തദ്ദേശ പൊതുതിരഞ്ഞെടുപ്പ് പത്തനംതിട്ട ജില്ലയില്‍ 1225 പോളിംഗ് സ്റ്റേഷനുകള്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് ജില്ലയില്‍ ആകെ 1225 പോളിംഗ് സ്റ്റേ ഷനുകള്‍ സജ്ജമായതായി ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് അറിയിച്ചു.
നാല് നഗരസഭകളിലായി 137 ഉം എട്ട് ബ്ലോക്കുകളിലായി 1088 പോളിംഗ് സ്റ്റേഷനുകളുമാണുള്ളത്. കോന്നി -154, റാന്നി- 168, പുളിക്കീഴ് – 90, കോയിപ്രം- 123, പറക്കോട് -239, ഇലന്തൂര്‍ -103, പന്തളം – 103, മല്ലപ്പള്ളി -108, അടൂര്‍ നഗരസഭ-29, പത്തനംതിട്ട നഗരസഭ- 33, തിരുവല്ല നഗരസഭ- 41, പന്തളം നഗരസഭ-34 എന്നിങ്ങനെയാണ് കണക്ക്.
തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: ജില്ലയില്‍ 17 ബൂത്തുകളില്‍
വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തും
തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 17 പ്രശ്ന ബാധിത ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വെബ് കാസ്റ്റിംഗ് നടത്തും. കോട്ടാങ്ങല്‍, പെരിങ്ങര, സീതത്തോട്, അരുവാപ്പുലം, പള്ളിക്കല്‍, ഏനാദിമംഗലം ഗ്രാമപഞ്ചായത്തുകളിലെ 11 ബൂത്തിലും പന്തളം നഗരസഭയില്‍ ആറ് ബൂത്തുകളിലുമാണ് വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തുന്നത്.
ഗ്രാമപഞ്ചായത്ത്/ നഗരസഭ, വാര്‍ഡ്, ബൂത്ത് എന്ന ക്രമത്തില്‍:
കോട്ടങ്ങല്‍- കോട്ടങ്ങല്‍ പടിഞ്ഞാറ് – സെന്റ് ജോര്‍ജ് എച്ച്എസ്എസ് ചുങ്കപ്പാറ
കോട്ടങ്ങല്‍- ചുങ്കപ്പാറ വടക്ക്- സെന്റ് ജോര്‍ജ് എച്ച്എസ്എസ് ചുങ്കപ്പാറ
പെരിങ്ങര- ചാത്തങ്കേരി- ചാത്തങ്കേരി എസ്.എന്‍.ഡി.പി.എച്ച്.എസ്.എസ് കിഴക്കുഭാഗം
പെരിങ്ങര- ചാത്തങ്കേരി- ചാത്തങ്കേരി എസ്.എന്‍.ഡി.പി.എച്ച്.എസ്.എസ് പടിഞ്ഞാറ്ഭാഗം
പള്ളിക്കല്‍ – പഴകുളം- ഗവ. എല്‍ പി എസ് പഴകുളം തെക്ക് ഭാഗം
പള്ളിക്കല്‍ – പഴകുളം- ഗവ. എല്‍ പി എസ് പഴകുളം, വടക്ക് ഭാഗം
ഏനാദിമംഗലം- കുറുമ്പകര- യുപിഎസ് തെക്കേകെട്ടിടം, കുറുമ്പകര
സീതത്തോട്- ഗവി- ഗവ. യു.പി.എസ് മൂഴിയാര്‍
സീതത്തോട്- ഗവി- കെ.എഫ്.ഡി.സി ഡോര്‍മെറ്ററി ബില്‍ഡിംഗ് കൊച്ചുപമ്പ,
സീതത്തോട്- ഗവി- ഗവ. എല്‍.പി എസ് ഗവി
അരുവാപ്പുലം – കല്ലേലി തോട്ടം- അങ്കണവാടി നമ്പര്‍ 29 ആവണിപ്പാറ
പന്തളം നഗരസഭ- ഉളമയില്‍- കടയ്ക്കാട് ജി.എല്‍.പി.എസ് കിഴക്ക് ഭാഗം
പന്തളം നഗരസഭ- കടയ്ക്കാട്- കടയ്ക്കാട് ജി.എല്‍.പി.എസ് വടക്ക്ഭാഗം
പന്തളം നഗരസഭ- കടയ്ക്കാട് കിഴക്ക്- കടയ്ക്കാട് എസ്.വി.എല്‍.പി.എസ് കിഴക്ക് ഭാഗം
പന്തളം നഗരസഭ- കുരമ്പാല വടക്ക് കടയ്ക്കാട് എസ്.വി.എല്‍.പി.എസ് പടിഞ്ഞാറ് ഭാഗം
പന്തളം നഗരസഭ- ചേരിക്കല്‍ കിഴക്ക് -ചേരിക്കല്‍ എസ്.വി.എല്‍.പി.എസ് കിഴക്ക് ഭാഗം
പന്തളം നഗരസഭ- ചേരിക്കല്‍ പടിഞ്ഞാറ്- ചേരിക്കല്‍ എസ്.വി.എല്‍.പി.എസ് പടിഞ്ഞാറ് ഭാഗം
തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഡിസംബര്‍ ഏഴ് വരെ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിന് മുന്നോടിയായി പരസ്യപ്രചാരണം ഡിസംബര്‍ ഏഴ് വൈകിട്ട് ആറിന് അവസാനിക്കും.
പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികള്‍ സമാധാനപരമായിരിക്കണമെന്നും ക്രമസമാധാനപ്രശ്നം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന് നിര്‍ദേശിച്ചു.
പൊതുജനങ്ങള്‍ക്ക് മാര്‍ഗ തടസം സൃഷ്ടിച്ച് സമാപന പരിപാടി പാടില്ല. പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തര്‍ക്കങ്ങളും വെല്ലുവിളികളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗണ്‍സ്മെന്റും പ്രചാരണ ഗാനം ഉച്ചത്തില്‍ കേള്‍പ്പിച്ച് മത്സരിക്കുന്ന പ്രവണതയും കര്‍ശനമായി നിയന്ത്രിക്കാന്‍ ജില്ല കലക്ടര്‍മാര്‍ക്കും പൊലീസ് അധികൃതര്‍ക്കും കമ്മീഷണര്‍ നിര്‍ദേശം നല്കി.
പരസ്യപ്രചാരണത്തിന്റെ സമാപനത്തിലും മാതൃകാ പെരുമാറ്റ ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉറപ്പുവരുത്തണമെന്നും കമ്മീഷണര്‍ പറഞ്ഞു.
പോളിങ് സാമഗ്രികള്‍ യഥാസമയം കൈപ്പറ്റണം
ഇലക്ട്രോണിക് വോട്ടിങ് മെഷീന് ഉള്‍പ്പെടെയുള്ള പോളിങ് സാധനങ്ങളുടെ വിതരണം ഡിസംബര്‍ എട്ടിന് രാവിലെ ഒമ്പതിന് ആരംഭിക്കും. പോളിങ് ഉദ്യോഗസ്ഥര്‍ വിതരണകേന്ദ്രത്തില്‍ നിന്നും പോളിങ് സാമഗ്രികള്‍ കൈപ്പറ്റി ഏര്‍പ്പെടുത്തിയിട്ടുള്ള വാഹനങ്ങളില്‍ പോളിങ് സ്റ്റേഷനുകളില്‍ എത്തിച്ചേരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
പഞ്ചായത്തുകളില്‍ ബ്ലോക്ക്തലത്തിലും മുനിസിപ്പാലിറ്റിയില്‍ അതാത് സ്ഥാപനതലത്തിലുമാണ് വിതരണ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്.
വിതരണ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. വിതരണത്തിന് ആവശ്യമായ കൗണ്ടറുകള്‍ സജ്ജമാക്കാനും വിതരണ കേന്ദ്രങ്ങളില്‍ കുടിവെള്ളം, ഭക്ഷണം, ചികിത്സാ സഹായം, പോളിങ് സ്റ്റേഷനിലേക്ക് പോകുന്നതിനുള്ള വാഹന സൗകര്യം എന്നിവ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എര്‍പ്പെടുത്തും. വിതരണം സുഗമമാക്കാന്‍ ഓരോ കേന്ദ്രത്തിലും ആവശ്യമായ കൗണ്ടറുകള്‍ സജ്ജമാക്കാനും ഉദ്യോഗസ്ഥരെ നിയമിക്കാനും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് കമ്മീഷന് നിര്‍ദേശിച്ചു.
വിതരണ – സ്വീകരണ കേന്ദ്രങ്ങളില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഹരിതപെരുമാറ്റചട്ടം കര്‍ശനമായി പാലിക്കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു. ജില്ലയില്‍ 12 വിതരണ കേന്ദ്രങ്ങളാണുള്ളത്.
തദ്ദേശ തിരഞ്ഞെടുപ്പ്: ശബ്ദ നിയന്ത്രണം പാലിക്കണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായ പരസ്യപ്രചാരണത്തില്‍ ശബ്ദ നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന് നിര്‍ദേശിച്ചു.
പ്രചാരണ വാഹനങ്ങളില്‍ അനുവദനീയമായ ശബ്ദത്തിനു മുകളിലുള്ള മൈക്ക് അനൗണ്സ്മെന്്, ലൗഡ് സ്പീക്കറിലൂടെയുള്ള പ്രചാരണ ഗാനം എന്നിവ കേള്‍പ്പിക്കുന്നത് മാതൃകാ പെരുമാറ്റചട്ടത്തിന്റെയും ശബ്ദമലിനീകരണ നിയന്ത്രണ നിയമങ്ങളുടെയും ലംഘനമാണ്.
പൊതുനിരത്തുകളിലും ജംഗ്ഷനുകളിലും ഗതാഗതത്തിന് തടസമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയില്‍ ലൗഡ്സ്പീക്കര്‍ ഉപയോഗിക്കാന്‍ പാടില്ല. അനുവദനീയമായ സമയപരിധിക്ക് മുമ്പോ ശേഷമോ ഉള്ള അനൗണ്‍സ്മെന്റും വിലക്കിയിട്ടുണ്ട്. ആശുപത്രി, വിദ്യാലയ പരിസരങ്ങള്‍ ഉള്‍പ്പടെ നിശബ്ദ സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള മേഖലകളില്‍ ശബ്ദപ്രചാരണം പൂര്‍ണമായും ഒഴിവാക്കണം.
പടക്കം, വെടിക്കെട്ട് മുതലായവ നിയമാനുസൃതമായി മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കുവൂ. സ്ഥാനാര്‍ഥികളെ സ്വീകരിക്കുമ്പോള്‍ ഉള്‍പ്പടെ പൊതുസ്ഥലങ്ങളില്‍ വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ മജിസ്ട്രേറ്റില്‍ നിന്ന് ലൈസന്‍സ് ആവശ്യമാണ്.
പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ശബ്ദമലിനീകരണം, പരിസരമലിനീകരണം എന്നിവയുടെ നിരീക്ഷണം ഊര്‍ജ്ജിതമാക്കാനും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ജില്ലാ കലക്ടര്‍മാര്‍ക്കും നിരീക്ഷകര്‍ക്കും നിര്‍ദേശം നല്കി.
