ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയായ പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിൽ ഇന്ന് (ഡിസംബർ 5) വർദ്ധനവ് രേഖപ്പെടുത്തി. ഈ വർഷത്തെ മണ്ഡല-മകരവിളക്ക് സീസണിൽ ശരാശരി 2000 പേരായിരുന്നു ദിവസേന ഈ പാത വഴി എത്തിയിരുന്നത്. ഭക്തരുടെ തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ പാതയിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പാതയിലുടനീളം വനംവകുപ്പിന്റെ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. പുല്ലുമേട് പാത വഴി എത്തുന്നവർക്ക് പതിനെട്ടാം പടി ചവിട്ടുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡും പോലീസും ചേർന്ന് പ്രത്യേക സംവിധാനം ഏർപ്പെടുത്തി. ഇവർക്ക് വാവര് സ്വാമി നടയ്ക്ക് മുന്നിലൂടെ ആഴിക്ക് സമീപമുള്ള ആൽമരത്തിന് അരികിലൂടെയുള്ള വഴിയിലൂടെ പ്രവേശിച്ച് പതിനെട്ടാം പടി ചവിട്ടി ദർശനം പൂർത്തിയാക്കാം.
Read More