മല്യ ലണ്ടനിലേക്കു മുങ്ങുകയായിരുന്നു
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് മല്യയെ അറസ്റ്റ് ചെയ്തത്. നിരവധി തവണ ഇന്ത്യയിലെ കോടതിയിൽ ഹാജരാകാൻ മല്യയോടു കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും മല്യ ഇതിനു തയാറായിരുന്നില്ല.
9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളിൽനിന്നു വായ്പ എടുത്ത ശേഷം ഇതു തിരിച്ചടയ്ക്കാതെ കഴിഞ്ഞ വർഷം മാർച്ചിൽ മല്യ ലണ്ടനിലേക്കു മുങ്ങുകയായിരുന്നു. വൻതുക തിരികെ ലഭിക്കാതെ വന്നതോടെയാണ് 17 ബാങ്കുകൾ ചേർന്ന കണ്‍സോർഷ്യം മല്യയ്ക്കെതിരേ നിയമ നടപടി സ്വീകരിച്ചത്. യുകെയിലുള്ള മല്യയെ 2018 ജനുവരിയിൽ ഇന്ത്യയിൽ ഉറപ്പായും എത്തിക്കുമെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ കോടതിയെ അറിയിച്ചിരുന്നു. മല്യയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി കേന്ദ്രസർക്കാരിനു കർശന നിർദേശവും നൽകി.
ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന്റെ വളർത്തു മകൾ ഹണിപ്രീത് അറസ്റ്റിലായി
……………………
ചണ്ഡിഗഡിൽ ഹൈവേയിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഹണിപ്രീതിനൊപ്പം മറ്റൊരു സ്ത്രീയുമുണ്ടായിരുന്നു. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ 36 ദിവസമായി ഒളിവിലായിരുന്ന ഹണിപ്രീത് ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖം സംപ്രേക്ഷണം ചെയ്ത് മണിക്കൂറുകൾക്കകമാണ് പോലീസ് പിടിയിലാകുന്നത്.
തനിക്കെതിരെയും ഗുർമീതിനെതിരെയുമുള്ള ആരോപണങ്ങളെല്ലാം നിഷേധിച്ചാണ് ഗുർമിത് ഇന്ത്യാ ടുഡേയിൽ ലൈവായി പ്രത്യക്ഷപ്പെട്ടത്. അച്ഛനും മകളും തമ്മിലുള്ള ബന്ധമാണ് തനിക്ക് ഗുർമീതുമായുള്ളതെന്ന് ഹണിപ്രീത് അഭിമുഖത്തിൽ പറഞ്ഞു. മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്. സിർസയിലെ ആശ്രമത്തിൽ ആരും മാനഭംഗപ്പെട്ടിട്ടില്ലെന്നും ആരോപണങ്ങളെല്ലാം കളവാണെന്നും അവർ പറഞ്ഞു.