Trending Now

പത്തനംതിട്ട ജില്ലയ്ക്ക് മുപ്പത്തി അഞ്ചിന്‍റെ പക്വത: ടൂറിസം മേഖലയ്ക്കു യൌവന കാലം

നമ്മുടെ ജില്ലയ്ക്കു ഇരുത്തം വന്ന പ്രായമായി .35 വയസ്സില്‍ കടന്നു പോയ കാഴ്ചകള്‍ നിരവധി .കെ കെ നായര്‍ എന്ന കാരണ ഭൂതന് മുന്നില്‍ പ്രണാമം .

1982 നവംബര്‍ 1-നാണ് കേരള സംസ്ഥാനത്തിലെ പതിമൂന്നാമത്തെ ജില്ലയായി പത്തനംതിട്ട ജില്ല നിലവില്‍ വന്നത്. ഇന്ന് പത്തനംതിട്ട ജില്ലയിലുള്‍പ്പെടുന്ന ഭൂരിഭാഗം പ്രദേശങ്ങളും പഴയ കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു. കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കിന്റെ ഒരു വലിയ ഭാഗവും, ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിന്റെ ഒരു ഭാഗവും, ആലപ്പുഴ ജില്ലയില്‍ ഉള്‍പ്പെട്ടിരുന്ന തിരുവല്ലാ താലൂക്കും, മാവേലിക്കര താലൂക്കിന്റെ കുറച്ചു ഭാഗങ്ങളും കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് പത്തനംതിട്ട ജില്ലയ്ക്ക് രൂപം നല്‍കിയത്. പത്തനം എന്നാല്‍ മനോഹരമായ വീടുകള്‍ എന്നും തിട്ട എന്നാല്‍ നദീതടം എന്നുമാണ് അര്‍ത്ഥം. നദീതീരത്ത് നിരനിരയായി വീടുകളുള്ള സ്ഥലംഎന്നതില്‍ നിന്നാണ് പത്തനംതിട്ട എന്ന സ്ഥലനാമം ഉണ്ടായതെന്ന് കരുതാം.രാജവശത്തിന്‍റെ കഥ പറയുന്ന നാട് .ടൂറിസം മേഖലയ്ക്കു നവ യൌവനം .കോന്നി ഇക്കോ ടൂറിസം വളര്‍ച്ചയുടെ ചിന്നം വിളിയിലാണ് .അടവി ,ഗവി ടൂറിസം കാനന സുന്ദരികളായി വിലസുന്നു .

ഇനി ചില പഴം കഥകള്‍
………………………….
ചെന്നീര്‍ക്കര സ്വരൂപം, മധുരയിലെ പാണ്ഡ്യരാജവംശം, തിരുവിതാംകൂര്‍ രാജവംശം എന്നിവരുടെയെല്ലാം ഭരണത്തിനു പുരാതനകാലം മുതലിങ്ങോട്ട് ഇവിടുത്തെ പ്രദേശങ്ങള്‍ വിധേയമായിട്ടുണ്ട്. പാണ്ഡ്യരാജാക്കന്മാര്‍ താവളമടിച്ച സ്ഥലമെന്ന നിലയില്‍ പന്തളം ആദ്യകാലത്ത് പാണ്ഡ്യതളം എന്നാണറിയപ്പെട്ടിരുന്നത്. പാണ്ഡ്യതളം പില്‍ക്കാലത്ത് പന്തളമായി മാറുകയായിരുന്നു. ശബരിമല അയ്യപ്പന്റെ വേരുകള്‍ ഈ രാജകുടുംബവുമായി ബന്ധപ്പെട്ടുകിടക്കുന്നു. അങ്ങ് അറേബ്യയില്‍ ഇസ്ളാം മതം നിലവില്‍ വന്നതിനും ശേഷമാവണം അയ്യപ്പന്റെ ജീവിതകാലഘട്ടം. അയ്യപ്പന്റെ ഉറ്റ സുഹൃത്തായ വാവര്‍ (ബാബര്‍ എന്നതിന്റെ ശബ്ദഭേദം) ഒരു ഇസ്ളാം മത വിശ്വാസിയായിരുന്നല്ലോ. എ.ഡി 1150-ല്‍ ചേര-ചോള യുദ്ധകാലത്ത് രാജ്യാതിര്‍ത്തികള്‍ സൈനികത്താവളങ്ങളാക്കി മാറ്റിയപ്പോള്‍ തുമ്പമണ്‍ ഒരു സൈനിക താവളമായിരുന്നു. പുരാണ പ്രസിദ്ധമായ പന്തളം വലിയകോയിക്കല്‍ ക്ഷേത്രവും കൊട്ടാരവും വര്‍ഷങ്ങളായി ശബരിമല തീര്‍ത്ഥാടകരെ ആകര്‍ഷിച്ചുവരുന്നു. തോമാശ്ളീഹാ സ്ഥാപിച്ച പള്ളികളിലൊന്ന് ഈ ജില്ലയിലുള്‍പ്പെടുന്ന നിരണത്തായിരുന്നു. തിരുവല്ലയുടെയും നിരണത്തിന്റെയും പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ കണ്ണെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന കുട്ടനാടന്‍ പാടശേഖരങ്ങളാണ്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നിരണം വരേയും സമുദ്രം കയറിക്കിടന്നിരുന്നുവെന്നും നിരണത്തിനു സമീപത്തായി തുറമുഖം ഉണ്ടായിരുന്നുവെന്നും ചരിത്രസൂചനകളുണ്ട്. സമുദ്രജലം വറ്റിമാറിയതുപോലെ തോന്നപ്പെടുന്ന ചെളികലര്‍ന്ന മണലാണ് ഇവിടങ്ങളില്‍ കാണപ്പെടുന്ന മണ്ണ്. ബി.സി 72-ല്‍ രചിച്ച ടോളമിയുടെ സഞ്ചാരരേഖകളില്‍ പുറക്കാടു നിന്നും നിരണത്തേക്കുള്ള സഞ്ചാരരേഖയുടെ വ്യക്തമായ സൂചനയുണ്ട്. അവരുടെ വിലപ്പെട്ട രേഖകളില്‍ നിരണത്തെ നെല്‍ക്കണ്ടി എന്നും, നിയാസണ്ടി എന്നും, മേല്‍ക്കണ്ടി എന്നും, നില്‍സണ്ടാ എന്നും ഏറെക്കുറെ സാമ്യമുള്ള വ്യത്യസ്ത പേരുകളില്‍ പരാമര്‍ശിക്കുന്നുണ്ട്. മധുര മുതല്‍ പഴയ ചെങ്കോട്ട താലൂക്കിലെ പമ്പിളി, അച്ചന്‍കോവില്‍ പ്രദേശങ്ങളിലൂടെ വനപ്രദേശത്തുള്ള തുറ എന്ന സ്ഥലത്ത് വന്ന് അച്ചന്‍കോവിലാറിന്റെ വടക്കേക്കരയിലൂടെ കോന്നിയും, കുമ്പഴയും, പത്തനംതിട്ടയും കടന്ന്, ചെങ്ങന്നൂരില്‍ ഇന്നത്തെ എം.സി റോഡിലെത്തിച്ചേരുന്ന വിസ്തൃതമായൊരു വനപാതയുണ്ടായിരുന്നു. ഗതാഗതത്തിനു പുറമേ വാണിജ്യാവശ്യങ്ങള്‍ക്കും ഈ വനപാത ഉപയോഗിച്ചിരുന്നു. മേല്‍പ്പറഞ്ഞ പാതയ്ക്കു പുറമേ കോന്നിയില്‍ നിന്ന് അച്ചന്‍കോവിലാറിന്റെ വടക്കേക്കരയിലൂടെ പന്തളത്തേക്ക് ഒരു പാത (ശാസ്താക്ഷേത്രങ്ങളായ കുളത്തൂപ്പുഴയേയും, ആര്യങ്കാവിനേയും, അച്ചന്‍കോവിലിനേയും ബന്ധിപ്പിക്കുന്നത്) കൂടിയുണ്ടായിരുന്നു. 17-ാം നൂറ്റാണ്ടിന്റെ അവസാനമാണ് കോട്ടയില്‍ കര്‍ത്താക്കന്മാര്‍ റാന്നി പ്രദേശത്ത് രണ്ടു ക്നാനായ കുടുംബക്കാരെ കൊണ്ടുവരുന്നത്. പിന്നീട് കോട്ടയം, കല്ലിശ്ശേരി, കടുത്തുരുത്തി, ഉദയംപേരൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലേക്ക് കുടിയേറിയ ക്നാനായ വിഭാഗക്കാര്‍ കൃഷി, കൈത്തൊഴില്‍, കച്ചവടം, ജലഗതാഗതം തുടങ്ങിയവയില്‍ സമര്‍ത്ഥന്മാരായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ തന്റെ പ്രവാസ ജീവിതകാലത്ത് പത്തനംതിട്ടയുടെ കിഴക്കന്‍പ്രദേശങ്ങളിലും ഒളിച്ചുപാര്‍ത്തിരുന്നുവെന്നു പറയപ്പെടുന്നു. ഇംഗ്ളീഷുകാര്‍ക്ക് പിടികൊടുക്കാതെ താമസിച്ചിരുന്ന കാലത്ത് വേലുത്തമ്പിദളവയും ഇവിടുത്തെ ചില പ്രദേശങ്ങളില്‍ പാര്‍ത്തിരുന്നുവത്രെ. എഴുത്തച്ഛനു മുമ്പ് മലയാളിക്ക് രാമായണം പരിചയപ്പെടുത്തിയ കണ്ണശ്ശകവികളെന്നും നിരണം കവികളെന്നും അറിയപ്പെടുന്ന രാമപ്പണിക്കരും, മാധവപ്പണിക്കരും, ശങ്കരപ്പണിക്കരും ജില്ലയുടെ പടിഞ്ഞാറുഭാഗത്ത് നിരണം എന്ന സ്ഥലത്ത് ജനിച്ചുവളര്‍ന്നവരാണ്. മഹാകവി പന്തളം കേരളവര്‍മ്മ, വിഷ്ണുനാരായണന്‍ നമ്പൂതിരി, വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, പുത്തന്‍കാവ് മാത്തന്‍ തരകന്‍, കെ.വി.സൈമണ്‍, പന്തളം കെ.പി.രാമന്‍ പിള്ള, ഹൃദയകുമാരി, കടമ്മനിട്ട രാമകൃഷ്ണന്‍, കോന്നിയൂര്‍ നരേന്ദ്രനാഥ് തുടങ്ങിയ പ്രശസ്ത വ്യക്തികള്‍ ഈ നാട്ടുകാരായിരുന്നു. ഇന്ത്യന്‍ നാവികസേനയുടെ കമാന്‍ഡര്‍-ഇന്‍-ചീഫ് ആയിരുന്ന അഡ്മിറല്‍ കുരുവിള (നിരണം), ആദ്യത്തെ വനിതാ സുപ്രീം കോടതി ജഡ്ജി ആയിരുന്ന ഫാത്തിമാ ബീവി, ഇന്ത്യയിലെ ആദ്യത്തെ ഐ.എ.എസ് വനിതയായ അന്നാ മല്‍ഹോത്ര എന്നീ പ്രശസ്ത വ്യക്തികളും പത്തനംതിട്ട സ്വദേശികളാണ്. പടയണി എന്ന ഗ്രാമീണ അനുഷ്ഠാനകലാരൂപത്തിന്റെ സ്വന്തം നാടാണ് പത്തനംതിട്ട. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന സി.കേശവന്‍, സി.പി.രാമസ്വാമി അയ്യരുടെ കിരാതഭരണത്തിനെതിരെ അണിനിരക്കുന്നതിന് ജനങ്ങളെ ആഹ്വാനം ചെയ്തു കൊണ്ട് സുപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം നടത്തിയത് ഈ ജില്ലയിലെ കോഴഞ്ചേരിയില്‍ വച്ചായിരുന്നു. ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്‍ നടക്കുന്നത് പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയില്‍ പമ്പാനദിയിലെ മണല്‍ത്തട്ടിലാണ്. ഇന്ത്യയിലാദ്യമായി സ്വകാര്യഉടമസ്ഥതയില്‍ നിര്‍മ്മിക്കുന്ന ആദ്യവിമാനത്താവളം നിലവില്‍ വരാന്‍ പോകുന്നത് പത്തനംതിട്ടയ്ക്കു സമീപത്തുള്ള ആറന്മുളയിലാണ്. പ്രത്യേക വാസ്തുവിദ്യാ വിരുതോടെ നിര്‍മ്മിക്കുന്ന ആറന്മുള കണ്ണാടി ലോകപ്രശസ്തമാണ്. ആറന്മുള കണ്ണാടി പ്രത്യേക ലോഹക്കൂട്ടുകൊണ്ടാണ് നിര്‍മ്മിക്കുന്നത്. വാസ്തുവിദ്യാഗുരുകുലം പത്തനംതിട്ടയില്‍ നിന്നും 16 കിലോമീറ്റര്‍ അകലെ ആറന്‍മുളയിലാണ് സ്ഥിതി ചെയ്യുന്നത്. മാര്‍ത്തോമാ കോളേജ്, ബി.എ.എം.കോളേജ്, സെന്റ് തോമസ്സ് കോളേജ് റാന്നി, കത്തോലികേറ്റ് കോളേജ് എന്നിവ ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഈ ജില്ലയില്‍കൂടി എം.സി റോഡുള്‍പ്പെടെ പ്രമുഖ സംസ്ഥാന ഹൈവേകള്‍ കടന്നുപോകുന്നുണ്ട്. തിരുവല്ലയിലാണ് ജില്ലയിലെ ഏക റെയില്‍വേസ്റ്റേഷന്‍. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ശബരമില, ശ്രീ വല്ലഭ വൈഷ്ണവക്ഷേത്രം, ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രം, കടമ്മനിട്ട ദേവീ ക്ഷേത്രം,  ഗുഹാക്ഷേത്രം, വലിയകോയിക്കല്‍ ക്ഷേത്രം, പത്തനംതിട്ട മുസ്ളീം പള്ളി, കുറ്റൂര്‍ മുസ്ളീം പള്ളി, പത്തനംതിട്ട മുസ്ളീം ജമാഅത്ത് പള്ളി, പരുമല ക്രിസ്ത്യന്‍ പള്ളി, മഞ്ഞനിക്കര ക്രിസ്ത്യന്‍ പള്ളി, തിരുവല്ല മാര്‍ത്തോമ്മാ പള്ളി, കോഴഞ്ചേരി മാര്‍ത്തോമ്മാ പള്ളി, മാരാമണ്‍ മാര്‍ത്തോമ്മാ പള്ളി തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന ആരാധനാലയങ്ങള്‍. പ്രശസ്തമായ പാര്‍ത്ഥസാരഥി ക്ഷേത്രം പുണ്യനദിയായ പമ്പയുടെ തീരത്ത് സ്ഥിതിചെയ്യുന്നു.ഒരു പാട് വിനോദ സഞ്ചാര കേന്ദ്രം ഉണ്ട് ജില്ലയില്‍ .അവയെ എല്ലാം നമ്മള്‍ക്ക് സഞ്ചാരികള്‍ പറഞ്ഞു തരും

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു