പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഒളിവിലായിരുന്ന അഞ്ചാം പ്രതിയും കമ്പനി ഡയറക്ടറുമായ റിയ ആൻ തോമസ് കസ്റ്റഡിയിൽ. മലപ്പുറം ജില്ലയിൽ നിന്നാണ് റിയയെ പിടികൂടിയത്. കമ്പനി ഉടമ ഡാനിയേലിന്റെ രണ്ടാമത്തെ മകളാണ്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. കാഞ്ഞങ്ങാടുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ കൂടിയാണ് റിയ.
എന്നാൽ, കോന്നി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസിലാണ് റിയയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഹൈക്കോടതി ഉത്തരവുള്ളതിനാൽ അറസ്റ്റ് ഉണ്ടാകില്ലെന്നുറപ്പിച്ച് നിലമ്പൂരിലെ വീട്ടിൽ കഴിയുകയായിരുന്നു ഇവർ. അഭിഭാഷകരെ വിളിച്ചു വരുത്തി അറസ്റ്റ് തടയാൻ ശ്രമമുണ്ടായെങ്കിലും വിജയിച്ചില്ല. റിയയെ കോടതിയിൽ ഹാജരാക്കും. തെളിവെടുപ്പിന്റെ ഭാഗമായി റിയയെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിൻ്റെ തീരുമാനം. റിയയിൽ നിന്ന് സാമ്പത്തിക തിരിമറി സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രതീക്ഷ
കഴിഞ്ഞ ദിവസം കേസ് അന്വേഷണം ഹൈക്കോടതി സിബിഐയ്ക്ക് വിട്ടിരുന്നു. കേസ് സിബിഐ ഉടൻ ഏറ്റെടുക്കണമെന്നും സർക്കാർ ശുപാർശയിൽ ഉടൻ തീരുമാനമെടുക്കണമെന്നും നടപടികൾ വേഗത്തിലാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
കേസുമായി ബന്ധപ്പെട്ട് ഡിജിപിയുടെ ഉത്തരവ് ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു. ഒറ്റ എഫ്ഐആർ ഇടാനുള്ള ഡിജിപിയുടെ ഉത്തരവാണ് മരവിപ്പിച്ചത്. ഓരോ പരാതിയിലും പ്രത്യേകം എഫ്ഐആർ ഇടാൻ ഹൈക്കോടതി നിർദേശിച്ചു. എല്ലാ ജില്ലാ കളക്ടർമാരും ജില്ലയിലെ പോപ്പുലർ ബ്രാഞ്ചുകൾ ഏറ്റെടുത്ത് മുദ്രവയ്ക്കണം. സ്വർണവും പണവും പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു.