സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനു ഗ്യാരണ്ടി നിക്ഷേപം ഉറപ്പാക്കി സമഗ്രമായ നിയമനിർമ്മാണമുണ്ടാക്കണമെന്ന് ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം കേന്ദ്ര കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് പോപ്പുലർ ഉൾപ്പെടെ ചെറുതും വലുതുമായ നാനൂറോളം സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങൾ കോടിക്കണക്കിന് രൂപയുമായി അടച്ചു പൂട്ടുകയുണ്ടായി. നിലവിലുള്ള നിയമമനുസരിച്ച് പണം നഷ്ടപ്പെട്ടവർക്ക് അവർ താമസിക്കുന്ന സ്ഥലത്തു തന്നെ പരാതി സമർപ്പിക്കുന്നതിനുള്ള അവകാശമുണ്ട്. ഈ അവകാശം ആർക്കും നിഷേധിക്കുവാൻ കഴിയുകയില്ലെന്നും യോഗം വിലയിരുത്തി. പോപ്പുലറിനെപ്പോലെ വിദേശ സാമ്പത്തിക ഇടപാടുകളുള്ള വലിയ സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള പരാതികൾ അന്വേഷിക്കുന്നതിന് കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയെ ഏല്പിക്കുന്നതിന് സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.ഈ ആവശ്യം കേരള മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്‍റെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും തീരുമാനിച്ചു. സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു.എസ്സ് .കൃഷ്ണകുമാർ, അഞ്ജിത.എസ്സ്, അജി, സലീന എന്നിവർ സംസാരിച്ചു.