Trending Now

കോന്നി മെഡിക്കല്‍ കോളജ്: പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 25ന് തീരുമാനിക്കും

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 25 ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ തീരുമാനമാകുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളജ് നിര്‍മാണപുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗശേഷമാണ് എംഎല്‍എ ഇക്കാര്യം അറിയിച്ചത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായി വരുകയാണ്. ഈ മാസം തന്നെ പ്രവര്‍ത്തനം ആരംഭിക്കത്തക്ക നിലയിലുള്ള ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് യോഗത്തെ അറിയിച്ചു.
ഫര്‍ണിച്ചറുകള്‍ സിഡ്‌കോയില്‍ നിന്നും ഉടന്‍ എത്തും. മറ്റ് ഉപകരണങ്ങള്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനാണ് വാങ്ങി എത്തിക്കുന്നത്. റോഡിന്റെ അറ്റകുറ്റപ്പണിണികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് എംഎല്‍എയും യോഗത്തില്‍ പറഞ്ഞു.
മെഡിക്കല്‍ കോളജ് തുറന്നുകൊടുക്കുന്നതിനു മുന്നോടിയായി മെഡിക്കല്‍ കോളജില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും കോവിഡ് ടെസ്റ്റ് നടത്താനും യോഗത്തില്‍ തീരുമാനമായി. 25, 26 തീയതികളിലായി ഇതിന് സംവിധാനമൊരുക്കാന്‍ യോഗ തീരുമാനത്തിന്റെ ഭാഗമായി ഡിഎംഒയ്ക്ക് കത്ത് നല്‍കും.
ഓണം അവധി ക്രമീകരിച്ചും നിര്‍മാണം തുടരണമെന്ന് എംഎല്‍എ നിര്‍മാണ കമ്പനിക്ക് നിര്‍ദേശം നല്‍കി. പ്രവര്‍ത്തനം ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും, ഓഗസ്റ്റ് 25 ന്റെ യോഗത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന തീയതിയുടെ അന്തിമ തീരുമാനമാകുന്നതോടെ കോന്നി നിവാസികളുടെയും, ജില്ലയുടെ ആകെത്തന്നെയും മെഡിക്കല്‍ കോളജ് എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലെത്തുമെന്നും എംഎല്‍എ പറഞ്ഞു.
എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സൂപ്രണ്ട് ഡോ. സജിത്കുമാര്‍, മെഡിക്കല്‍ കോളജ് ജീവനക്കാര്‍, നിര്‍മാണ കമ്പനി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു