Trending Now

നഴ്‌സിംഗ് സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ ന്യായം : സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം

 

മാന്യമായ വേതന വ്യവസ്ഥയ്ക്കായി പോരാടിക്കൊണ്ടിരിക്കുന്ന കേരളത്തിലെ സ്വകാര്യമേഖലയിലെ നഴ്‌സിംഗ് സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ ന്യായമാണ് .ജോലി ചെയ്‌താല്‍ കൂലി ലഭിക്കണം .അതും മാന്യമായ കൂലി .കൂലി കൃത്യമായി നല്‍കുന്നില്ല എന്ന് മാത്രമല്ല വേതനം നല്‍കുന്ന” മാന്യന്‍റെ” നാവില്‍ നിന്നും പുറപ്പെടുന്ന അശ്ലീല പദങ്ങള്‍ കൂടി കേള്‍ക്കേണ്ട അവസ്ഥയിലാണ് നഴ്‌സിംഗ് വിഭാഗം .സ്വകാര്യ ആതുരാലയ ഭരണക്കാര്‍ രോഗികളെ ഞെക്കി പിഴിയുമ്പോള്‍ എല്ലാത്തിനും സാക്ഷിയായി രോഗികളുടെയും അടുത്ത ബന്ധുക്കളുടെയും ശാപ വചനം കൂടി കേള്‍ക്കേണ്ടി വരുന്നു . വളരെയേറെ ന്യായമായ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിച്ചു ഒത്തുതീര്‍പ്പും സമവായവും നടപ്പിലാക്കുവാന്‍ ആതുരാലയഭരണകര്‍ത്താക്കളൊടും കേരള സര്‍ക്കാറിനോടും ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം കണ്ടിലെന്ന് നടിക്കരുത് .
ജോലിചെയ്യമ്പോള്‍ ഏറ്റെടുക്കേണ്ടിവരുന്ന ജോലിഭാരവും പ്രവര്‍ത്തനസമയനിയമങ്ങളും അത്യന്തം കഠിനമെന്നിരിക്കെത്തന്നെ തുച്ഛമായ വേതനം നല്‍കി ഈ വിഭാഗത്തെ അവഹേളിക്കുന്ന അവസ്ഥ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്നിരുന്നാല്‍തന്നെയും, ഇത്രകാലം ക്ഷമയോടെ ഇതിനു പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയില്‍ മുഴുകിയിരുന്ന സ്വകാര്യാതുരാലയങ്ങളിലെ നഴ്‌സിംഗ് സമൂഹം നീതിപൂര്‍വ്വമല്ലാത്ത ഈ അവഗണണയ്‌ക്കെതിരെ ഇപ്പോള്‍ കേരളത്തില്‍ ശക്തമായി പ്രതിഷേധിക്കാനാരംഭിച്ചിരിക്കുന്നു

ആതുരശ്രുശൂഷാരംഗത്തെ ഒഴിച്ചുകൂടാത്ത ഘടകമായ നഴ്‌സസ്സിന്റെ കേരളത്തിലെ ദിവസ വേതനം ഏതു കൂലിപ്പണിക്കാരനും അന്യദേശത്തൊഴിലാളിക്കും കിട്ടുന്നതിനെക്കാലും തുലോം തുച്ഛമാണെന്നതു ആരോഗ്യ മേഖലയ്ക്കും മലയാളി സമൂഹത്തിനു തന്നെയും അത്യപമാനകരമാണ്. ഇവര്‍ക്കു അവരുടെ നാലു വര്‍ഷം വരുന്ന തൊഴിലതിഷ്ഠിത വിദ്യാഭ്യാസത്തിനെയും ജോലിഭാരത്തിനെയും തൃണവല്‍ഗണിച്ചുകൊണ്ടുള്ള ശമ്പള വ്യവസ്ഥയാണു സ്വകാര്യ ആശുപത്രികള്‍ നിശ്ചയിച്ചു നടപ്പിലാക്കുന്നത്. സ്ത്രീജനപ്രാധിനിത്യമേറിയ നഴ്‌സിംഗ് വിഭാഗത്തിനു സംഘടനാ ശക്തി കുറഞ്ഞിരുന്ന കാലഘട്ടത്തില്‍ സ്വകാര്യ മാനേജുമെന്റുകളുടെ ചൂഷണത്തിനു അത് വളമായി . നേഴ്സിംഗ് വിഭാഗം ഇപ്പോള്‍ സംഘടിതരായി ആവശ്യങ്ങള്‍ മുന്നോട്ട് വച്ചപ്പോള്‍ മുഖം തിരിച്ച സ്വകാര്യ ആശുപത്രി ഭരണക്കാര്‍ ജാതി മതത്തില്‍ നിന്ന് കൊണ്ട് ആശുപത്രികള്‍ നടത്തുന്നവരാണ് .അവര്‍ക്ക് ഇതൊരു വന്‍ വ്യവസായമാണ്‌ .പക്ഷെ നേഴ്സിംഗ് വിഭാഗത്തിന് ജീവിക്കാന്‍ ഉള്ള വേതനം നല്‍കാതെ ഒഴിഞ്ഞു മാറുന്ന സമീപനം എതിര്‍ക്കപ്പെടണം . നേഴ്സിംഗ് വിഭാഗത്തിന് രാജ്യ വ്യാപകമായി സമരം നടത്തുവാന്‍ ഉള്ള ശേഷി കൈവന്നിട്ടുണ്ട് .വിദേശ രാജ്യങ്ങളിലെ മലയാളി നേഴ്സിംഗ് സംഘടനകള്‍ ഐക്യ പ്രകടിപ്പിച്ചു .കേരളത്തിലെ വിവിധ മതങ്ങളിലും സമുദായ സംഘടനകളിലും പെട്ട സ്വകാര്യ ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകളുടെ ഇപ്പോഴത്തെ അനുകമ്പയില്ലാത്ത സമീപനത്തെ അത്യധികം ഉല്‍ക്കണ്ഠയോടെയും ദുഖത്തോടെയുമാണ് ജനം വീക്ഷിക്കുന്നത് . നേഴ്സിംഗ് സമരം ഒത്തു തീര്‍പ്പ് ആക്കേണ്ടത് കേരള സര്‍ക്കാര്‍ ആണ് .തൊഴില്‍ വകുപ്പ് ഇക്കാര്യത്തില്‍ അലംഭാവം വെടിയണം .സ്വകാര്യ ആശുപത്രികളില്‍ നേഴ്സിംഗ് വിഭാഗം അനുഭവിക്കുന്ന യാതനകളെ കണ്ടെത്തുവാന്‍ സര്‍ക്കാര്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തണം .ജനകീയ പക്ഷത്തുനിന്ന് വികസനം ആഗ്രഹിക്കുന്ന സര്‍ക്കാര്‍ നേഴ്സിംഗ് വിഭാഗത്തിന് മാന്യമായ വേതനം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!