Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 05/04/2025 )

Spread the love

ജലവിതരണം പൂര്‍ണമായി മുടങ്ങും

പത്തനംതിട്ട നഗരത്തില്‍ കല്ലറക്കടവ് പാലത്തിന് സമീപം ജലഅതോറിറ്റിയുടെ പ്രധാന വിതരണ പൈപ്പ് ലൈനിന്റെ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഏപ്രില്‍ 11 വരെ നഗരസഭാപരിധിയില്‍ ജലവിതരണം പൂര്‍ണമായും തടസപ്പെടുമെന്ന് ജലഅതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

അറ്റാച്ച്‌മെന്റ് ചെയ്തു

നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് നെടുംപറമ്പില്‍ ക്രഡിറ്റ് സിന്‍ഡിക്കേറ്റ് ഗ്രൂപ്പ് ആന്റ് അലൈയിഡ് ഫേംസ്, ജി ആന്റ് ജി ഫിനാന്‍സ്, കേരള ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ ബഡ്‌സ് ആക്ട് പ്രകാരം പ്രൊവിഷണല്‍ അറ്റാച്ച്‌മെന്റ് നടത്തിയതായി പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു.

 

 

മാലിന്യ സംസ്‌കരണത്തില്‍ പന്തളത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയം : മന്ത്രി വീണാ ജോര്‍ജ്

മാലിന്യ സംസ്‌കരണത്തില്‍ ലക്ഷ്യം കൈവരിച്ച ബ്ലോക്ക് പഞ്ചായത്താണ് പന്തളമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി പന്തളം ബ്ലോക്കിലെ ശുചിത്വ പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി.

 

സമ്പൂര്‍ണ മാലിന്യമുക്തമാക്കുന്നതിന് ബ്ലോക്കില്‍ പലയിടത്തും സംവിധാനം ഒരുക്കി. സ്‌കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും ശുചിമുറി, സോക്ക് പിറ്റ് , കമ്പോസ്റ്റ് പിറ്റ് തുടങ്ങിയവ നിര്‍മിച്ച് കൃത്യമായ ശുചീകരണ പ്രവര്‍ത്തനമാണ് നടപ്പാക്കി. പദ്ധതി വിഹിതം 100 ശതമാനത്തിലധികം വിനിയോഗിച്ച ബ്ലോക്കാണ് പന്തളം. കാമ്പയിന്റെ ഭാഗമായി ബ്ലോക്കില്‍ നടന്ന ശുചിത്വ സംരംക്ഷണ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സ്ഥാപനങ്ങള്‍, പഞ്ചായത്തുകള്‍, വ്യക്തികള്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു. പ്രഖ്യാപനത്തിന് മുന്നോടിയായി ഹരിതകര്‍മസേനാംഗങ്ങള്‍ പങ്കെടുത്ത ശുചിത്വ സന്ദേശ റാലി നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. എസ്. അനീഷ് മോന്‍ അധ്യക്ഷനായി. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജ. റ്റി. റ്റോജി , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, സ്ഥിരം സമിതി അധ്യക്ഷരായ വി. എം. മധു, പോള്‍ രാജന്‍, ലാലി ജോണ്‍, രേഖാ അനില്‍, അംഗങ്ങളായ രജിത കുഞ്ഞുമോന്‍, അനില എസ് നായര്‍, സന്തോഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ. സനല്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

കൂര്‍ക്ക കൃഷി ആരംഭിക്കാനൊരുങ്ങി ഇരവിപേരൂര്‍

ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂര്‍ക്ക വിത്തുകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് കെ ബി ശശിധരന്‍ പിള്ള നിര്‍വഹിച്ചു. 125 കര്‍ഷകര്‍ക്ക് അഞ്ച് കിലോ വീതം കൂര്‍ക്ക വിത്ത് വിതരണം ചെയ്തു. അഞ്ച് ഹെക്ടര്‍ സ്ഥലത്ത് 50000 രൂപ പദ്ധതിക്ക് വകയിരുത്തി. നാല് – അഞ്ച് മാസത്തിനു ശേഷം വിളവെടുക്കാം. സ്ഥിരം സമിതി അധ്യക്ഷ അമിതാ രാജേഷ്, അംഗങ്ങളായ കെ കെ വിജയമ്മ, എം എസ് മോഹനന്‍, അമ്മിണി ചാക്കോ, കൃഷി ഓഫീസര്‍ സ്വാതി ഉല്ലാസ് എന്നിവര്‍ പങ്കെടുത്തു.

കോഴഞ്ചേരി താലൂക്ക് വികസന സമിതി ചേര്‍ന്നു

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.
സ്വകാര്യ ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടെ നഗരത്തിലെ പല ഭാഗങ്ങളിലും തെരുവുനായകളുടെ ശല്യവും ആക്രമണവും രൂക്ഷമാകുന്നതായി യോഗം വിലയിരുത്തി. രാത്രികാലങ്ങളില്‍ പോലീസ് നിരീക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കോഴഞ്ചേരി തഹസില്‍ദാര്‍ റ്റി.കെ നൗഷാദ്, രാഷ്ട്രീയ പ്രതിനിധികളായ എം.എച്ച് ഷാജി, മാത്യു ജി ഡാനിയേല്‍, എം.എച്ച് ഷാജി, അഡ്വ. വര്‍ഗീസ് മുളയക്കല്‍, അജീസ് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

 

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് (കില) അക്കാദമിക് ഡിവിഷനില്‍ 2025-2026 വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷാ പ്രവേശനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അടിസ്ഥാന യോഗ്യത ബിരുദം. അവസാനവര്‍ഷകാര്‍ക്കും പങ്കെടുക്കാം. ഒരു വര്‍ഷം ദൈര്‍ഘ്യമുളള ക്ലാസ് ജൂണില്‍ ആരംഭിക്കും. പൊതുവിഭാഗത്തിന് 50000 രൂപ ഫീസ്. ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവരുടെ ആശ്രിതര്‍ക്ക് 50 ശതമാനം സബ്‌സിഡി ഉണ്ട്. കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട ജില്ലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ ആശ്രിതര്‍ക്കും പങ്കെടുക്കാം. ഫോണ്‍ :0471-2479966, 0468-2223169. www.kile.kerala.gov.in/kileiasaccademy.

 

പുനരധിവാസ പരിശീലന കോഴ്‌സിന്് അപേക്ഷിക്കാം

വിമുക്ത ഭടന്മാര്‍ക്കും അവരുടെ വിധവകള്‍ക്കും ആശ്രിതര്‍ക്കും ജില്ലാ സൈനികക്ഷേമ ഓഫീസ് നടത്തുന്ന വിവിധ പുനരധിവാസ പരിശീലന കോഴ്‌സില്‍ അപേക്ഷിക്കാം. ഏപ്രില്‍ 15നുള്ളില്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468-2961104.

 

പ്രവേശനം ആരംഭിച്ചു

കുന്നന്താനം കിന്‍ഫ്ര ഇന്‍ഡസ്ട്രിയലിലെ അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ‘ഐ ലൈക്ക്’ കോഴ്സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു.

120 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സെന്റര്‍ ഓറിയന്റഡ് സെല്‍ഫ് ലേര്‍ണിങ് ഓണ്‍ലൈന്‍ കോഴ്സുകളാണ് ‘ഐ ലൈക്ക്’. പ്രോഗ്രാമിങ് ലാംഗ്വേജുകള്‍, ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഡേറ്റ എന്‍ട്രി, മള്‍ട്ടിമീഡിയ, ഗ്രാഫിക്ക് ഡിസൈന്‍, എന്‍ജിനീയറിങ് തുടങ്ങി വിവിധ മേഖലകളിലായി 40 ല്‍പരം കോഴ്സുകളുണ്ട്. ഫോണ്‍: 95495999688.

 

 

© 2025 Konni Vartha - Theme by
error: Content is protected !!