ചൂട് കൂടുന്നതിനാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കെതിരെ പ്രത്യേക ശ്രദ്ധ വേണം : ഡിഎംഒ

ജില്ലയില്‍ ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ ഉണ്ടാകാന്‍ ഇടയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കെതിരെ പ്രത്യേക ശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശിവലിവ് അനുഭവപ്പെടുകയും ചെയ്യും. ഉപ്പിട്ട കഞ്ഞി വെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആവശ്യമെങ്കില്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടേണ്ടതുമാണ്. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്ന ഹീറ്റ് റാഷ് അഥവാ ചൂടുകുരു ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീര ഭാഗങ്ങള്‍ ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം. അമിതമായ വിയര്‍പ്പ്, കഠിനമായ ക്ഷീണം, തലവേദന, തലകറക്കം, പേശിവലിവ്, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവ താപ ശോഷണത്തിന്റെ പ്രാരംഭലക്ഷണങ്ങളാണ്. വിയര്‍പ്പിലൂടെ ധാരാളം വെള്ളവും ലവണങ്ങളും നഷ്ടപ്പെടുന്നതുകൊണ്ടാണിത്.…

Read More