Trending Now

പത്തനംതിട്ട അബാന്‍ ഫ്ളൈ ഓവറിന് അന്തിമ ധനാനുമതി

 

കോന്നി വാര്‍ത്ത : പത്തനംതിട്ട അബാന്‍ ഫ്ളൈ ഓവറിന് കിഫ്ബിയുടെ അന്തിമ ധനാനുമതി ലഭിച്ചു. ഇന്നലെ ചേര്‍ന്ന ജനറല്‍ ബോഡി യോഗമാണ് പത്തനംതിട്ട അബാന്‍ ഫ്ളൈ ഓവറിന് നിര്‍മാണത്തിനുള്ള അന്തിമ ധനാനുമതി നല്‍കിയത്. അനുമതി ലഭിച്ച സാഹചര്യത്തില്‍ ഉടന്‍ തന്നെ സാങ്കേതിക അനുമതി നേടി ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കാന്‍ കഴിയുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. പത്തനംതിട്ട നഗരത്തിന്റെ മുഖഛായ മാറ്റുന്ന ഈ വികസന പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും എംഎല്‍എ പറഞ്ഞു.
ജില്ലയിലെ ആദ്യത്തെ മേല്‍പ്പാലമാണ് പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നിര്‍മിക്കാന്‍ പോകുന്നത്. മേല്‍പ്പാലത്തിന്റെ ആകെ നീളം 703.9 മീറ്ററും, അപ്രോച്ച് റോഡിന്റെ നീളം 240 മീറ്ററുമാണ്. നടപ്പാതയുടെ വീതി 11 മീറ്ററും, അപ്രോച്ച് റോഡിന്റെ വീതി 12 മീറ്ററുമാണ്. 23 സ്പാനുകളാണ് പാലത്തിനുള്ളത്. 46.81 കോടി രൂപയ്ക്കാണ് ഫ്ളൈ ഓവറിന് അനുമതി ലഭിച്ചിരിക്കുന്നത്.
ഈ സര്‍ക്കാര്‍ സംസ്ഥാന ബജറ്റില്‍ കിഫ്ബിയിലൂടെ അനുവദിച്ച പാലത്തിന്റെ നിര്‍മാണത്തിനുള്ള മണ്ണ് പരിശോധന പൂര്‍ത്തിയായി, ഡിപിആര്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു.
സൂഷ്മമായ പരിശോധനകള്‍ക്കും, വിശകലനങ്ങള്‍ക്കും ശേഷമാണ് അന്തിമ അനുമതി ലഭിച്ചിരിക്കുന്നത്. കെആര്‍എഫ്ബിയാണ് (കേരള റോഡ് ഫണ്ട് ബോര്‍ഡ്) ഇതിന്റെ എസ്പിവി (സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍).
കെഎസ്ആര്‍റ്റിസി സ്റ്റാന്റിന്റെ അടുത്ത് നിന്ന് ആരംഭിച്ച് മുത്തൂറ്റ് ആശുപത്രി സമീപം എത്തത്തക്ക വിധത്തിലാണ് പാലം അവസാനിക്കുന്നത്. റിംഗ് റോഡിന് മുകളിലൂടെയാണ് പാലം വരുന്നത്. മിനി സിവില്‍ സ്റ്റേഷന്‍ മുതല്‍ റ്റികെ റോഡ് വരെ ട്രാഫിക്ക് ഒരു കുപ്പിയുടെ കഴുത്ത് പോലെയാണ്. കുമ്പഴ ഭാഗത്ത് നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്ന ഭാഗം ഇടുങ്ങിയതാണ്. ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാണ് അബാന്‍ മേല്‍പ്പാലം.