കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ വീടുതോറും പോയുള്ളതും, വഴിയോരത്തെ മത്സ്യ കച്ചവടം, പഴം, പച്ചക്കറി, മറ്റ് വില്‍പ്പനകളും പൂര്‍ണമായും നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ പി.ബി. നൂഹ് ഉത്തരവായി. ഫിഷ്ലാന്റിംഗ് സെന്ററുകളും മത്സ്യ മാര്‍ക്കറ്റുകളും പുനരാരംഭിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായിരുന്നു. കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റിയുടേത് അല്ലാത്ത ഫിഷ് ലാന്റിംഗ് സെന്ററുകളും, മത്സ്യ മാര്‍ക്കറ്റുകളും പുനരാരംഭിക്കുന്നതിനുള്ള മാര്‍ഗരേഖയും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മാര്‍ഗരേഖ: വഴിയോര മത്സ്യ കച്ചവടവും, വീടുതോറും പോയുള്ള മത്സ്യ കച്ചവടവും പൂര്‍ണമായും നിരോധിക്കേണ്ടതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാര്‍ക്കറ്റുകളില്‍ മത്സ്യ വില്‍പ്പനക്കാര്‍ക്കായി പ്രത്യേക സ്ഥലം അനുവദിച്ചു നല്‍കണം, മത്സ്യ വില്‍പ്പനക്കാര്‍ ഈ സ്ഥലത്തു മാത്രം മത്സ്യ വില്‍പ്പന നടത്താന്‍ നിഷ്‌ക്കര്‍ഷിക്കണം.
ഓരോ മാര്‍ക്കറ്റിലും മത്സ്യ വിപണനം നടത്തുന്ന തൊഴിലാളികള്‍ക്ക് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം പാസ് നല്‍കണം. ഓരോ മാര്‍ക്കറ്റിലും മത്സ്യ വിപണനം നടത്തുന്ന തൊഴിലാളികളുടെ പേര്, വിലാസം, വയസ് എന്നിവ രജിസ്റ്ററില്‍ രേഖപ്പെടുത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സൂക്ഷിക്കണം. മത്സ്യ മാര്‍ക്കറ്റില്‍ മത്സ്യ വിപണനം നടത്തുന്നവരും, വാങ്ങാന്‍ വരുന്നവരും സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം. ഇതിന്റെ ഭാഗമായി വാങ്ങാന്‍ വരുന്നവര്‍ ക്യൂ പാലിക്കണം. വാങ്ങാന്‍ എത്തുന്നവര്‍ക്കായി വൃത്തം വരച്ച് നിശ്ചിത അകലം ക്രമീകരിക്കണം.
മാര്‍ക്കറ്റുകളില്‍ സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നതിനുള്ള സംവിധാനം, ശുചിത്വം എന്നിവ ഉറപ്പു വരുത്തണം. മത്സ്യം വാങ്ങാന്‍ വരുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണം. വില്‍പ്പനക്കാര്‍ മാസ്‌കും കൈയുറയും നിര്‍ബന്ധമായും ധരിക്കണം.
മത്സ്യ മാര്‍ക്കറ്റില്‍ തിരക്ക് ഒഴിവാക്കണം. എല്ലാ ദിവസവും അണുവിമുക്തമാക്കാന്‍ ശ്രദ്ധിക്കണം. മത്സ്യ മാര്‍ക്കറ്റുകളുടേയും വിപണന കേന്ദ്രങ്ങളുടേയും സുഗമമായ പ്രവര്‍ത്തനത്തിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറി കണ്‍വീനറായും മത്സ്യഭവന്‍ ഓഫീസര്‍ കോ- കണ്‍വീനറായും മാര്‍ക്കറ്റ് / വിപണന കേന്ദ്രം പ്രവത്തിക്കുന്ന പ്രദേശത്തെ ജനപ്രതിനിധി ഉള്‍പ്പെടെ പ്രസിഡന്റ് നിശ്ചയിക്കുന്ന രണ്ട് പ്രാദേശിക പ്രതിനിധികള്‍, പോലീസ്, ആരോഗ്യം എന്നിവയിലെ അതതു പ്രദേശത്തെ ഉദ്യോഗസ്ഥര്‍ എന്നിവരെ അംഗങ്ങളാക്കി ജനകീയ സമിതി രൂപീകരിക്കണം.
കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ മത്സ്യ വില്‍പ്പനയ്ക്ക് പുറത്തുപോകുവാനോ പുറത്തു നിന്നുള്ളവര്‍ മത്സ്യം വാങ്ങുന്നതിന് കണ്ടെയ്ന്‍മെന്റ് സോണിനകത്ത് പ്രവേശിക്കാനോ പാടില്ല. മത്സ്യ വിപണന കേന്ദ്രങ്ങളിലെ മാലിന്യ നിര്‍മാര്‍ജനത്തിന് വേണ്ട നടപടികള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്് സ്വീകരിക്കണം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഉടന്‍ തന്നെ ജനകീയ സമിതി രൂപീകരിക്കണം. മാര്‍ക്കറ്റുകളില്‍ മത്സ്യ വില്‍പ്പനക്കാര്‍ക്കായി പ്രത്യേകം സ്ഥലം അനുവദിക്കണം. തൊഴിലാളികള്‍ക്ക് പാസ് നല്‍കണം. ഇവരുടെ വിവരങ്ങളടങ്ങിയ രജിസ്റ്ററുകളും സൂക്ഷിക്കണം. കൂടാതെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മത്സ്യ വില്‍പ്പന നടത്തുന്നതെന്ന് ഉറപ്പാക്കണം.
മത്സ്യ മാര്‍ക്കറ്റുകളുടേയും വിപണനകേന്ദ്രങ്ങളുടേയും സുഗമമായ പ്രവര്‍ത്തനത്തിന് രൂപീകരിക്കുന്ന ജനകീയ സമിതി, മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍ മത്സ്യ വിപണന തൊഴിലാളികളും മത്സ്യം വാങ്ങാന്‍ എത്തുന്നവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സെക്രട്ടറി മുഖേന ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഉത്തരവ് നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ ജില്ലാ പോലീസ് മേധാവിയും അതത് ഇന്‍സിഡന്റ് കമാന്‍ഡര്‍മാരും സ്വീകരിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ദുരന്ത നിവാരണ നിയമം 2005 പ്രകാരം നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.