Trending Now

ലോസ് ആഞ്ചലസില്‍ ഓണവും ശ്രീനാരായണഗുരു ജയന്തിയും ആഘോഷിച്ചു

 
ലോസ് ആഞ്ചെലെസ്: കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ ആഭിമുഖ്യത്തില്‍ ഓണവും ശ്രീ നാരായണഗുരു ജയന്തിയും ആഘോഷിച്ചു. സെപ്റ്റംബര്‍ ഒന്‍പതു ശനിയാഴ്ച ലോസ് ആഞ്ചലസിലെ സനാതന ധര്‍മ ക്ഷേത്ര ഓഡിറ്റോറിയത്തിലായിരുന്നു നാലു മണിക്കൂറിലധികം നീണ്ടുനിന്ന ആഘോഷപരിപാടികള്‍.

ഓണപ്പൂക്കളം, ചെണ്ടമേളം, ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെടുത്തിയുള്ള സ്കിറ്റ്, തിരുവാതിര, ഭരത നാട്യം, സെമി ക്ലാസിക്കല്‍, സിനിമാറ്റിക് ഡാന്‍സുകള്‍, കുട്ടികളുടെ കലാപരിപാടികള്‍ തുടങ്ങിയവ ആസ്വദിക്കാന്‍ തദ്ദേശവാസികളടക്കമുള്ള നിരവധിപേര്‍ എത്തിയിരുന്നു. കാലിഫോര്‍ണിയയിലെ പ്രശസ്ത പാചക വിദഗ്ദന്‍ മാസ്റ്റര്‍ ഷെഫ് ജിജു പുരുഷോത്തമന്‍റെ നേതൃത്തല്‍ ജൈവ പച്ചക്കറികള്‍ മാത്രം ഉപയോഗിച്ച് തയാറാക്കിയ ഇരുപത്തിയഞ്ചു വിഭവങ്ങളടങ്ങിയ സദ്യ അതിഥികളുടെ പ്രശംസ പിടിച്ചുപറ്റി. ആഘോഷങ്ങളിലെ മുഖ്യതിഥിയും സാന്‍ഫ്രാന്‍സിക്കോ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡെപ്യൂട്ടി കോണ്‍സുലര്‍ ജനറലുമായ ശ്രീ.രോഹിത് രതീഷ് നിലവിളക്കു കൊളുത്തി പരിപാടികള്‍ ഉത്ഘാടനം ചെയ്തു. സ്ക്കൂള്‍ യൂണിവേഴ്സിറ്റി തലങ്ങളില്‍ ഗ്രാജുവേറ്റ് ചെയ്തവര്‍ക്കുള്ള അനുമോദന -പുരസ്ക്കാരങ്ങളുടെ വിതരണവും അദ്ദേഹം നിര്‍വഹിച്ചു

“ഓം’ പ്രസിഡണ്ട് രമ നായര്‍ അതിഥികളെ സ്വാഗതം ചെയ്തു. വരും മാസങ്ങളില്‍ ഓം സംഘടിപ്പിക്കാനുദ്ദേശിക്കുന്ന പരിപാടികളെക്കുറിച്ചു ഹൃസ്വമായി സംസാരിച്ച അവര്‍ സംഘടനയ്ക്കു സ്വന്തമായി ഒരു സാംസ്കാരിക കേന്ദ്രം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനുള്ള പ്രവര്‍ത്തങ്ങള്‍ക്ക് അതിഥികളുടെ നിര്‍ലോഭ സഹകരണം അഭ്യര്‍ത്ഥിച്ചു. സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ഓണസദ്യ ഒരുക്കിയ ജിജു പുരുഷോത്തമനെ ചടങ്ങില്‍ ആദരിച്ചു

ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെക്കുറിച്ചും അദ്ദേഹത്തിന്റെ സന്ദേശങ്ങളുടെ കാലിക പ്രസക്തിയെക്കുറിച്ചും പത്മനാഭ അയ്യര്‍ സംസാരിച്ചു. ആദ്ധ്യാല്‍മിക -സാമൂഹിക രംഗങ്ങളില്‍ വഴിയറിയാതെ നിന്ന ഒരു കാലത്തിനും ജനതയ്ക്കും വഴികാട്ടിയ ഒരു മഹാ ചൈതന്യമായിരുന്നു ഗുരുദേവനെന്നു അദ്ദേഹം പറഞ്ഞു.

ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ പ്രമുഖ സോഫ്റ്റ്വെയര്‍ സ്ഥാപനമായ യു എസ് ടി ഗ്ലോബലിന്റെ ചീഫ് ശ്രീ സാജന്‍ പിള്ള ഓം സാംസ്കാരിക കേന്ദ്രത്തിന് എല്ലാ സഹായ സഹകരങ്ങളും വാഗ്ദാനം ചെയ്തു. ഏകദേശം അഞ്ഞൂറോളം പേര്‍ ഓണസദ്യയും കലാപരിപാടികളും ആസ്വദിക്കുന്നതിനായി എത്തിയിരുന്നു. ആഘോഷങ്ങള്‍ വിജയിപ്പിക്കാന്‍ സഹകരിച്ചവരോടും പരിപാടികള്‍ അവതരിപ്പിച്ചവരോടും ആഘോഷങ്ങളുടെ പ്രയോജകരായ നമസ്‌തേ പ്ലാസ, മാത്യു തോമസ്, ഇന്‍ഡോ അമേരിക്കന്‍ കാറ്ററിംഗ് സര്‍വീസ് എന്നിവരോടും സെക്രട്ടറി വിനോദ് ബാഹുലേയനും ഡയറക്ടര്‍ രവി വെള്ളത്തേരിയും നന്ദി പ്രകടിപ്പിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു