വള്ളിക്കോട് പി.എച്ച്.സി യെ ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി

കോന്നി വാര്‍ത്ത ഡോട്ട് കോം : വള്ളിക്കോട് പി.എച്ച്.സി യെ ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി സർക്കാർ ഉത്തരവായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.ഇതിനായി 37.5 ലക്ഷം രൂപയും അനുവദിച്ചു.
കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുകളെയാണ് ബ്ലോക്ക് തല ഫാമിലി ഹെൽത്ത് സെൻ്ററായി ഉയർത്തുന്നത്. എന്നാൽ കോന്നി താലൂക്ക് ആശുപത്രിയിൽ തന്നെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ പ്രവർത്തിക്കുകയായിരുന്നു.ഇതേ തുടർന്നാണ് വള്ളിക്കോട് പി.എച്ച്.സി യെ ബ്ലോക്ക് തല കടുംബാരോഗ്യ കേന്ദ്രമായി ഉയർത്താൻ തീരുമാനിച്ചത്.
ഇതോടെ വള്ളിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് വലിയ വികസനമാണ് ഉണ്ടാകാൻ പോകുന്നതെന്ന് എം.എൽ.എ പറഞ്ഞു. കിടത്തി ചികിത്സ ഉൾപ്പടെയുള്ളവ ഭാവിയിൽ ഇവിടെ ലഭിക്കും.
രോഗീ സൗഹൃദ സൗകര്യങ്ങൾ ഒരുക്കാനാണ് 37.5 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. ചികിത്സ തേടി എത്തുന്നവർക്ക് ഇരിപ്പിടം, കുടിവെള്ളം, മറ്റു സൗകര്യങ്ങൾ തുടങ്ങിയവ ഒരുക്കും.എൻ.എച്ച്.എം നാണ് നിർവഹണ ചുമതല നല്കിയിട്ടുള്ളത്.
എം.എൽ.എ ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ അനുവദിച്ച് പുതിയ കെട്ടിടം നിർമ്മിക്കുന്നുണ്ട്.ഇതിൻ്റെ നിർമ്മാണ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നിരുന്നു.
മെഡിക്കൽ കോളേജിനൊപ്പം പ്രാഥമിക ആരോഗ്യ കേന്ദ്രത്തെയും, താലൂക്ക് ആശുപത്രിയെയും മികച്ച നിലയിലാക്കാനാണ് പരിശ്രമിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. നിയോജക മണ്ഡലത്തിലെ എല്ലാ സർക്കാരാശുപത്രികളിലും വിവിധ പദ്ധതികളിലുൾപ്പെടുത്തിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. കോന്നി താലൂക്ക് ആശുപത്രിയിലും 10 കോടി രൂപയുടെ വികസനമാണ് നടത്തുന്നത്. ഇതിൻ്റെ നിർമ്മാണവും ഉടനെ ആരംഭിക്കും.
ആരോഗ്യമേഖലയിലെ ഇടപെടലിലൂടെ കോന്നിയിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം സർക്കാർ മേഖലയിൽ തന്നെ ഒരുക്കാൻ കഴിയുമെന്ന് എം.എൽ.എ പറഞ്ഞു. വികസനത്തിനാവശ്യമായ സ്ഥലം ഇപ്പോൾ തന്നെ വള്ളിക്കോട് പി.എച്ച്.സി യിൽ ലഭ്യമാണ്. ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നതോടെ വള്ളിക്കോട് പി.എച്ച്.സിക്ക് വലിയ വികസന സാധ്യത തന്നെയാണ് ഉണ്ടാകുന്നതെന്നും എം.എൽ.എ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു