കോന്നി വാര്‍ത്ത ഡോട്ട് കോം : ഹരിതകര്‍മസേന അംഗങ്ങള്‍ക്കായി സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ വായ്പാ പദ്ധതികള്‍ നടപ്പാക്കുന്നു. ദേശീയ സഫായി കര്‍മചാരി കോര്‍പ്പറേഷന്റെ (എന്‍എസ്‌കെഎഫ്ഡിസി) സംസ്ഥാനതല ചാനലൈസിംഗ് ഏജന്‍സിയായ വനിത വികസന കോര്‍പ്പറേഷന്റെ വായ്പാ പദ്ധതികളാണ് ഹരിതകര്‍മസേനയ്ക്ക് വേണ്ടി സംസ്ഥാനത്ത് നടപ്പാക്കുന്നത്. കോര്‍പറേഷന് എന്‍എസ്‌കെഎഫ്ഡിസിയില്‍ നിന്നും വായ്പയെടുക്കുന്നതിന് 100 കോടി രൂപയുടെ ഗ്യാരന്റി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. പ്രവര്‍ത്തനം വിപുലമാക്കാനും സംരംഭം ആരംഭിക്കാനുമായി വിവിധ കര്‍മസേനാ യൂണിറ്റുകള്‍ക്കായി 30 കോടി രൂപയാണ് കുടുംബശ്രീ മുഖേന ഈ വര്‍ഷം വായ്പയായി വിതരണം ചെയ്യുക.
പ്രധാന വായ്പകള്‍: തൊഴില്‍ ചെയ്യാനാവശ്യമായ വാഹനം വാങ്ങാന്‍, സംരംഭ വികസനത്തിന്, സാനിറ്റേഷന്‍ ജോലിയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സാനിറ്ററി മാര്‍ട്ടുകള്‍ തുടങ്ങാന്‍, ഹരിത സംരംഭങ്ങള്‍ തുടങ്ങാന്‍, സേനാംഗങ്ങളുടെ പെണ്‍ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം.
നാലു മുതല്‍ അഞ്ച് ശതമാനം വരെ വാര്‍ഷിക പലിശ നിരക്കില്‍ ലഭിക്കുന്ന വായ്പയുടെ കാലാവധി മൂന്ന് വര്‍ഷമാണ്. വാഹനം വാങ്ങാന്‍ പരമാവധി 15 ലക്ഷം രൂപവരെ വായ്പയായി ലഭിക്കും. ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഒരു അംഗത്തിന് പരമാവധി 60,000 രൂപ വരെ ലഭിക്കും. ഇത്തരത്തില്‍ ഒരു സിഡിഎസിന് കീഴില്‍ 50 ലക്ഷം വരെ പരമാവധി വായ്പയായി ലഭിക്കും. ശുചീകരണ ജോലിക്ക് സഹായകമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 15 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. കൂടാതെ ഇവരുടെ പെണ്‍മക്കള്‍ക്ക് പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും, വൊക്കേഷണല്‍ പഠനത്തിനും മൂന്നര ശതമാനം പലിശയ്ക്ക് നാലു ലക്ഷം മുതല്‍ പത്തുലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ ലഭിക്കാനും അര്‍ഹതയുണ്ടായിരിക്കും. നാലര ലക്ഷം രൂപയില്‍ കുറഞ്ഞ വാര്‍ഷിക വരുമാനമുള്ള ഇത്തരം കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് അനുവദിക്കപ്പെടുന്ന ലോണിന്റെ പലിശ, യോഗ്യത നേടിക്കഴിഞ്ഞാല്‍ തിരികെ നല്‍കും.
ആദ്യഘട്ടമായി ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മൂന്ന് കോടി രൂപ ഉടനെ വിതരണം ചെയ്യും. അടുത്ത ഘട്ടത്തില്‍ ഗ്രൂപ്പുകള്‍ക്ക് വാഹനം വാങ്ങാനായി വായ്പ അനുവദിക്കും. സിഡിഎസുകളുടേയും കുടുംബശ്രീ ജില്ലാ മിഷന്റേയും ശുപാര്‍ശയോടെ സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകളില്‍ ഏറ്റവും നേരത്തെ വായ്പ നല്‍കുന്നതിനുള്ള നടപടികള്‍ വനിതാ വികസന കോര്‍പ്പറേഷന്‍ സ്വീകരിച്ചിട്ടുണ്ട്.
വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം ലക്ഷ്യമാക്കി 2017 മുതലാണ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിതകര്‍മ സേനകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി, തദ്ദേശ സ്ഥാപനം, കുടുംബശ്രീ തുടങ്ങിയ വകുപ്പുകളുടെ സംയോജിത പദ്ധതിയായാണ് ഹരിതകര്‍മസേന പ്രവര്‍ത്തിക്കുന്നത്. ചിലയിടങ്ങളില്‍ തൊഴിലുറപ്പുമായി ചേര്‍ന്നും പ്രവര്‍ത്തിക്കുന്നു. ഹരിത കര്‍മ സേനയില്‍ ജോലി ചെയ്യുന്നതിലൂടെ മുപ്പതിനായിരത്തോളം വനിതകള്‍ക്ക് സ്ഥിര വരുമാനം ലഭിച്ചു വരുന്നു. ശരാശരി പത്ത് മുതല്‍ 30 വരെ അംഗങ്ങളാണ് ഒരു ഹരിതകര്‍മ സേനയിലുണ്ടാകുക. വീടുകളില്‍നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിച്ച് നിര്‍മാര്‍ജനം ചെയ്യുന്ന വലിയ സാമൂഹ്യസേവനമാണ് ഹരിതകര്‍മ സേനകള്‍ നല്‍കുന്നത്.