കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂര്‍ ഗവ. എല്‍പി സ്‌കൂളിന്റെ 1.2 കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2019-20 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന കലഞ്ഞൂര്‍ എല്‍പി സ്‌കൂള്‍ സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടിയിരുന്ന സാഹചര്യത്തിലാണു പുതിയ കെട്ടിടത്തിന്റെ നിര്‍മാണം. 1,20,30,000 രൂപയാണ് അടങ്കല്‍ തുക.
രണ്ടു നിലകളിലായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തില്‍ ക്ലാസ് റൂമുകള്‍, ഹാള്‍, ഓഫീസ് റൂം, ടീച്ചേഴ്സ് റൂം, ഇരു നിലകളിലും ടോയ്ലറ്റ് സംവിധാനങ്ങളും ഇലക് ട്രിക്കല്‍ വര്‍ക്കും ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര നിലവാരത്തിലാണ് സ്‌കൂള്‍ നിര്‍മിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഗ്രൗണ്ടിന്റെ തെക്കു – പടിഞ്ഞാറ് ഭാഗത്ത് രണ്ടു നിലകളായാണു വിദ്യാഭ്യാസ വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ നിന്നും അനുവദിച്ച 1.2 കോടി രൂപ കൊണ്ട് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. നിര്‍മാണ കരാര്‍ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനാണ്.
എട്ടു മാസമാണ് നിര്‍മാണ കരാറിന്റെ കാലാവധി. കാലാവധിക്കുള്ളില്‍തന്നെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും, നിഷ്‌കര്‍ഷിച്ചിട്ടുള്ള നിലവാരത്തില്‍തന്നെ നിര്‍മാണം നടക്കുന്നു എന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും എംഎല്‍എ നിര്‍ദേശം നല്‍കി.
ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബജറ്റ് വര്‍ക്കില്‍ ഉള്‍പ്പെടുത്തി മൂന്നു കോടി രൂപയ്ക്ക് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന മൂന്നു നില കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിക്കാന്‍ രണ്ടു കോടി ഇരുപതുലക്ഷം രൂപ കൂടി അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് ധനവകുപ്പിന് എംഎല്‍എ കത്തു നല്‍കിയിട്ടുണ്ട് നിലവില്‍ നടക്കുന്ന നിര്‍മാണം പൂര്‍ത്തിയാക്കുകയും, കൂടാതെ മൂന്നു കോടി രൂപയ്ക്ക് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം ആരംഭിച്ച പുതിയ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കെട്ടിടത്തിന്റെ നിര്‍മാണം നടക്കുകയും, 1.20 കോടി രൂപയ്ക്ക് പുതിയതായി എല്‍പി സ്‌കൂള്‍ കെട്ടിടം കൂടി നിര്‍മിക്കുകയും ചെയ്യുന്നതോടു കൂടി കലഞ്ഞൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ ഭൗതിക സാഹചര്യം തയാറാകും. ഘട്ടം ഘട്ടമായി കോന്നിയിലെ എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളെയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഉന്നത നിലവാരത്തിലാക്കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ എംഎല്‍എ പറഞ്ഞു.കോവിഡ് -19 മാനദണ്ഡങ്ങള്‍ പാലിച്ചാണ് ശിലാസ്ഥാപന ചടങ്ങ് നടത്തിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ എംഎല്‍എയെ കൂടാതെ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. ജയകുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗം പാടം രാജു, പിറ്റിഎ പ്രസിഡന്റ് സി. രാജേഷ്മോന്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ – ഓര്‍ഡിനേറ്റര്‍ രാജേഷ് വള്ളിക്കോട്, ഗവ.എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി.അനില്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. ജയഹരി, ഗവ.ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അലി അസ്‌കര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി.എസ്. സജീഷ്, ഹൈസ്‌കൂള്‍ പിടിഎ പ്രസിഡന്റ് എസ്. രാജേഷ്, നിര്‍മാണ കരാര്‍ കമ്പനി പ്രതിനിധികള്‍, പിടിഎ അംഗങ്ങള്‍, രക്ഷ കര്‍ത്താക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.