Trending Now

പരിസ്ഥിതി മരംനടീല്‍ മാത്രമല്ല ജീവിതക്രമത്തിലൂടെ വളര്‍ത്തിയെടുക്കേണ്ട തിരിച്ചറിവാണ്

ജയന്‍ കൊടുങ്ങല്ലൂര്‍
പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധം അഭേദ്യമാണ്. അവന്റെ പാര്‍പ്പിടം, വസ്ത്രം, ഭക്ഷണം, വിദ്യാഭ്യാസം, സംസ്കാരം, കൃഷി, വ്യവസായം തുടങ്ങിയ മേഖലകളും എല്ലാ പ്രവര്‍ത്തനങ്ങളും അതുമായി ബന്ധപ്പെട്ടതാണ്. ഇതെല്ലാം ഉള്‍ക്കൊള്ളുന്ന വിശാലമായ ഒരര്‍ത്ഥം പരിസ്ഥിതി എന്ന നാലക്ഷരത്തില്‍ ഒതുങ്ങിയിരിക്കുന്നു. ആകാശവും ഭൂമിയും അതിലെ സര്‍വ്വചരാചരങ്ങളും ദൈവം സൃഷ്ടിച്ചിട്ടുള്ളത് മനുഷ്യജീവിതം സുഖകരവും ധന്യമാക്കാനുമാണ്. ഇതരസൃഷ്ടികളില്‍ നിന്ന് അവന്‍ ശ്രേഷ്ഠനായിട്ടുള്ളതും അതുകൊണ്ടുതന്നെ. ഭൂമിയില്‍ ജനജീവിതവും അവരുടെ ആഗ്രഹാഭിലാഷങ്ങളും വര്‍ധിക്കുന്തോറും പ്രകൃതിവിഭവങ്ങളും വികസിക്കുന്നുവെന്നത് വസ്തുതയാണ്. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിട്ടുള്ള ഒരാള്‍ക്ക് ഒരിക്കലും തന്നെ അവന്റെ പരിസ്ഥിതി നശിപ്പിക്കാനോ മലീമസമാക്കുവാനോ സാധിക്കുകയില്ല, മറിച്ച് അതിന്റെ സംരക്ഷകനായിരിക്കും

ഇന്ന് പരിസ്ഥിതിയെ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യുന്ന ജീവിവര്‍ഗ്ഗം മനുഷ്യനാണ്. തങ്ങള്‍ക്ക് തിന്നാനുള്ള ഭക്ഷണം ഇല്ലാതെവരുമ്പോഴാണ് പക്ഷി മൃഗാദികള്‍ ശരീരത്തിനു ചേരാത്ത ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ മനുഷ്യന്‍ വ്യത്യസ്ത രുചിവിഭവങ്ങള്‍ തേടിപ്പോകുകയും ഭൂമിയിലെ മണ്ണിനും സ്വന്തം വയറിനും ചേരാത്തവ ഭക്ഷണത്തിലുള്‍പ്പെടുത്തുകയും ചെയ്യുന്നു. പരിസ്ഥിതിയെ തകര്‍ക്കല്‍ അവിടുന്നാണ് ആരംഭിക്കുന്നത്. ലോകത്ത് കുഞ്ഞുങ്ങളുള്‍പ്പടെ വലിയൊരു വിഭാഗം ജനങ്ങള്‍ ഭക്ഷണം കഴിക്കാനില്ലാതെ വലയുമ്പോള്‍ ലോകത്തെല്ലാവര്‍ക്കുംകൂടി കഴിക്കാനുള്ള ഭക്ഷണം പാഴാക്കുന്നവരാണ് കൂടുതലും. ഇന്ന് ലോകത്ത് ഏഴുപേരില്‍ ഒരാള്‍ വിശപ്പ് സഹിച്ചുകൊണ്ടാണ് ഉറങ്ങാന്‍ കിടക്കുന്നത്. ഓരോ വര്‍ഷവും അഞ്ചുവയസ്സില്‍ താഴെ പ്രായമുള്ള 30,000 ഓളം കുട്ടികള്‍ പട്ടിണിമൂലം മരിക്കുന്നുണ്ട്. ലോകമെമ്പാടും 800 കോടിയോളം ജനങ്ങള്‍ വിഭവദാരിദ്ര്യം അനുഭവിക്കുകയാണെന്നാണ് ഐക്യരാഷ്ട്രസഭ പുറത്തുവിട്ടിട്ടുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉല്‍പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളില്‍ മൂന്നിലൊന്നും പാഴാക്കിക്കളയുമ്പോഴും ഭക്ഷണത്തിനായി പ്രകൃതി വിഭവങ്ങളെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നതാണ് പാരിസ്ഥിതിക പ്രത്യാഘാതം സൃഷ്ടിക്കുന്നത്. അതിനാദ്യം ചെയ്യേണ്ടത് ഭക്ഷണം പാഴാക്കിക്കളയുന്നത് തടയണമെന്നതാണ്. നമ്മുടെ വീട്ടില്‍ നിന്നാണ് ഈ പരിസ്ഥിതി പ്രവര്‍ത്തനം ആരംഭിക്കേണ്ടത്.

മനുഷ്യശരീരത്തിന്റെ വളര്‍ച്ചക്ക് പ്രോട്ടീന്‍ നല്‍കുന്ന ആഹാരത്തിന് നാം ആശ്രയിക്കുന്നത് കന്നുകാലികളുടെ മാംസവും ചെടികളില്‍ നിന്നുള്ള പഴവര്‍ഗങ്ങളുമാണല്ലോ. രോഗം പിടിച്ച കന്നുകാലികളുടെ മാംസം ഭക്ഷിച്ചും രാസവളം ചേര്‍ത്ത ചെടികളില്‍ നിന്നുണ്ടാകുന്ന പഴവര്‍ഗങ്ങള്‍ കഴിച്ചും എത്രയെത്ര മനുഷ്യരാണ് അകാലചരമം പ്രാപിച്ചത്. എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ പ്രയോഗം മൂലം അംഗവൈകല്യം സംഭവിച്ച ജനങ്ങളുടെ ഒരു പ്രദേശം തന്നെ കാസര്‍കോട് ജില്ലയില്‍ കുപ്രസിദ്ധമാണ്. അതിനാല്‍ ഓക്സിജനും കാര്‍ബണ്‍ ഡൈ ഓക്സൈഡും സന്തുലിതാവസ്ഥ പ്രാപിക്കുവാനായി ചെടികള്‍ നട്ടുപിടിപ്പിച്ച് മനുഷ്യന്റെയും കന്നുകാലികളുടെയും ആരോഗ്യകരമായ വളര്‍ച്ചക്കുതകുന്ന വിധം പരിസരം പരിശുദ്ധമാക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കേണ്ടിയിരിക്കുന്നു. മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും അത്യാവശ്യമായ ഗ്ലൂക്കോസ് സൂര്യ പ്രകാശത്തിലൂടെയുള്ള കെമിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. അതിനാല്‍ കൃഷിയുടെയും ചെടികളുടെയും വളര്‍ച്ചക്ക് സൂര്യപ്രകാശം എത്രത്തോളം വിലമതിക്കുന്നതാണെന്ന് പറയേണ്ടതില്ല. അതിനാല്‍ അതിന് തടസ്സമാകുന്ന വനങ്ങള്‍ വെട്ടിമാറ്റുന്നതില്‍ വ്യാകുലരാകേണ്ടതുമില്ല. പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സംരക്ഷണം മനുഷ്യന്റെ സംരക്ഷണത്തിന് വേണ്ടിയാണെന്ന് സാരം. ഭൂമിയുടെ പ്രകൃതി ഭംഗി കണ്ട് ആനന്ദിച്ച മഹാകവി ഒരിക്കല്‍ പാടുകയുണ്ടായി.

“തിരൂരില്‍ നിന്നിപ്പുഴനാലുകാതം-നീണ്ടും വളഞ്ഞും-കാട്ടില്‍ പെരുമ്പാമ്പിഴയുന്ന മട്ടില്‍ പോകുന്നു മേല്‍പ്പോട്ടുതകുന്ന ചന്തം.”..
എന്നാല്‍ പ്രകൃതിയുടെ ഈ മനോഹാരിത നഷ്ടപ്പെടുത്തുന്ന ജല മലിനീകരണം മാന്യമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഏവരെയും ദുഃഖിപ്പിക്കുന്ന സംഭവമാണ്. നാം വിശുദ്ധമെന്ന് കരുതുന്ന ഗംഗാനദിയുടെ ശുദ്ധീകരണത്തിന് ഗവണ്‍മെന്റ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഈ രാജ്യത്തെ മറ്റു നദികളുടെയും ശുദ്ധീകരണത്തിന് പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടിവരും. ശുദ്ധീകരണത്തിന് മുമ്പ് അത് മലീമസമാക്കാതിരിക്കാന്‍ വേണ്ടത് ചെയ്യുകയല്ലേ അഭികാമ്യം. നദികളുടെ ഉത്ഭവകേന്ദ്രമായ മലകളിലെ കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം ഭൂമിയുടെ സന്തുലിതാവസ്ഥ തെറ്റിക്കുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

പരിസരം മലീമസമാക്കുന്ന ഒരു പ്രധാന ഘടകമാണ് ധൂര്‍ത്ത്. നാം കഴിക്കുന്ന ഭക്ഷണപാനീയങ്ങളില്‍ അമിതമായി വരുന്ന എച്ചിലുകള്‍ ലാഘവത്തോടെ വലിച്ചെറിയരുത്. അത് കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ ചെയ്യണം. ചുരുക്കത്തില്‍ വെള്ളവും വായുവും മണ്ണും വൃത്തികേടാക്കാതെ സൂക്ഷിച്ചാല്‍ മനുഷ്യജീവിതത്തെ ഭീഷണിപ്പെടുത്തുന്ന പരിസ്ഥിതി മലിനീകരണത്തില്‍ നിന്ന് നമുക്ക് രക്ഷ പ്രാപിക്കാം. പ്രകൃതി സംരക്ഷണം നീണാള്‍ വാഴട്ടെ നനുക്ക് ഒരുമിച്ച് കൈകോര്‍ക്കാം പ്രകൃതി സംരക്ഷണത്തിനായി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!