പത്തനംതിട്ട :പ്രധാന അറിയിപ്പുകള്‍ ( 17/12/2025 )

സാന്റാ ഹാര്‍മണി ഘോഷയാത്ര: യോഗം ചേര്‍ന്നു

തിരുവല്ല പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 19ന് നഗരത്തില്‍ സംഘടിപ്പിക്കുന്ന സാന്റാ ഹാര്‍മണി ഘോഷയാത്രയുടെ  അവലോകന യോഗം സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂറിന്റെ അധ്യക്ഷതയില്‍ തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫിസില്‍ ചേര്‍ന്നു. ഡിസംബര്‍ 19 ന് വൈകിട്ട് 3.30 നാണ്  ക്രിസ്മസ് പാപ്പാമാരുടെ ഘോഷയാത്ര.

അന്നേ ദിവസം തിരുവല്ല നഗരപരിധിയില്‍ വൈകിട്ട് നാല് മുതല്‍ 7.30 വരെ ഗതാഗത നിയന്ത്രണമുണ്ടാകും. വൈകിട്ട് നാലിന് ശേഷം കോട്ടയം, തിരുവനന്തപുരം  ഭാഗത്തേക്കുള്ള  വാഹനങ്ങള്‍ ബൈപാസിലൂടെ പോകണം. എം.സി. റോഡിലൂടെ വാഹനഗതാഗതം നിയന്ത്രിക്കും. രാമന്‍ചിറ മുതല്‍ കുരിശുകവല വരെയുള്ള റോഡ്  അടിയന്തര വാഹനങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. കായംകുളത്ത് നിന്ന്  തിരുവനന്തപുരം ഭാഗത്തേക്കുള്ള  കെ.എസ്.ആര്‍.ടി.സി ഒഴികെയുള്ള വാഹനങ്ങള്‍ കാവുംഭാഗം ജംഗ്ഷനില്‍ നിന്ന് തുകലശേരി വഴിയും കോട്ടയം ഭാഗത്തേക്കുള്ളവ ഇടിഞ്ഞില്ലം വഴിയും സഞ്ചരിക്കണം.  മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കും.

ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് സബ് കലക്ടര്‍  അറിയിച്ചു.
പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, നഗരസഭ, ഫയര്‍ഫോഴ്സ്,പിഡബ്ല്യുഡി, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, റവന്യൂ തുടങ്ങി വിവിധ വകുപ്പുകളുടെ   ഒരുക്കം ചര്‍ച്ച ചെയ്തു.
തിരുവല്ല രാമന്‍ചിറ ബൈപാസില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര നഗരം ചുറ്റി സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ സമാപിക്കും. പ്ലോട്ട്, കുട്ടികളുടെ ബാന്‍ഡ്, വിവിധതരം മേളങ്ങള്‍, കലാപരിപാടികള്‍ എന്നിവ ഘോഷയാത്രയില്‍ അണിചേരും.
തിരുവല്ല തഹസില്‍ദാര്‍ ജോബിന്‍ കെ ജോര്‍ജ്,  ഫാ.ബിജു പയ്യംപള്ളില്‍, ആര്‍. ജയകുമാര്‍, എം. സലിം, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


വനിതാ രത്‌ന പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളില്‍ നിന്ന് 2025 വര്‍ഷത്തെ വനിതാ രത്‌ന പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അവാര്‍ഡിനായി  നോമിനേറ്റ് ചെയുന്ന വ്യക്തി ജീവിച്ചിരിക്കുന്നവരും കഴിഞ്ഞ അഞ്ച് വര്‍ഷമെങ്കിലും സാമൂഹ്യ സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം , വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിത, കലാരംഗം തുടങ്ങിയ ഏതെങ്കിലും മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരായിരിക്കണം. അവാര്‍ഡിന് പരിഗണിക്കുന്നതിലേക്ക് മറ്റ് വ്യക്തികള്‍ സ്ഥാപനങ്ങള്‍/സംഘടനകള്‍ എന്നിവര്‍ മുഖേന നോമിനേഷന്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്ക് നല്‍കണം.  ഓരോ പുരസ്‌കാര ജേതാവിനും അവാര്‍ഡ് തുകയായി ഒരു ലക്ഷം രൂപ വീതവും ശില്‍പവും പ്രശസ്തി പത്രവും നല്‍കും.  അവസാന തീയതി ഡിസംബര്‍ 20. ഫോണ്‍ : 0468 2966649.

 

ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ്  സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍:  7994449314.

 

ഡോക്ടര്‍ നിയമനം

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ഡിസംബര്‍ 20 നകം നേരിട്ടോ തപാല്‍ മുഖേനെയോ സമര്‍പ്പിക്കണം. ഫോണ്‍ : 9567210857, 04735 240478.

 

കെ ടെറ്റ് പ്രമാണ പരിശോധന

എം ജി എം എച്ച് എസ് എസ്  തിരുവല്ലയില്‍ 2025 സെപ്റ്റംബര്‍ 18,19 തീയതികളില്‍ നടന്ന കെ ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ അസല്‍ പ്രമാണ പരിശോധന  ഡിസംബര്‍ 18,19,22 തീയതികളില്‍ തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ നടക്കും.  യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ  അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അഡ്മിറ്റ് കാര്‍ഡ്, മാര്‍ക്ക് ലിസ്റ്റിന്റെ പ്രിന്റ് ഔട്ട് എന്നിവ സഹിതം എത്തണം.
തീയതിയും സമയവും ചുവടെ.
കാറ്റഗറി ഒന്ന് ഡിസംബര്‍ 18 രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെ.
കാറ്റഗറി രണ്ട് ഡിസംബര്‍ 19 രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെ.
കാറ്റഗറി മൂന്ന്, നാല് ഡിസംബര്‍ 22 രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെ.
ഫോണ്‍ : 0469-2601349.

 

ഗതാഗത നിയന്ത്രണം

നെല്ലിമുകള്‍- തെങ്ങമം റോഡില്‍ ഡിസംബര്‍ 18 മുതല്‍ ടാറിംഗ് നടക്കുന്നതിനാല്‍ വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കും.  കല്ലുകുഴി- തെങ്ങമം റോഡ്, ഇ വി റോഡ്, പളളിക്കല്‍ -തെങ്ങമം റോഡ്, തെങ്ങമം -മേക്കുന്നുമുകള്‍- വെളളച്ചിറ റോഡ് വഴി വാഹനങ്ങള്‍ പോകണം.


ഗതാഗത നിയന്ത്രണം

റാന്നി വലിയകാവ് റിസര്‍വ് റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ ഡിസംബര്‍ 18 മുതല്‍ 20 വരെ ചെട്ടിമുക്ക് മുതല്‍ ചിറക്കപ്പടി വരെ ഗതാഗത നിയന്ത്രിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

ക്ഷീര വികസന വകുപ്പ് : മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2026 ജനുവരിയില്‍ കൊല്ലത്ത് നടക്കുന്ന സംസ്ഥാന ക്ഷീര സംഗമം ‘പടവ് 2026’ നോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരം നല്‍കുന്നു. ക്ഷീര വികസനവുമായി ബന്ധപ്പെട്ട് മികച്ച പത്ര റിപ്പോര്‍ട്ട്, പത്ര ഫീച്ചര്‍, ഫീച്ചര്‍/ലേഖനം (കാര്‍ഷിക മാസിക), പുസ്തകം (ക്ഷീര മേഖല)  ശ്രവ്യ മാധ്യമ ഫീച്ചര്‍, ദൃശ്യ മാധ്യമ റിപ്പോര്‍ട്ട്, ദൃശ്യ മാധ്യമ ഫീച്ചര്‍, ദൃശ്യ മാധ്യമ ഡോക്കുമെന്ററി/ മാഗസിന്‍ പ്രോഗ്രാം, ക്ഷീരമേഖല മാറുന്ന കാഴ്ചപ്പാടുകള്‍ വിഷയത്തില്‍ മികച്ച ഫോട്ടോഗ്രാഫ് എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം.
മികച്ച ഫീച്ചര്‍-ദിനപ്പത്രം, ആനുകാലികം, മികച്ച ഫോട്ടോഗ്രാഫ് (‘ക്ഷീരമേഖല മാറുന്ന കാഴ്ചപ്പാടുകള്‍’ വിഷയത്തില്‍) വിഭാഗങ്ങളില്‍ ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും അപേക്ഷിക്കാം.

എന്‍ട്രികള്‍ 2024 ജനുവരി ഒന്ന് മുതല്‍ 2025 ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ പ്രസിദ്ധപ്പെടുത്തിയതാകണം. മത്സരം സംബന്ധിച്ച കാലയളവില്‍ നിബന്ധനകളും അപേക്ഷാഫോറത്തിന്റെ മാതൃകയും www.dairydevelopment.kerala.gov.in ല്‍ ലഭിക്കും. വിജയികള്‍ക്ക് 25000 രൂപ ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തി പത്രവും നല്‍കും.
അവസാന തീയതി -ഡിസംബര്‍ 30 വൈകിട്ട് നാല്. ഫോണ്‍ : 9995240861, 9446453247, 9495541251
വിലാസം- ഡെപ്യൂട്ടി ഡയറക്ടര്‍ (എക്സ്റ്റെന്‍ഷന്‍), ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ് പട്ടം പി.ഒ, തിരുവനന്തപുരം 695004

 

പത്തനംതിട്ട : വോട്ടര്‍ പട്ടിക പരിഷ്‌കരണം: കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 23ന്

പ്രത്യേക വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ എന്യൂമറേഷന്‍ ഫോം ശേഖരണവും ഡിജിറ്റൈസേഷനും ഡിസംബര്‍ 18 നു അവസാനിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു.

കലക്ടറേറ്റില്‍ ജില്ലാ തലത്തില്‍ ചേര്‍ന്ന രാഷ്ട്രീയ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി. എല്‍. എ മാരുടെ സഹായത്തോടെ ആബ്‌സന്റ് /ഷിഫ്റ്റ് /ഡെത്ത് പരിശോധിച്ചതിനു ശേഷം കുറ്റമറ്റ രീതിയില്‍ ഡിസംബര്‍ 23 ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. ആബ്‌സന്റ് /ഷിഫ്റ്റ് /ഡെത്ത് കേസുകളുടെ അടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്ന വോട്ടര്‍മാരുടെ വിവരം ജില്ലാകലക്ടറുടെ വെബ് പേജില്‍ പ്രസിദ്ധീകരിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. വോട്ടര്‍മാര്‍ക്ക് സംശയ നിവാരണത്തിനും സഹായത്തിനുമായി ബന്ധപ്പെട്ട ബി.എല്‍.ഒമാരെയും കണ്‍ട്രോള്‍ റൂമിനെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസിനെയും ബന്ധപ്പെടാം. കണ്‍ട്രേള്‍ റൂം ഫോണ്‍ നമ്പര്‍- 0468 2224256.

Related posts