരാമത്ത് നിരത്തു വിഭാഗം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.

error: Content is protected !!