ആരോഗ്യ മന്ത്രി നാളെ പത്തനംതിട്ട ജില്ലയില്‍; വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

 

ജില്ലയിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ  ആരോഗ്യവും – സാമൂഹിക നീതിയും വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. നാറാണംമൂഴി, ഓതറ, ചന്ദനപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും, അടൂര്‍ ജനറല്‍ ആശുപത്രി, കോന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെയും വിവിധ വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക.
സംസ്ഥാനത്ത് ഐ എസ് ഒ 9001 : 2008 സര്‍ട്ടിഫിക്കേഷന്‍ നേടിയ ആദ്യ പ്രാഥമിക ആരോഗ്യ കേന്ദ്രമായ ഓതറ പിഎച്ച്‌സി കുടുംബാരോഗ്യ കേന്ദ്രമായി മാറ്റുന്നതിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 12.30ന് ഓതറ സിഎസ്‌ഐ സ്പിരിച്വാലിറ്റി സെന്ററില്‍ ആരോഗ്യ മന്ത്രി നിര്‍വഹിക്കും. ഓതറ പിഎച്ച്‌സി അടക്കം ജില്ലയില്‍ എട്ട് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ആണ് ആര്‍ദ്രം മിഷന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനവും പ്രവര്‍ത്തന ക്ഷമതയും വര്‍ധിപ്പിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റുന്നത്. ഇതിലൂടെ സമ്പൂര്‍ണവും ആധുനികവുമായ പ്രാഥമിക ചികിത്സ പിഎച്ച്‌സികളില്‍ ഉറപ്പാക്കുവാന്‍ സാധിക്കും. വീണ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍ , കേരള സ്റ്റേറ്റ് ഷോപ്‌സ് & എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. കെ അനന്തഗോപന്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ ദേവി, സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല മാത്യൂസ്, ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് അഡ്വ. എന്‍.രാജീവ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം എ സോഫിയ ബാനു, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍, ഡെപ്യുട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. റ്റി. അനിതാകുമാരി , ഡോ. എല്‍. അനിതാകുമാരി, ഡോ സി എസ് നന്ദിനി, ജില്ലാ – ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കോന്നി താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന ജറിയാട്രിക് വാര്‍ഡിന്റെ ശിലാസ്ഥാപനവും ഐപി വാര്‍ഡിലേക്കുള്ള റോഡിന്റെ ഉദ്ഘാടനവും രാവിലെ 9.30 ന് ആരോഗ്യമന്ത്രി നിര്‍വഹിക്കും. ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ അടൂര്‍ പ്രകാശ് എംഎല്‍എ അധ്യക്ഷത വഹിക്കും. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്നും അനുവദിച്ച 22 ലക്ഷം രൂപ ചെലവിലാണ് ജറിയാട്രിക് വാര്‍ഡ് നിര്‍മിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ ദേവി, ജില്ലാ – ബ്ലോക്ക്- ഗ്രാമ പഞ്ചയാത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നാറാണംമൂഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഐപി ബ്ലോക്കിന്റെ ശിലാസ്ഥാപനം രാവിലെ 10.45ന് ആരോഗ്യമന്ത്രി നിര്‍വഹിക്കും. ലോക ബാങ്ക് സ്‌പെഷ്യല്‍ ഫണ്ടായി അനുവദിച്ച 1.5 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം. ഇത് കൂടാതെ 50ലക്ഷം രൂപ ഉപയോഗിച്ച് ആശുപത്രി ഉപകരണങ്ങള്‍ വാങ്ങും. രാജു എബ്രഹാം എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ജില്ലാ – ബ്ലോക്ക്- ഗ്രാമ പഞ്ചയാത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ , ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. 11.30ന് പഴവങ്ങാടി എസ്.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ റാന്നി മെറിറ്റ് ഫെസ്റ്റ് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും. റാന്നി നിയോജകമണ്ഡലത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു, സിബിഎസ് ഇ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും നൂറുമേനി വിജയം കൊയ്ത സ്‌കൂളുകളെയും മെറിറ്റ് ഫെസ്റ്റില്‍ അനുമോദിക്കും.
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ ഒപി കൗണ്ടറിന്റെയും കൗമാര സൗഹൃദ ആരോഗ്യ കേന്ദ്രത്തിന്റെയും പാലിയേറ്റിവ് വാര്‍ഡിന്റെയും ഉദ്ഘാടനം വൈകിട്ട് 3.45ന് ആരോഗ്യമന്ത്രി നിര്‍വഹിക്കും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഹരിത കേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ടി എന്‍ സീമ എംപിയായിരിക്കെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചാണ് ഒപി കൗണ്ടര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യം ഫണ്ട് ഉപയോഗിച്ച് കൗമാര സൗഹൃദ ആരോഗ്യ കേന്ദ്രവും അടൂര്‍ മുനിസിപ്പാലിറ്റിയുടെ 2.25 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് പാലിയേറ്റിവ് വാര്‍ഡും നിര്‍മിച്ചു. ആന്റോ ആന്റണി എംപി , ജില്ലാ – ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ , ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
വൈകിട്ട് 4.30ന് ചന്ദനപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പുതിയ ഒപി ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി നിര്‍വഹിക്കും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച 34.5 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ഒപി ബ്ലോക്ക് നിര്‍മിച്ചിരിക്കുന്നത്. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ്, ജില്ലാ – ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ , രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ , ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു