ആദ്യമാസ യുട്യൂബ് വരുമാനം 15 ലക്ഷം രൂപ
കോന്നി വാര്‍ത്ത ഡോട്ട് കോം : പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്‌ബെൽ’ പ്രോഗ്രാമിന്റെ ഭാഗമായി 1500 ഡിജിറ്റൽ ക്ലാസുകളുടെ സംപ്രേഷണം പൂർത്തിയാക്കി. പൊതുവിഭാഗത്തിൽ യോഗ, കരിയർ, മോട്ടിവേഷൻ ക്ലാസുകൾ ആരംഭിച്ചതിന്റെ തുടർച്ചയായി കായിക വിനേദ ക്ലാസുകളും ഈ ആഴ്ച ആരംഭിക്കും. മാനസികാരോഗ്യ ക്ലാസുകൾ സെപ്റ്റംബർ ആദ്യവാരം തുടങ്ങും.
നിലവിൽ പ്രതിമാസം 141 രാജ്യങ്ങളിൽ നിന്നായി 442 ടെറാബൈറ്റ് ഡേറ്റ ഉപയോഗം കൈറ്റ് വിക്ടേഴ്‌സിന്റെ വെബ്-മൊബൈൽ പ്ലാറ്റ്‌ഫോമുകളിലൂടെ ലഭിക്കുന്നുണ്ട്. യുട്യൂബ് ചാനലിലേയ്ക്ക് 17.6 ലക്ഷം വരിക്കാരും പ്രതിമാസം 15 കോടി കാഴ്ചകളും ഉണ്ട്. കൈറ്റ് വിക്ടേഴ്‌സ് യുട്യൂബ് ചാനലിൽ (youtube.com/itsvicters) നിയന്ത്രിത പരസ്യങ്ങൾ അനുവദിച്ചതുവഴി ആദ്യമാസം ലഭിച്ച പരസ്യ വരുമാനമായ 15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചതായി കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ) സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു.
‘ഫസ്റ്റ്‌ബെൽ’ ഡിജിറ്റൽ ക്ലാസുകൾ ബദൽ ക്ലാസുകളായിട്ടല്ല അവതരിപ്പിക്കുന്നതെങ്കിലും ആദ്യ വാല്യം പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകൾ മാത്രമേ സെപ്റ്റംബർ വരെ സംപ്രേഷണം നടത്തുകയുള്ളു. നിലവിൽ എട്ടാം ക്ലാസിലെ സംപ്രേഷണം ചെയ്ത രണ്ട് എപ്പിസോഡുകൾ രണ്ടാം വാല്യം പാഠപുസ്തകങ്ങളിലേതായതിനാൽ ഒക്ടോബറിൽ ഇവ പുനഃസംപ്രേഷണം ചെയ്യും.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ക്ലാസുകൾ തയ്യാറാക്കി വരുന്നുണ്ട് . ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 3 വരെ ഫസ്റ്റ്‌ബെല്ലിൽ റെഗുലർ ക്ലാസുകൾ ഉണ്ടായിരിക്കില്ല. ഓണക്കാലത്തെ പരിപാടികൾ പ്രത്യേകമായി പ്രസിദ്ധീകരിക്കും.