Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (08/04/2025 )

Spread the love

ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍  – ക്വട്ടേഷന്‍ നല്‍കാം

സംസ്ഥാനമന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രില്‍ 24 ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പത്തനംതിട്ട ജില്ലാതലയോഗത്തിനായി ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ ചെയ്യുന്നതിന്/സംവിധാനങ്ങള്‍ ഒരുക്കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു.

ലൈസന്‍സും ഇത്തരം പ്രവൃത്തികളില്‍ മുന്‍പരിചയവുമുള്ളവര്‍ക്കാണ് അവസരം. വിശദവിവരം കളക്‌ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും.
ക്വട്ടേഷനുകള്‍ 2025 ഏപ്രില്‍ 15 ന് ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണര്‍മാരുടെ സാന്നിധ്യത്തില്‍ അന്ന് വൈകിട്ട് 4.30 ന് തുറക്കും. ഫോണ്‍: 0468 2222657

ഇലക്‌ട്രോണിക്‌സ് വര്‍ക്കുകള്‍  – ക്വട്ടേഷന്‍ നല്‍കാം

സംസ്ഥാനമന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രില്‍ 24 ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പത്തനംതിട്ട ജില്ലാതലയോഗത്തിനായി ഇലക്‌ട്രോണിക്‌സ് വര്‍ക്കുകള്‍ ചെയ്യുന്നതിന്/സംവിധാനങ്ങള്‍ ഒരുക്കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു.

ലൈസന്‍സും ഇത്തരം പ്രവൃത്തികളില്‍ മുന്‍പരിചയവുമുള്ളവര്‍ക്കാണ് അവസരം. വിശദവിവരം കളക്‌ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും.
ക്വട്ടേഷനുകള്‍ 2025 ഏപ്രില്‍ 15 ന് ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണര്‍മാരുടെ സാന്നിധ്യത്തില്‍ അന്ന് വൈകിട്ട് 5.00 ന് തുറക്കും. ഫോണ്‍: 0468 2222657

 

‘കിക്ക് ഡ്രഗ്’ : ജില്ലയില്‍ വിവിധ പരിപാടികള്‍

കായിക വകുപ്പിന്റെ ലഹരി വിരുദ്ധ കാമ്പയിന്‍ ‘കിക്ക് ഡ്രഗ്’ ന്റെ ഭാഗമായി  ഏപ്രില്‍ 30 വരെ കായിക മത്സരങ്ങള്‍ , ഫ്‌ളാഷ്‌മോബ്, തെരുവ് നാടകം എന്നിവ ജില്ലയില്‍ സംഘടിപ്പിക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പരിപാടി. സംസ്ഥാന തലത്തില്‍ മെയ് അഞ്ചു മുതല്‍ മെയ് 20 വരെയാണ് കിക്ക് ഡ്രഗ്. കായിക വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിളംബര റാലിക്ക് അടൂര്‍, തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.

അവലോകന യോഗം കല്കടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ എബ്രഹാം  ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ സ്‌ക്രീന്‍ അഡിക്ഷനും ലഹരി വ്യാപനവും തടയാന്‍ ഭരണകൂടം മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ജോണ്‍ എബ്രഹാം പറഞ്ഞു. ഡെപ്യൂട്ടി കലക്ടര്‍ മിനി തോമസ് അധ്യക്ഷയായി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായ കോര്‍ കമ്മിറ്റി രൂപീകരിച്ചു. ജില്ലാ കലക്ടര്‍ കണ്‍വീനറും എം പിയും  എം എല്‍ എ മാരും രക്ഷാധികാരികളുമാണ്.  നിയോജക മണ്ഡലങ്ങളില്‍  സംഘടന സമിതി രൂപീകരിക്കും. പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍,  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍ കുമാര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം അഡ്വ രഞ്ചു സുരേഷ്, എഎസ്പി ആര്‍ ബിനു, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അമല്‍ജിത്, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു


സംഘടനാസമിതി രൂപീകരണം

ലഹരിക്കെതിരായ  ജനകീയ കാമ്പയിന്റെ ഭാഗമായി സംഘടനാസമിതി രൂപീകരണ യോഗം ശബരിമല ഇടത്താവളത്തില്‍ റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡി ശ്രീകല അധ്യക്ഷയായി. വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ആര്‍.എസ് ഹരിഹരന്‍ ഉണ്ണി എന്നിവര്‍ ബോധവല്‍ക്കരണ
ക്ലാസെടുത്തു.  ഏപ്രില്‍ 16 മുതല്‍ മെയ് രണ്ട് വരെ വാര്‍ഡ് തല ജാഗ്രതാ സമിതി പ്രവര്‍ത്തനം സംഘടിപ്പിക്കും. ജനപ്രതിനിധികളായ സി.എസ് സുകുമാരന്‍, അരുണ്‍ അനിരുദ്ധന്‍, പി. എന്‍. വി. ധരന്‍, സെക്രട്ടറി സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.


കുടുംബശ്രീ ക്രൈം മാപ്പിങ് പുസ്തകപ്രകാശനം

ഓമല്ലൂര്‍ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ക്രൈം മാപ്പിങ് പുസ്തകപ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ നിര്‍വഹിച്ചു. പ്രദേശവാസികളുടെ സാമ്പത്തിക, ശാരീരിക, ലൈംഗിക, സാമൂഹിക, വാചിക, മാനസിക-വൈകാരിക അതിക്രമങ്ങളെ കുറിച്ചുളള സര്‍വേ റിപ്പോര്‍ട്ടാണ് പുസ്തകത്തിലുളളത്. കുടുംബശ്രീ ജില്ലതലത്തില്‍ പരിശീലനം ലഭിച്ച ആര്‍.പി മാരാണ് പഠനം നടത്തിയത്.
സ്‌നേഹിത കൗണ്‍സിലര്‍ ട്രീസ. എസ്. ജെയിംസ് വിഷയാവതരണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ സുജാത, കെ. അമ്പിളി, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ എസ്  മാലിനി,  സി ഡി എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ഖാദി തുണിത്തരങ്ങള്‍ക്ക് സ്പെഷ്യല്‍ റിബേറ്റ്

ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍  വിഷു, ഈസ്റ്റര്‍ ഖാദി മേള തുടങ്ങി. ഖാദി തുണിത്തരങ്ങള്‍ക്ക് ഏപ്രില്‍ 19 വരെ സ്പെഷ്യല്‍ റിബേറ്റ.് ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഇലന്തൂര്‍, അടൂര്‍ റവന്യൂ ടവര്‍, അബാന്‍ ജംഗ്ഷന്‍, റാന്നി-ചേത്തോങ്കര  പ്രവര്‍ത്തിക്കുന്ന  ഖാദി ഗ്രാമ സൗഭാഗ്യകളിലാണ് റിബേറ്റ്. കോട്ടണ്‍ ഷര്‍ട്ടിംഗ്സ്, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, സില്‍ക്ക് സാരികള്‍, സില്‍ക്ക് ഷര്‍ട്ടുകള്‍ , ചുരിദാര്‍ ടോപ്പുകള്‍, ചുരിദാര്‍ മെറ്റീരിയല്‍സ്, ബെഡ്ഷീറ്റുകള്‍, പഞ്ഞിമെത്ത, തലയിണ, പില്ലോകവറുകള്‍, ഗ്രാമവ്യവസായ ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. 30 ശതമാനം വരെ  റിബേറ്റ് ലഭിക്കുമെന്ന് പ്രൊജക്ട് ഓഫീസര്‍ ജസി ജോണ്‍ അറിയിച്ചു. ഫോണ്‍ : ഇലന്തൂര്‍ ഖാദി ടവര്‍ -8113870434, അബാന്‍ ജംഗ്ഷന്‍  – 9744259922, അടൂര്‍  റവന്യൂ ടവര്‍   -9061210135, ചേത്തോങ്കര – റാന്നി – 8984553475.
ഖാദി മേളയുടെ  ജില്ലാതല ഉദ്ഘാടനം ഇലന്തൂര്‍ പഞ്ചായത്ത് അംഗം കെ.പി.മുകുന്ദന്‍ നിര്‍വഹിച്ചു. ഖാദി ബോര്‍ഡ് അംഗം സാജന്‍ തൊടുക അധ്യക്ഷനായി.

സൗജന്യ കലാപഠനം

കോന്നി  ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വ്യക്തികള്‍ക്ക്  ചെണ്ട, വഞ്ചിപ്പാട്ട് ,  പരിചമുട്ട് കലാരൂപങ്ങള്‍ സൗജന്യമായി പഠിപ്പിക്കുവാന്‍ സാംസ്‌കാരിക വകുപ്പ് അവസരം ഒരുക്കുന്നു. അപേക്ഷാ ഫോമുകള്‍ ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്ന് ലഭിക്കും. അവസാന തീയതി ഏപ്രില്‍ 22 വൈകിട്ട് അഞ്ചുവരെ. ഫോണ്‍ : 9496051662, 9946345962.

പരിശീലന കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍)  ട്രെയിനിംഗ്  ഡിവിഷന്‍   ഏപ്രിലില്‍ ആരംഭിക്കുന്ന  ഒന്ന്,രണ്ട് വര്‍ഷം,ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ – പ്രൈമറി, നഴ്‌സറി  ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ബിരുദം/പ്ലസ് ടു/എസ്എസ്എല്‍സി  യോഗ്യതയുള്ള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.


കൈത്തറി വസ്ത്രങ്ങള്‍ക്ക്  റിബേറ്റ്

കോഴഞ്ചേരി അനുഗ്രഹ കോംപ്ലക്‌സിലെ  ഹാന്‍ടെക്‌സില്‍ വിഷു പ്രമാണിച്ച് കൈത്തറി വസ്ത്രങ്ങള്‍ക്ക് 20 ശതമാനം റിബേറ്റ്. ബാലരാമപുരം മുണ്ട്, ഒറ്റമുണ്ട്, സെറ്റുമുണ്ട,് കുത്താംപുളളി/ കസവ് സാരികള്‍,
കാവി/ചെക്ക് കൈലികള്‍, കോട്ടണ്‍ ബെഡ്ഷീറ്റ്, കണ്ണൂര്‍ സാറ്റിന്‍ ഷീറ്റ്, ടവലുകള്‍, കോട്ടണ്‍/ലിനന്‍  ഷര്‍ട്ടുകള്‍ എന്നിവ ലഭിക്കും. ഫോണ്‍ : 8590365957.

സെമസ്റ്റര്‍ പരീക്ഷ

ഐ.എച്ച്.ആര്‍.ഡി. നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഒന്നും രണ്ടും സെമസ്റ്റര്‍), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി(ഒന്നും രണ്ടും സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഒന്നും രണ്ടും സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്  എന്നീ കോഴ്‌സുകളുടെ റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍  (2018 (ലൈബ്രറി സയന്‍സ് സപ്ലിമെന്ററി), 2020, 2024 സ്‌കീം) ജൂണില്‍ നടത്തും.    വെബ്‌സൈറ്റ് : www.ihrd.ac.in.


അങ്കണവാടി കം ക്രഷ്‌വര്‍ക്കര്‍

കുളനട ഗ്രാമപഞ്ചായത്ത് പരിധിയിലെ  ഞെട്ടൂരില്‍  അങ്കണവാടി കം ക്രഷ്
വര്‍ക്കറെ നിയമിക്കുന്നു. 16-ാം വാര്‍ഡിലെ സ്ഥിരതാമസക്കാരായ 18നും -35നും ഇടയില്‍ പ്രായമുളള വനിതകള്‍ക്ക് അപേക്ഷിക്കാം.  അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഏപ്രില്‍  23ന്  വൈകിട്ട് അഞ്ചിന് മുമ്പ്  പന്തളം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ (കുളനട) പ്രവര്‍ത്തിക്കുന്ന പന്തളം-2 ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസില്‍ സമര്‍പ്പിക്കണം.  യോഗ്യത-  പ്ലസ് ടു/ തതുല്യം. ഫോണ്‍ : 04734 292620.

error: Content is protected !!