Trending Now

ലൈഫ് പദ്ധതി:  തദ്ദേശസ്ഥാപനങ്ങളില്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌കുകള്‍

 

കോന്നി വാര്‍ത്ത ഡോട്ട് കോം : അര്‍ഹരായ എല്ലാവര്‍ക്കും മാന്യവും സുരക്ഷിതവുമായ വീട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവഷ്‌കരിച്ച ലൈഫ് പദ്ധതി പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. 2017ല്‍ തയാറാക്കിയ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയവര്‍ക്ക് പുതിയതായി അപേക്ഷിക്കാമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി.പി. സുനില്‍ പറഞ്ഞു.
2021 ഓടെ ഭവന രഹിതരായ മുഴുവന്‍ പേര്‍ക്കും വീട് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അര്‍ഹരായ ഭൂമിയുള്ളവരും ഇല്ലാത്തവരുമായ ഭവനരഹിതര്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ 14 വരെ അപേക്ഷ നല്‍കാം. ഓണ്‍ലൈനായി മാത്രമാണ് അപേക്ഷകള്‍ സ്വീകരിക്കുക. www.life2020.kerala.gov.in എന്ന വെബ് സൈറ്റില്‍ പ്രവേശിച്ച് ഓഗസ്റ്റ് ഒന്നു മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും. കൂടാതെ അക്ഷയകേന്ദ്രങ്ങള്‍, ഇന്റര്‍നെറ്റ് സേവന കേന്ദ്രങ്ങള്‍ എന്നിവ വഴിയും സ്വന്തമായും അപേക്ഷ നല്‍കാം.
അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വില്ലേജ് ഓഫീസറില്‍ നിന്നും വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് കൂടി അപ്ലോഡ് ചെയ്യണം. ഗ്രാമപ്രദേശങ്ങളില്‍ 25 സെന്റിനു താഴെയും നഗര പ്രദേശങ്ങളില്‍ അഞ്ചു സെന്റിനു താഴെയും ഭൂമിയുള്ളവരെ മാത്രമേ പരിഗണിക്കൂ. ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരില്‍ ആരുടെയെങ്കിലും പേരില്‍ വാസയോഗ്യമായ വീടുണ്ടെങ്കില്‍ അര്‍ഹതയില്ല. എന്നാല്‍, ഈ രണ്ടുകാര്യങ്ങളിലും പട്ടികജാതി/പട്ടിക വര്‍ഗ/ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് ഇളവുലഭിക്കും. വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ താഴെയായിരിക്കണം.
ഭൂരഹിതരായവര്‍ തങ്ങളുടെ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട ആര്‍ക്കും ഭൂമിയില്ലെന്നുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവും ഓണ്‍ലൈനായി സമര്‍പ്പിക്കണം. 2020 ജൂണ്‍ 30 വരെ ലഭിച്ച റേഷന്‍ കാര്‍ഡുള്ള കുടുംബങ്ങളെ പരിഗണിക്കും. ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരെ ഒരു കുടുംബമായി കണക്കാക്കി വാസയോഗ്യമായ വീടില്ലാത്തവര്‍ക്ക് ആനുകൂല്യം അനുവദിക്കും. അപേക്ഷകന്റെ റേഷന്‍ കാര്‍ഡ് ഏത് തദ്ദേശസ്ഥാപന പ്രദേശത്താണോ അവിടെ അപേക്ഷിക്കണം.
ഉപജീവന തൊഴിലിനായല്ലാതെ സ്വന്തമായി നാലുചക്ര വാഹനമുള്ള കുടുംബങ്ങളെയും പരിഗണിക്കില്ല. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, അഗതി/ആശ്രയപദ്ധതിയിലെ ഗുണഭോക്താക്കള്‍, ഭിന്ന ലിംഗക്കാര്‍, ഗുരുതരരോഗമുള്ളവര്‍, അവിവാഹിതയായ അമ്മ കുടുംബനാഥയായവര്‍, രോഗമോ അപകടമോ കാരണം തൊഴിലെടുത്ത് ജീവിക്കാനാവാത്ത കുടുംബനാഥ/നാഥന്‍ ഉള്ള കുടുംബം, വിധവയായ കുടുംബനാഥയും, സ്ഥിര വരുമാനമുള്ള അംഗങ്ങളില്ലാത്തതുമായ കുടുംബം, എച്ച്.ഐ.വി ബാധിതരായ അംഗങ്ങളുള്ള കുടുംബം എന്നിവര്‍ക്ക് രേഖകള്‍ ഹാജരാക്കിയാല്‍ മുന്‍ഗണന ലഭിക്കും.
ഓഗസ്റ്റ് 17ന് അപേക്ഷകരുടെ പട്ടിക തദ്ദേശസ്ഥാപനത്തില്‍ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 21 വരെ ഫീല്‍ഡ് തല പരിശോധന നടക്കും. കരട് ഗുണഭോക്തൃ പട്ടിക ഓഗസ്റ്റ് 21ന് പ്രസിദ്ധീകരിക്കും. ലിസ്റ്റിന്മേല്‍ ആക്ഷേപമുള്ളവര്‍ ഓഗസ്റ്റ് 27ന് മുമ്പ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടി/മുനിസിപ്പല്‍ സെക്രട്ടറിക്ക് ആദ്യ അപ്പീല്‍ നല്‍കണം. ആദ്യ അപ്പീലിലെ തീരുമാനത്തില്‍ ആക്ഷേപമുള്ളവര്‍ സെപ്റ്റംബര്‍ 19നു മുമ്പായി ജില്ലാ കളക്ടര്‍ക്ക് രണ്ടാം അപ്പീല്‍ നല്‍കണം. സെപ്റ്റംബര്‍ 26 ന് മുമ്പായി ഗുണഭോക്താക്കളുടെ പട്ടികയ്ക്ക് ഗ്രാമസഭ/വാര്‍ഡ് സഭയുടെ അംഗീകാരം നേടണം. സെപ്റ്റംബര്‍ 30 ന് മുമ്പായി ലിസ്റ്റിന് ഭരണസമിതികള്‍ അംഗീകാരം നല്‍കി നിര്‍വഹണം ആരംഭിക്കും.

ലൈഫ് മിഷന്‍ മൂന്നാംഘട്ടം: ആദ്യ ഭവന സമുച്ചയത്തിന്റെ
നിര്‍മാണം മുടിയൂര്‍കോണത്ത് ഉടന്‍ ആരംഭിക്കും

കോന്നി വാര്‍ത്ത ഡോട്ട് കോം : ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാംഘട്ടമായി ജില്ലയിലെ ആദ്യ ഭവന സമുച്ചയത്തിന്റെ നിര്‍മാണം പന്തളം നഗരസഭയിലെ മുടിയൂര്‍കോണത്ത് ഉടന്‍ ആരംഭിക്കുമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി.പി. സുനില്‍ പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയുടെ ഒന്നാംഘട്ടം ജില്ലയില്‍ പൂര്‍ത്തീകരിക്കുകയും രണ്ടുംമൂന്നും ഘട്ടങ്ങള്‍ പുരോഗമിച്ചു വരികയുമാണ്. ലൈഫ് ഒന്നാംഘട്ടത്തില്‍ വിവിധ സര്‍ക്കാര്‍ ഭവന പദ്ധതികളില്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന വീടുകളുടെ പൂര്‍ത്തീകരണമാണ് ഏറ്റെടുത്തിരുന്നത്. ജില്ലയില്‍ ഇപ്രകാരമുള്ള 1188 വീടുകളുടെ പൂര്‍ത്തീകരണമാണ് ഏറ്റെടുത്തത്. അതില്‍ 1169 വീടുകളും പണി പൂര്‍ത്തിയാക്കി കുടുംബങ്ങള്‍ താമസം ആരംഭിച്ചു.
രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീട് നല്‍കുക എന്നതായിരുന്നു ലക്ഷ്യം ലൈഫ് പദ്ധതിയില്‍ ഇപ്രകാരമുള്ള 2270 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുവാന്‍ ധനസഹായം നല്‍കിവരുന്നു. ഇവരില്‍ 1777 പേര്‍ ഇതിനോടകം വീട് നിര്‍മിച്ചു കഴിഞ്ഞു. ലൈഫ് പദ്ധതിയുടെ ഭാഗമായി നഗരസഭകളില്‍ ലൈഫ് -പി.എം.എ.വൈ എന്ന പേരില്‍ 980 വീടുകളും, ബ്ലോക്ക് പഞ്ചായത്തുകള്‍ മുഖേന 687 വീടുകളും പട്ടികജാതി വകുപ്പില്‍ നിന്നും 1102 വീടുകളും പട്ടിക വര്‍ഗ വകുപ്പില്‍ നിന്നും 544 വീടുകളും പൂര്‍ത്തിയാക്കാന്‍ ധനസഹായം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ഈ വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാംഘട്ടമായി ഭൂരഹിതഭവനരഹിതരുടെ പുനരധിവാസമാണ് ഏറ്റെടുത്തിട്ടുള്ളത്. ജില്ലയില്‍ 2110 ഗുണഭോക്താക്കളെയാണ് ഈ ഘട്ടത്തില്‍ അര്‍ഹരായി കണ്ടെത്തിയിട്ടുള്ളത്. ഫ്ളാറ്റുകള്‍ നിര്‍മിച്ചു നല്‍കിയും വസ്തുവാങ്ങി വീട് വയ്ക്കുന്നതിന് ആറു ലക്ഷം രൂപ ധനസഹായം നല്‍കിയുമാണ് ഇത് നടപ്പാക്കുന്നത്. ജില്ലയിലെ ആദ്യ ഭവന സമുച്ചയത്തിന്റെ നിര്‍മാണം പന്തളം നഗരസഭയിലെ മുടിയൂര്‍കോണം പ്രദേശത്ത് ഉടന്‍ ആരംഭിക്കും.
ഏഴംകുളം, കടമ്പനാട്, ഏനാദിമംഗലം, കലഞ്ഞൂര്‍, ഇരവിപേരൂര്‍, വെച്ചൂച്ചിറ എന്നിവിടങ്ങളില്‍ ഭവന സമുച്ചയ നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. മറ്റ് 18 പ്രദേശങ്ങളില്‍ പൊതുസ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ചെറു ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ നടപടി ആരംഭിച്ചു. 375 ഗുണഭോക്താക്കള്‍ സ്വന്തമായോ സര്‍ക്കാര്‍ ധനസഹായത്തോടെയോ, വസ്തു വാങ്ങുകയും അവയ്ക്ക് ലൈഫ് പദ്ധതിയില്‍ ഭവന നിര്‍മാണ ധനസഹായം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു