മാലിന്യ രഹിത നേട്ടവുമായി തുമ്പമണ്‍ ശുചിത്വ പദവിയിലേക്ക്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന സര്‍ക്കാരിന്റെ പന്ത്രണ്ടിന പരിപാടിയുടെ ഭാഗമായി ഖരമാലിന്യ രഹിത നേട്ടം കൈവരിച്ച് തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് ശുചിത്വ പദവിയിലേക്ക്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഖറിയാ വര്‍ഗീസ് ശുചിത്വ പദവി പ്രഖ്യാപനം നടത്തി. തുടര്‍ന്ന് ജില്ലാതല ശുചിത്വ അവലോകന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ നിയമിച്ച വിദഗ്ധ സംഘം പരിശോധിച്ച് ഗ്രേഡിംഗ് നടത്തുകയും ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനം സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലും സമിതിയുടെ നേരിട്ടുള്ള സന്ദര്‍ശനത്തിലൂടെയും ഹരിതകര്‍മ്മസേനയുമായുള്ള ആശയവിനിമയത്തിലൂടെയും മാര്‍ക്കുകള്‍ നിശ്ചയിച്ചു.

88 ശതമാനം മാര്‍ക്കോടെ തുമ്പമണ്‍ ജില്ലയില്‍ ഒന്നാമത്

ശുചിത്വ പദവി വിലയിരുത്തലില്‍ 88 ശതമാനം മാര്‍ക്കോടെ തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് ജില്ലയില്‍ ഒന്നാമതെത്തി. ഇതിന് ഏറ്റവും കൂടുതല്‍ പങ്ക് വഹിച്ചത് ഹരിതകര്‍മ്മസേന അംഗങ്ങളാണ്. അജൈവ മാലിന്യ സംസ്‌കരണം, ജൈവ മാലിന്യ സംസ്‌കരണം, ദ്രവ മാലിന്യ സംസ്‌കരണം തുടങ്ങിയ മൂന്ന് ഘട്ടങ്ങളിലായി വേണം പഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ പദവി കൈവരിക്കുവാന്‍. അതില്‍ അജൈവ മാലിന്യ സംസ്‌കരണത്തിന് രാജ്യത്തിന് തന്നെ മാതൃകയായി ഹരിതകേരളം മിഷന്‍, കില, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവര്‍ ചേര്‍ന്ന് നടത്തിയ ദേശീയ വെബിനാറില്‍ സംസ്ഥാനത്ത് നിന്നും തെരെഞ്ഞെടുത്ത ഏഴ് ഗ്രാമപഞ്ചായത്തുകളില്‍ ഒന്നായി തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് മാറി.

അജൈവ മാലിന്യ ശേഖരണത്തിനായി ഹരിതകര്‍മ്മസേന

അജൈവ മാലിന്യ ശേഖരണം ചിട്ടയായ രീതിയില്‍ നടത്തുന്നതിനായി ഓരോ വാര്‍ഡില്‍ നിന്നും രണ്ടുപേര്‍ എന്ന ക്രമത്തില്‍ 26 ഹരിതകര്‍മ്മസേനാംഗങ്ങള്‍ തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ മാസവും ഹരിതകര്‍മ്മസേനാംഗങ്ങള്‍ പ്രത്യേക കലണ്ടര്‍ പ്രകാരം ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നു. ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ഗ്രാമപഞ്ചായത്ത് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററിലേക്കും തുടര്‍ന്ന് ക്ലീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ ആറന്മുള റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററിലേക്കും എത്തിക്കുന്നു. ഇതിലൂടെ പ്രതിമാസം ഒരു ഹരിതകര്‍മ്മസേനാംഗത്തിന് ശരാശരി 4000 രൂപ വരെ വരുമാനം ലഭിക്കുന്നു.
വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും 60 രൂപ നിരക്കില്‍ യൂസര്‍ഫീ ഈടാക്കുന്നുണ്ട്. 100 സ്‌ക്വയര്‍ ഫീറ്റിന് താഴെയുള്ള വീടുകളുടെ യൂസര്‍ഫീ ഗ്രാമപഞ്ചായത്ത് ഫണ്ടില്‍ നിന്നും ഈടാക്കുകയും ചെയ്യും. കൂടാതെ എല്ലാ സ്ഥാപനങ്ങളും ലൈസന്‍സ് ഫീയോടൊപ്പം 720 രൂപ എല്ലാ വര്‍ഷവും യൂസര്‍ഫീ ആയി നല്‍കുകയും ചെയ്യുന്നു. ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കാവശ്യമായ പരിശീലനങ്ങളും നിര്‍ദ്ദേശങ്ങളും ഹരിതകേരളം മിഷന്‍, ക്ലീന്‍ കേരള കമ്പനി, ഹരിതസഹായ സ്ഥാപനം എന്നിവര്‍ മുഖേന നല്‍കുന്നുണ്ട്. കൂടാതെ ഹരിതകര്‍മ്മസേനയെ ഒരു സംരംഭക തലത്തിലേക്ക് എത്തിക്കുന്നതിന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ പരിശീലനങ്ങളും നടന്നുവരുന്നു.

കോവിഡ് കാലത്ത് വാട്ട്സ് ആപ്പിലൂടെ മാലിന്യ ശേഖരണം

കോവിഡ് കാലത്ത് 13 വാര്‍ഡുകളിലും ‘കോവിഡ് കമ്മ്യൂണിറ്റി’ എന്ന പേരില്‍ വാട്ട്സ് ആപ് ഗ്രൂപ്പുകള്‍ തുടങ്ങി. ഓരോ വീടുകളിലും അജൈവമാലിന്യം വൃത്തിയാക്കി വച്ച ശേഷം അതാത് വീട്ടുകാര്‍ അതിന്റെ ഫോട്ടോ വാട്ട്സ്ആപ് ഗ്രൂപ്പുകളിലൂടെ ഹരിതകര്‍മ്മസേനാംഗങ്ങളെ അറിയിക്കും. തുടര്‍ന്ന് ഹരിതകര്‍മ്മസേനാംഗങ്ങള്‍ സുരക്ഷാ ഉപാധികളോടുകൂടി വീടുകളില്‍ എത്തി മാലിന്യം ശേഖരിക്കും. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വീടുകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കി. കൂടാതെ ഗ്രാമപഞ്ചായത്ത് 16120 രൂപ ഫണ്ട് വച്ച് മാസ്‌ക്, ഗ്ലൗസ്, സ്പ്രേയര്‍, ഗംബൂട്ട്സ്, സാനിറ്റൈസര്‍ തുടങ്ങിയ സുരക്ഷാ ഉപാധികളും നല്‍കി.
എല്ലാ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും യൂസര്‍ഫീ ഉറപ്പാക്കുവാന്‍ വിവിധ തരത്തിലുള്ള ക്യാമ്പയിനുകളും സര്‍വ്വേ പ്രവര്‍ത്തനങ്ങളും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. കൂടാതെ ഹരിതനിയമ ബോധവത്ക്കരണം, ഹരിതസന്ദേശറാലി, കുട്ടികള്‍ക്കായി ജാഗ്രതോത്സവം, പെന്‍സില്‍ തുടങ്ങിയ ക്യാമ്പയിനുകളും നടത്തി.
പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം കത്തിക്കുന്നവര്‍ക്കും വലിച്ചെറിയുന്നവര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ പഞ്ചായത്ത് സ്വീകരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 15000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത് വഴി 1,30,000 രൂപയും പിഴ ഈടാക്കിയിട്ടുണ്ട്. അജൈവ മാലിന്യത്തിലെന്ന പോലെ തന്നെ പൊതുസ്ഥലങ്ങളിലും ചന്തകളിലും ഉണ്ടാകുന്ന ജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് തുമ്പൂര്‍മുഴി ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റും തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഗ്രീന്‍ പ്രോട്ടോക്കോള്‍

പൊതുപരിപാടികള്‍, കല്യാണങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങിയ ആഘോഷപരിപാടികളും ഹരിതചട്ടം പാലിച്ച് നടത്തുവാന്‍ തുമ്പമണ്‍ ഗ്രാമപഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്റ്റീല്‍ പാത്രങ്ങളും മറ്റ് പ്രകൃതി സൗഹൃദ വസ്തുക്കളും ഉറപ്പാക്കുവാന്‍ ഗ്രാമപഞ്ചായത്ത് 2 ലക്ഷം രൂപയുടെ പ്രോജക്ട് വച്ച് ഒരു ഹയറിംഗ് യൂണിറ്റ് പ്രവര്‍ത്തിച്ചുവരുന്നു.
ഒക്ടോബര്‍ 10ന് മുഖ്യമന്ത്രി നടത്തുന്ന ശുചിത്വ പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തുമ്പമണ്‍ ഗ്രാമപഞ്ചായത്തിന് മൊമന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കും. നിലവിലെ സംവിധാനങ്ങല്‍ മെച്ചപ്പെടുത്തി സമ്പൂര്‍ണ്ണ ശുചിത്വ പദവി നേടുകയാണ് തുമ്പമണ്‍ ഗ്രാമപഞ്ചായത്തിന്റെ ലക്ഷ്യം.