Trending Now

പോപ്പുലര്‍ ഫിനാന്‍സ് പ്രധാന ഓഫീസില്‍ പോലീസ് പരിശോധന തുടരുന്നു

 

സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ നിയമനടപടിക്ക് വിധേയമായ പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ കോന്നി വകയാറിലെ പ്രധാന ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തി. ജില്ലാപോലീസ് മേധാവി കെ.ജി. സൈമണിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അടൂര്‍ ഡിവൈഎസ്പി ആര്‍. ബിനു, ഏനാത്ത് സിഐ ജയകുമാര്‍, കൂടല്‍ സിഐ ബിജു, കോന്നി, ഏനാത്ത് തുടങ്ങിയ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള എസ്‌ഐമാര്‍ അടങ്ങിയ 30 അംഗ ടീമാണ് റെയ്ഡ് നടത്തിയത്.
പരിശോധനയില്‍ മൂന്ന് പ്രധാന സെര്‍വറുകളും കംപ്യൂട്ടറുകളും മറ്റ് അനുബന്ധ രേഖകളും പിടിച്ചെടുത്തു. രാവിലെ എട്ടിന് തുടങ്ങിയ പരിശോധന തുടരുന്നു . കൂടല്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ ജില്ലാ സൈബര്‍ സെല്ലിലെ ഐടി വിദഗ്ധരാണ് രേഖകളും മറ്റും പരിശോധിച്ചത്. പരാതികള്‍ കൂടുതലായി ലഭിക്കുന്നുണ്ടെന്നും കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ചേര്‍ത്ത് പുതിയ അന്വേഷണസംഘം അന്വേഷിക്കുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.
ഇതിനിടെ, പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയ് ഡാനിയേലിന്റെ രണ്ടു മക്കള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം അങ്ങോട്ടേയ്ക്ക് തിരിച്ചതായി ജില്ലാപോലീസ് മേധാവി അറിയിച്ചു. ഓസ്‌ട്രേലിയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത് എന്നാണ് വിവരം. ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള റിപ്പോര്‍ട്ട് അയയ്ക്കുകയും, വിവരം എല്ലാ വിമാനത്താവളങ്ങളിലും അറിയിക്കുകയും, പോലീസ് അന്വേഷണം കാര്യക്ഷമാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവരെ രാജ്യം വിടുന്നത് തടഞ്ഞു വലയിലാക്കാന്‍ സാധിച്ചത്. ഉടമയുടെ മക്കളായ റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരാണ് കസ്റ്റഡിയിലായത്. ഇവരെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനായി കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ രാജേഷ്, വനിതാ സിഐ ലീലാമ്മ എന്നിവര്‍ അടങ്ങുന്ന പോലീസ് സംഘം ഡല്‍ഹിക്ക് തിരിച്ചിട്ടുണ്ടെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു