Trending Now

കുളനട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നു

 

കുളനട പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടം വലിയ വികസനത്തിന്റെ തുടക്കമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ആരോഗ്യ കേന്ദ്രത്തില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തുകയായിരുന്നു എംഎല്‍എ.
ആസ്തി വികസന ഫണ്ടില്‍ നിന്ന് 55 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി 15 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും അനുവദിച്ചിട്ടുണ്ട്. ആകെ 70 ലക്ഷം രൂപയ്ക്കാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്റെ രണ്ടാംഘട്ടത്തില്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തപ്പെടുന്ന കുളനട പിഎച്ച്സിയില്‍ ദിവസേന 200 ല്‍ പരം രോഗികള്‍ എത്തുന്നുണ്ട്. ശബരിമല തീര്‍ഥാടകര്‍ക്കും ഈ ആരോഗ്യ കേന്ദ്രം ഏറെ പ്രയോജനപ്പെടും. എംസി റോഡിന്റെ സമീപത്തുള്ള ആരോഗ്യ കേന്ദ്രം എന്ന രീതിയിലും ഇതിന് വളരെയേറേ പ്രാധാന്യം ഉണ്ട്. ധാരാളം ആളുകള്‍ ആശ്രയിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രവുമാണ്. നിലവില്‍ 100 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് പിഎച്ച്സി പ്രവര്‍ത്തിക്കുന്നത്.
പുതിയ ഒപി ബ്ലോക്ക് നിര്‍മാണത്തിനാണ് തുക വിനിയോഗിക്കുന്നത്. രണ്ട് ഒപി റൂമുകളും, ഫാര്‍മസി സ്റ്റോര്‍, ഫാര്‍മസി ഡിസ്പെന്‍സറി, ലാബ്, നഴ്സസ് സ്റ്റേഷന്‍, മൈനര്‍ ഓപ്പറേഷന്‍ തീയേറ്റര്‍ എന്നിവയാണ് വിഭാവനം ചെയ്തിരിക്കുന്നത്. രോഗികള്‍ക്ക് വിശ്രമിക്കുന്നതിന് പ്രത്യേക സൗകര്യവും, വെയ്റ്റിംഗ് ഏരിയയും, ടോയ്‌ലറ്റുകളും ക്രമീകരിക്കുന്നുണ്ട്. 2000 ചതുരശ്രയടിയില്‍ കെട്ടിടം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
കുളനട പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കുളനട, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍. മോഹന്‍ദാസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശശികല സുരേഷ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. റ്റി. പ്രവീണ്‍ കുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ ശ്രീലതാ മോഹന്‍, സജി. പി. ജോണ്‍, സൂസന്‍ തോമസ്, എം.കെ. വിശ്വകല, എം.എസ്. സുരേഷ്, പഞ്ചായത്ത് സെക്രട്ടറി എ. ലത, സിപിഎം ലോക്കല്‍ സെക്രട്ടറി എന്‍. ജീവരാജ്, അഡ്വ. രാജു ഉളനാട് എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!