ഇലന്തൂര്‍ ഗവ.കോളജിന് സ്ഥലം ലഭ്യമാക്കാന്‍ സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കിയതായി വീണാ ജോര്‍ജ് എംഎല്‍എ അറിയിച്ചു. ഖാദി ബോര്‍ഡ് ഉടമസ്ഥതയിലുണ്ടായിരുന്ന മൂന്നേക്കര്‍ സ്ഥലമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കോളജിനായി ലഭ്യമാക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. 2016 ഡിസംബറിലാണ് ഖാദി ബോര്‍ഡിന്റെ സ്ഥലം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറാനുള്ള സര്‍ക്കാര്‍ തല നടപടികള്‍ ആരംഭിച്ചത്.
വീണാ ജോര്‍ജ് എംഎല്‍എ റവന്യൂ മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും ഭൂമി അളന്ന് വേര്‍തിരിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് 2016 ഡിസംബറില്‍ കത്ത് നല്‍കിയിരുന്നു. പിന്നീടാണ് ഭൂമി അളന്ന് വേര്‍തിരിക്കുകയും വില നിര്‍ണയം ഉള്‍പ്പടെ നടത്തി സ്ഥല കൈമാറ്റ റെക്കോര്‍ഡുകള്‍ തയാറാക്കിയത്. ഏഴ് ഗവണ്‍മെന്റ് കോളജുകള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് 2017 നവംബറില്‍ സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയിലൂടെ 100 കോടി രൂപ അനുവദിച്ചു. കിറ്റ്കോയെ പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായി ചുമതലപ്പെടുത്തി. ഇതനുസരിച്ച് കെട്ടിടത്തിന്റെ പ്ലാനും, എസ്റ്റിമേറ്റും തയാറാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു. 12 കോടി രൂപയുടെ എസ്റ്റിമേറ്റിന്റെ പ്ലാന്‍ ആണ് ആദ്യം തയാറാക്കിയത്. എന്നാല്‍, കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി 15 കോടിയുടെ പുതിയ എസ്റ്റിമേറ്റ് സമര്‍പ്പിക്കുകയും ഇതിന് ഭരണാനുമതി ലഭിക്കുകയും ചെയ്തു.
കോളജിന് ആവശ്യമായിട്ടുള്ളത് അഞ്ചേക്കര്‍ സ്ഥലമാണ്. അതിനാല്‍ സമാന്തരമായി സ്വകാര്യ വ്യക്തികളില്‍ നിന്നുള്ള രണ്ടേക്കര്‍ സ്ഥലം കൂടി വാങ്ങിക്കുന്നതിനുള്ള നടപടിയും പുരോഗമിച്ചു. ശേഷിക്കുന്ന രണ്ടേക്കറിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടികളും വൈകാതെ ആരംഭിക്കും. കെട്ടിടത്തിന് 15 കോടിയുടെ ഭരണാനുമതി ലഭ്യമായ സാഹചര്യത്തില്‍ കിഫ്ബിയുടെ അന്തിമ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. ഇത് ലഭ്യമായാല്‍ അധികം വൈകാതെ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയുമെന്നും എംഎല്‍എ അറിയിച്ചു. ഇലന്തൂര്‍ ഗവ. കോളജിന് സ്വന്തമായി കെട്ടിടം എന്ന ലക്ഷ്യത്തിലേക്കുള്ള നിരന്തരമായ ഇടപെടലുകളും, പ്രവര്‍ത്തനങ്ങളും ഫലപ്രാപ്തിയിലേക്ക് എത്തുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.