Trending Now

വിഴിഞ്ഞം വി.ജി.എഫ് കരാർ ഇന്ന് (ഏപ്രിൽ 9) ഒപ്പിടും

Spread the love

 

വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസർക്കാരിന്റെ 817.80 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) സ്വീകരിക്കുന്നതിനുള്ള കരാർ ഏപ്രിൽ 9ന് ഒപ്പിടുമെന്ന് തുറമുഖവകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു.

രണ്ടു കരാറുകളാണ് ഒപ്പിടുക. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കൺസോർഷ്യവുമായുള്ള ത്രികക്ഷി കരാറാണ് ആദ്യത്തേത്. തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറിൽ തുറമുഖ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഒപ്പിടും.

മസ്‌കറ്റ് ഹോട്ടലിൽ ഏപ്രിൽ 9ന് ഉച്ചയ്ക്ക് 12 ന് നടക്കുന്ന ചടങ്ങിൽ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക കാര്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. വിജിഎഫ് ആയി 817.80 കോടി രൂപ തരുന്നതിന് പകരം, തുറമുഖത്തുനിന്ന് സംസ്ഥാനത്തിനുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കുവയ്ക്കണമെന്ന വ്യവസ്ഥ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു.

വിജിഎഫ് നടപടികൾ കൂടി പൂർത്തിയാകുന്നതോടെ വിഴിഞ്ഞം പോർട്ടിന്റെ ആദ്യഘട്ടത്തിലെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാവുകയാണ്.

ആർബിട്രേഷൻ നടപടികൾ ഒഴിവാക്കി പുതിയ കരാറിലേക്ക് എത്തിയതോടെയാണ് നിർമാണപ്രവർത്തനം ത്വരിതഗതിയിൽ പൂർത്തിയാക്കുന്നതിനുള്ള നടപടികളിലേക്ക് കടന്നത്. മുൻപ് ഉണ്ടായിരുന്ന കരാർ അനുസരിച്ച് ലഭിക്കുന്നതിനെക്കാൾ കൂടുതൽ വരുമാനം സർക്കാരിന് ലഭ്യമാവുന്ന നിലയിലാണ് ധാരണയിൽ എത്തിയിരിക്കുന്നത്.

പഴയ കരാർ പ്രകാരം തുറമുഖം പ്രവർത്തനം ആരംഭിച്ചതിനുശേഷം 15-ാം വർഷം മുതലാണ് സംസ്ഥാന സർക്കാരിന് തുറമുഖ വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുക. എന്നാൽ, ഇപ്പോൾ എത്തിച്ചേർന്ന ധാരണ പ്രകാരം 2034 മുതൽ തന്നെ തുറമുഖത്തിൽ നിന്നും വരുമാനത്തിന്റെ വിഹിതം സർക്കാരിന് ലഭിക്കും.

കാരണം പഴയ കരാർ പ്രകാരം തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിന്റെ വരുമാനത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സർക്കാരിന് വിഹിതം നൽകേണ്ടിയിരുന്നത്. എന്നാൽ, തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും നിർമ്മാണം 2028-ൽ പൂർത്തീകരിക്കുന്നതിനാൽ 4 ഘട്ടങ്ങളും കൂടി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന്റെ ലാഭ വിഹിതമായിരിക്കും അദാനി വിഴിഞ്ഞം പോർട്ട് സർക്കാരിന് 2034 മുതൽ നൽകുക. ഇക്കാര്യത്തിലും ധാരണയിൽ എത്തിയിട്ടുണ്ട്.

ഇപ്പോൾ എത്തിച്ചേർന്ന ധാരണ പ്രകാരം തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും (രണ്ടും, മൂന്നും, നാലും ഘട്ടങ്ങൾ ഉൾപ്പെടെ) 2028-ഡിസംബർനുള്ളിൽ പൂർത്തീകരിക്കുമെന്ന് അദാനി വിഴിഞ്ഞം പോർട്ട് കമ്പനി സമ്മതിച്ചിട്ടുണ്ട്. അതനുസരിച്ച് തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവർഷം 30 ലക്ഷം ടിയുഇ (പഴയ കരാർ അനുസരിച്ച് പ്രതിവർഷം 10 ലക്ഷം ടിയുഇ സ്ഥാപിത ശേഷി) ആയിരിക്കും.

തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി 10000 കോടി രൂപയുടെ ചിലവാണ് കണക്കാക്കിയിരിക്കുന്നത്. ഈ തുക പൂർണ്ണമായും അദാനി പോർട്‌സ് ആയിരിക്കും വഹിക്കുക. അടുത്ത നാല് വർഷങ്ങൾക്കുള്ളിൽ ഈ നിക്ഷേപം നടത്തുമ്പോൾ നിർമ്മാണ സാമഗ്രികൾക്കുമേൽ ലഭിക്കുന്ന ജിഎസ്.ടി റോയൽറ്റി, മറ്റു നികുതികൾ എല്ലാം ചേർത്തു നികുതി ഇനത്തിൽ തന്നെ സർക്കാരിന് ഒരു വലിയ തുക ലഭിക്കും.

error: Content is protected !!