Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (1/4/2025 )

Spread the love

വലിച്ചെറിയല്ലേ പാഴ്‌വസ്തു

മാലിന്യനിര്‍മാര്‍ജനത്തില്‍ വേറിട്ട പദ്ധതിയുമായി അങ്ങാടി ഗ്രാമപഞ്ചായത്ത്. വിദ്യാലയങ്ങളില്‍ പെന്‍ ബൂത്ത്  സ്ഥാപിച്ച് ശ്രദ്ധനേടുകയാണ് പഞ്ചായത്ത്. ഹരിത വിദ്യാലയങ്ങളായി മാറ്റുകയാണ് ലക്ഷ്യം. 2024-2025 ജനകീയാസൂത്രണ പദ്ധതിയിലൂടെയാണ് വിദ്യാലയങ്ങളില്‍ പെന്‍ ബൂത്തുകള്‍ സ്ഥാപിച്ചത്. ആദ്യ ഘട്ടത്തില്‍ 12  വിദ്യാലയത്തില്‍ പെന്‍ ബൂത്ത് തയ്യാറാക്കി. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേന അടക്കമുളള പരിസ്ഥിതിമലിനീകരണം തടയാന്‍  പെന്‍ ബൂത്തുകള്‍ക്കാകും.

പ്രഥമ അധ്യാപകര്‍ക്കാണ് ചുമതല. ബൂത്ത് നിറയുന്ന മുറയ്ക്ക് ഹരിതകര്‍മ സേനയുടെ സഹായത്തോടെ പുനരുപയോഗത്തിന് ക്ലീന്‍ കേരളയ്ക്ക് കൈമാറും. അങ്ങാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആര്‍ രാജേഷ് കുമാര്‍ നേതൃത്വം നല്‍കുന്നു. പദ്ധതിയുടെ ഭാഗമായി ബയോ ബിന്നുകളും വിതരണം ചെയ്തു.

പ്ലാസ്റ്റിക്ക് പേനയുടെ ഉപയോഗം കുറച്ച് മഷിപ്പേനയിലേക്ക് മാറാനാണ് ശ്രമം. പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ പുനരുപയോഗവും ശാസ്ത്രീയ സംസ്‌കരണ രീതിയും തരംതിരിക്കലും കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യമാണ് പഞ്ചായത്തിനുള്ളതെന്ന് പ്രസിഡന്റ് ബിന്ദു റെജി പറഞ്ഞു.

ശുചിത്വ പ്രഖ്യാപനവുമായി തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്

മാലിന്യ മുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് ശുചിത്വ പ്രഖ്യാപനവും സന്ദേശ വിളംബര റാലിയും നടത്തി. പ്രസിഡന്റ് ആര്‍ കൃഷ്ണകുമാര്‍ ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ചു.

ഘടകസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്ക് ഹരിതകേരള മിഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് സിസിലി തോമസ് അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്‍പേഴ്‌സണ്‍  ജെസ്സി മാത്യു, അംഗങ്ങളായ റെന്‍സണ്‍ കെ രാജന്‍, റീന തോമസ്, ലത ചന്ദ്രന്‍, സെക്രട്ടറി വി സുമേഷ്‌കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശിവകുമാരി തുടങ്ങയിവര്‍ പങ്കെടുത്തു.



മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2025-2026 സാമ്പത്തിക വര്‍ഷത്തെ പ്രവൃത്തികളുടെ റാന്നി പെരുനാട് പഞ്ചായത്തുതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി നിര്‍വഹിച്ചു. അട്ടത്തോട് എസ് ടി സങ്കേതത്തില്‍ റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ അധ്യക്ഷനായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എഞ്ചിനീയര്‍ പി എന്‍ മനോജ് വിശദീകരച്ചു. പഞ്ചായത്ത് അംഗം മഞ്ചു പ്രമോദ്, ഓവര്‍സിയര്‍ സി അഭിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

മാലിന്യമുക്ത പ്രഖ്യാപനവുമായി പെരിങ്ങര ഗ്രാമപഞ്ചായത്ത്

മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി പെരിങ്ങര ഇനി ഹരിത പഞ്ചായത്ത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ അനു പ്രഖ്യാപനം നടത്തി. മികച്ച മാലിന്യ സംസ്‌കരണ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് ഉപഹാരം നല്‍കി. പഞ്ചായത്തിലെ മുഴുവന്‍ ഓഫീസുകള്‍, അങ്കണവാടികള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചിരുന്നു. ‘ഇനിയും ഞാന്‍ ഒഴുകട്ടെ’ മൂന്നാംഘട്ട കാമ്പയിനില്‍ ജലാശയ ശുചീകരണവും മാലിന്യ ശേഖരണത്തിന് ബോട്ടില്‍ ബൂത്ത്, ബിന്‍ എന്നിവ സ്ഥാപിച്ചതായും ചാത്തന്‍കേരി കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് പറഞ്ഞു.

ചെങ്ങറ പാക്കേജ് വിവരശേഖരണം

ജില്ലയില്‍ താമസിക്കുന്ന ചെങ്ങറ പാക്കേജില്‍ ഉള്‍പ്പെട്ടവരുടെ വിവരശേഖരണം കോന്നിത്താഴം കൊന്നപ്പാറ എല്‍.പി സ്‌കൂളില്‍ ഏപ്രില്‍ എട്ട്, ഒമ്പത് തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ടു അഞ്ച് വരെ നടക്കും.

ഗുണഭോക്താക്കള്‍ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. ചെങ്ങറ പുനരധിവാസവുമായി ബന്ധപ്പെട്ട് ഇടുക്കി, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ 53.422 ഹെക്ടര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ – 04682 222515


അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സമയം, ഹാര്‍മണി ഹബ്ബ് സ്‌കീമുകളിലേക്ക് കൗണ്‍സിലര്‍മാരെ തെരെഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി എ/ബി എസ് സി സൈക്കോളജി (ഫുള്‍ ടൈം), ക്ലിനിക്കല്‍ കൗണ്‍സിലിംഗ്, അപ്ലേയ്ഡ് സൈക്കോളജിയിലോ സ്പെഷ്യലൈസഷനോടുകൂടിയ എം എ/എം എസ് സി സൈക്കോളജി (ഫുള്‍ ടൈം) ബിരുദാനന്തര ബിരുദം / എം എസ് ഡബ്ല്യു (ഫുള്‍ ടൈം) ബിരുദം എന്നിവയാണ് യോഗ്യത. ഫാമിലി കൗണ്‍സിലിംഗില്‍ പിജി സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ ഉള്ളവര്‍ക്ക് മുന്‍ഗണന.
മാനസികാരോഗ്യ സേവനം നല്‍കുന്ന പ്രമുഖ ആശുപത്രി/ ക്ലിനിക്കില്‍ മൂന്ന്-അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഫാമിലി റിലേഷന്‍സിപ്പ് കൗണ്‍സിലിംഗിലുള്ള പരിചയം അഭികാമ്യം. പ്രായപരിധി 30 വയസ്. അവസാന തീയതി ഏപ്രില്‍ ഏഴ്. ഫോണ്‍- 0468 2220141.

അപേക്ഷ

തിരുവല്ലയിലെ അസാപ്പിന്റെ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് ദൈര്‍ഘ്യം. 35000 രൂപയാണ് ഫീസ്. ഫോണ്‍ 9495999688.

അപേക്ഷ ക്ഷണിച്ചു

തോട്ടപ്പുഴശ്ശേരിയിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍മാരെ നിയമിക്കുന്നതിന് 18നും 46നും ഇടയില്‍ പ്രായമുള്ള പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  എഴുത്തും വായനയും അറിയുന്നവരായിരിക്കണം. എസ്.എസ്.എല്‍.സി പാസ്സായവര്‍ അപേക്ഷിക്കണ്ട. അപേക്ഷാഫോറം കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിലും തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലും അങ്കണവാടികളിലും ലഭിക്കും. അപേക്ഷ നേരിട്ടോ തപാല്‍മാര്‍ഗമോ ശിശുവികസന പദ്ധതി ഓഫീസര്‍, ശിശുവികസനപദ്ധതി ഓഫീസ്, പുല്ലാട് പി.ഒ, കോയിപ്രം വിലാസത്തില്‍ ലഭിക്കണം. അവസാന തീയതി ഏപ്രില്‍ 21.
ഫോണ്‍. 0469 2997331.


അഭിമുഖം ഏപ്രില്‍ എട്ടിന്

ജില്ലയിലെ ഹോമിയോ ഡിസ്പെന്‍സറികളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അറ്റന്‍ഡറെ നിയമിക്കാന്‍ ഏപ്രില്‍ എട്ട് രാവിലെ 10.30 ന് അടൂര്‍ റവന്യൂ ടവറിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. എസ്.എസ്.എല്‍.സി,  എ ക്ലാസ് ഹോമിയോ മെഡിക്കല്‍ പരിശീലകന്റെ കീഴില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ എത്തണം. പ്രായപരിധി 55 വയസ്.

അഭിമുഖം

‘വിജ്ഞാന പത്തനംതിട്ട’ പദ്ധതി വഴി  ഓട്ടോമൊബൈല്‍ രംഗത്തെ വിവിധ കമ്പനികളിലേക്ക്  (ഏപ്രില്‍ 2 ) രാവിലെ 9.30 ന് പത്തനംതിട്ട  മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിലെ  വിജ്ഞാന പത്തനംതിട്ട കാര്യാലയത്തില്‍ അഭിമുഖം നടത്തും. 18 മുതല്‍ 50 വയസു വരെ പ്രായമുള്ള പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. തിരുവല്ല (പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്)-8714699500, ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ്)- 8714699495, കോന്നി (സിവില്‍ സ്റ്റേഷന്‍) – 8714699496, റാന്നി ( റാന്നി ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699499, അടൂര്‍ (പറക്കോട് ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699498.

വെര്‍ച്വല്‍ ജോബ് ഡ്രൈവ്

വിജ്ഞാന കേരളത്തിന്റെ നേതൃത്വത്തില്‍ കല്ലുപ്പാറ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ ഏപ്രില്‍ അഞ്ചിന് രാവിലെ 9.30 ന്  വെര്‍ച്വല്‍ ജോബ് ഡ്രൈവ് നടത്തും. ഡിഡബ്ല്യൂഎംഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. പ്രവര്‍ത്തി പരിചയം ഇല്ലാത്തവരെയും പരിഗണിക്കും. തൊഴിലവസരങ്ങള്‍, പരിശീലനം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ക്ക് അതത് ജോബ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. തിരുവല്ല (പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്)-8714699500, ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ്)- 8714699495, കോന്നി (സിവില്‍ സ്റ്റേഷന്‍) – 8714699496, റാന്നി ( റാന്നി ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699499, അടൂര്‍ (പറക്കോട് ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699498.

അപേക്ഷ

മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിലേക്ക് അപേക്ഷിക്കാം.
ഫോണ്‍ – 04692961525, 8281905525.


റാങ്ക് പട്ടിക റദ്ദായി

ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 529/2019) തസ്തികയിലേയ്ക്ക് 31/12/2021 ല്‍ നിലവില്‍വന്ന റാങ്ക് പട്ടിക റദ്ദായതായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.


തൊഴിലുറപ്പ് പദ്ധതി പഞ്ചായത്തുതല ഉദ്ഘാടനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2025-2026 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തികളുടെ ഓമല്ലൂര്‍ പഞ്ചായത്തുതല ഉദ്ഘാടനം കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദേവി, അംഗം ശ്രീവിദ്യ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിതാ സുരേഷ്, സ്ഥിരം സമിതി അംഗം സാലി തോമസ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ കോര്‍ഡിനേറ്റര്‍ കെ ഇ വിനോദ് കുമാര്‍ പദ്ധതി വിശദീകരിച്ചു.

കുടിവെള്ള ടാങ്ക് വിതരണം

കുടിവെള്ള ടാങ്ക് വിതരണോദ്ഘാടനം റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ നിര്‍വഹിച്ചു. 2024-25  വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മലയോര മേഖലയില്‍ കുടിവെള്ള ടാങ്ക് പദ്ധതി നടപ്പിലാക്കിയത്. അരയാഞ്ഞിലിമണ്ണില്‍ നടന്ന ചടങ്ങില്‍ 45 ഗുണഭോക്തകള്‍ക്ക് ടാങ്കുകള്‍ വിതരണം ചെയ്തു.

തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനോദ്ഘാടനം

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2025-26 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷ ജിജി മാത്യു നിര്‍വഹിച്ചു. മുട്ടാച്ചുചാലിനു സമീപമുള്ള ഒരേക്കര്‍ സ്ഥലത്ത് മംഗള ഇനത്തില്‍ പെട്ട 1000 കമുകിന്‍ തൈകള്‍ നട്ടു. ജൈവ വൈവിധ്യ പരിപാലനത്തില്‍ നിന്നും രണ്ട് ലക്ഷം രൂപയാണ് പദ്ധതിക്ക് വിനിയോഗിച്ചിത്.

500 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതാണ് പ്രവൃത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. ശശിധരന്‍പിള്ള അധ്യക്ഷനായി. അംഗങ്ങളായ അമ്മിണി ചാക്കോ, എം. എസ്. മോഹനന്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ മിനി തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!