Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 27/03/2025 )

Spread the love

ഞങ്ങള്‍ സന്തുഷ്ടരാണ് :വയോജനങ്ങള്‍ക്ക് കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പകല്‍വീട്

വയോജനങ്ങള്‍ക്ക് തണലൊരുക്കി കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പകല്‍വീട്. വീടുകളിലെ ഏകാന്തതയുടെ മോചനമാണ് പകല്‍വീട്. വയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് പകല്‍വീട്  ആരംഭിച്ചത്.

 

അറുപതു വയസിനു മുകളിലുള്ളവര്‍ക്കാണ് പ്രവേശനം. രാവിലെ പത്തിന് പകല്‍വീട് ഉണരും. കളിയും ചിരിയും സന്തോഷവും പങ്കിട്ട് ഒരു കൂട്ടം വയോജനങ്ങള്‍ പകല്‍ മുഴുവന്‍ ആസ്വദിക്കും. കുടുംബശ്രീയുമായി ചേര്‍ന്ന് രാവിലെയും വൈകിട്ടും ചായയും ലഘു ഭക്ഷണവും ഉച്ചയൂണും നല്‍കുന്നു. എല്ലാ ആഴ്ചയും മീനും ചിക്കനും ഉറപ്പ്. 88 അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദിവസവും 30 പേരില്‍ കുറയാതെ എത്തും. കൂട്ടത്തിലെ മുതിര്‍ന്നയാള്‍ക്ക് 87 വയസ്.

 

ടെലിവിഷന്‍, ദിനപത്രം എന്നിവ ഒരുക്കിയിട്ടുണ്ട്. ഉണര്‍വോടുകൂടി ദിനം വരവേല്‍ക്കാന്‍ യോഗ പരിശീലനം നല്‍കുന്നു. പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറിന്റെ സേവനം എല്ലാ മാസവും ലഭ്യം. വനിതാ ശിശു വികസന വകുപ്പുമായി ചേര്‍ന്ന് മാനസിക ശാരീരിക പിരിമുറുക്കങ്ങളില്‍ നിന്ന് മോചനത്തിനായി ബോധവല്‍കരണ ക്ലാസുകളും കാന്‍സര്‍, കുഷ്ഠരോഗ പ്രതിരോധ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുന്നു. തൊഴില്‍ അധിഷ്ഠിത കവര്‍ നിര്‍മാണ ക്ലാസ്സുകളില്‍ ഉത്സാഹമുള്ള വിദ്യാര്‍ത്ഥികളാണ് വയോജനങ്ങളെന്ന് പകല്‍വീട് ചുമതല വഹിക്കുന്ന ഷൈനി കെ. ജോര്‍ജ് പറഞ്ഞു.

 

പകല്‍വീടിനായി പയര്‍, പാവല്‍, മുളക് , തക്കാളി ഉള്‍പ്പെട്ട അടുക്കള തോട്ടവും അംഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിത്തുകളും ഗ്രോ ബാഗുകളും കൃഷിഭവനില്‍ നിന്ന് ലഭിച്ചു. വാര്‍ധക്യം മറന്ന് വിഷു, ഓണം , റംസാന്‍, ക്രിസ്തുമസ്, ജ•ദിനം പോലുള്ളവ ഒരുമിച്ച് ആഘോഷിക്കുന്നു.
ജീവിത സായാഹ്നത്തില്‍ സുഖദു:ഖങ്ങള്‍ പങ്കുവയ്ക്കാനാകാതെ ഏകാന്തത അനുഭവിക്കുന്നവര്‍ക്കുള്ള ആശ്വാസമാണ് പകല്‍വീട്. മുതിര്‍ന്നവരുടെ അനുഭവസമ്പത്തും അറിവും പ്രയോജനപ്പെടുത്തുന്നതിനൊപ്പം ഇവരെ സ്നേഹിക്കാനും ആദരിക്കാനുമാണ് പകല്‍ വീട് തയ്യാറാക്കിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി പറഞ്ഞു.

 

ഔഷധതണലില്‍ ഇത്തിരി നേരം : വായനയുടെ വാതായനം തുറന്ന് നെടുമ്പ്രം പഞ്ചായത്ത്

വായനയുടെ ലോകത്തേക്ക് ക്ഷണിച്ച് നെടുമ്പ്രം ഗ്രാമപഞ്ചായത്ത്. നെടുമ്പ്രം ആയുര്‍വേദ  ഡിസ്‌പെന്‍സറിക്ക് സമീപം നട്ടു വളര്‍ത്തിയ നക്ഷത്രവന മരത്തണലില്‍ വായന ആസ്വദിക്കാം. ഔഷധതണല്‍ എന്ന പേരില്‍ 400 ല്‍ അധികം  പുസ്തകങ്ങളും ആനുകാലികങ്ങളും ഒരുക്കിയിരിക്കുന്നു. ഏത് പ്രായക്കാര്‍ക്കും അനുയോജ്യമായ പുസ്തകങ്ങളുണ്ട്. വായിക്കാനായി ഇരിപ്പിടങ്ങളും തയ്യാര്‍. ആരോഗ്യകേന്ദ്രത്തിലും കടപ്ര രജിസ്ട്രാര്‍ കാര്യാലയത്തിലും എത്തുന്നവര്‍ വായനായിടം ഉപയോഗിക്കുന്നു.പുസ്തകക്കൂട്ട് കാമ്പയിന്റെ ഭാഗമായാണ് പദ്ധതി.

 

പഞ്ചായത്തിലെ കിടപ്പു രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പുസ്തകങ്ങള്‍ വീടുകളില്‍ എത്തിക്കും. ആശാ പ്രവര്‍ത്തകര്‍, പാലിയേറ്റീവ് കെയര്‍ ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ മുഖേനയാണിത്. വായനയ്ക്ക് ശേഷം പുസ്തകം തിരികെ എത്തിക്കുന്നതും ഇവര്‍ തന്നെ. ആരോഗ്യകേന്ദ്രത്തിന് സമീപമുള്ള ടേക്ക് എ ബ്രേക്ക്, ജനകീയ ഹോട്ടല്‍ എന്നിവിടങ്ങളിലെ ജീവനകാര്‍ക്കും ഔഷധതണല്‍ അറിവ് പകരുന്നു.

 

ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്കുള്ള ഹാപ്പിനെസ്സ് പാര്‍ക്ക് അവസാന ഘട്ടത്തിലാണ്. ആവശ്യമായ പുസ്തകങ്ങള്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലില്‍ നിന്നാണ് ശേഖരിച്ചത്. പുസ്തകത്തിന്റെ എണ്ണം കൂട്ടാനുളള ശ്രമത്തിലാണ് പഞ്ചായത്ത്. ലൈബ്രറിയുടെ വിപുലീകരണവും ലക്ഷ്യമിടുന്നു. പുസ്തകങ്ങള്‍ സൂക്ഷിക്കാനായി അലമാരകളുള്‍പ്പടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി പറഞ്ഞു.

ആഘോഷിക്കാം അവധിക്കാലം:കുട്ടികളുടെ പാര്‍ക്ക് ഒരുക്കി പന്തളം ബ്ലോക്ക് പഞ്ചായത്ത്

വേനലവധി ആഘോഷിക്കാന്‍ സജ്ജീകരണം ഒരുക്കി പന്തളം ബ്ലോക്ക് പഞ്ചായത്തിലെ കുട്ടികളുടെ പാര്‍ക്ക്. കളിച്ചുരസിക്കാന്‍ വിവിധ കളി ഉപകരണങ്ങള്‍ ഇവിടെയുണ്ട്. ബ്ലോക്ക് പഞ്ചായത്ത്  അങ്കണത്തിലാണ് പാര്‍ക്ക്.

ദിവസവും വൈകിട്ട് 3.30 മുതല്‍ 6.30 വരെയാണ് പ്രവര്‍ത്തനം. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്റെ നേതൃത്വത്തിലാണ് പാര്‍ക്ക് സാക്ഷാത്കരിച്ചത്. ബ്ലോക്ക് കാര്യാലയത്തിന്റെ മുന്നില്‍ ഉപയോഗശൂന്യമായി കിടന്ന സ്ഥലം വൃത്തിയാക്കിയാണ് പാര്‍ക്ക് ഒരുക്കിയത്. മതിലിലെ  ചിത്രങ്ങളുടെ ദൃശ്യഭംഗി പാര്‍ക്കിന്റെ മാറ്റ് കൂട്ടുന്നു. സീസോ, ഊഞ്ഞാല്‍, സ്ലൈഡുകള്‍ തുടങ്ങി കുട്ടികള്‍ക്ക് ഓടി കളിക്കാനുള്ള സ്ഥലവുമുണ്ട്.

 

12 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച പാര്‍ക്കില്‍ ഇരിക്കാനുളള സൗകര്യം, ശൗചാലയം, സി സി ടി വി എന്നിവ ക്രമീകരിച്ചിരിക്കുന്നു. ഭിന്നശേഷി സൗഹൃദമാണ് പാര്‍ക്ക്. സമീപത്തെ അങ്കണവാടി, സ്‌കൂളുകളില്‍  നിന്നും നിരവധി കുട്ടികള്‍ പാര്‍ക്കിലെത്തുന്നു.

മുതിര്‍ന്നവര്‍ക്കും വിശ്രമിക്കാന്‍ സൗകര്യമുണ്ട്. കുട്ടികളുടെ ശാരീരിക, മാനസിക, ബൗദ്ധിക, വൈകാരിക സാമൂഹിക വികസനത്തിന് ഇത്തരത്തിലുള്ള കളിസ്ഥലങ്ങള്‍  വലിയ പങ്കു വഹിക്കുന്നതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ്മോന്‍ പറഞ്ഞു.

പാര്‍ക്കിനടുത്തായി കുടുംബശ്രീയുമായി ചേര്‍ന്ന്  കിയോസ്‌ക് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. ബ്ലോക്ക് പഞ്ചായത്തിനെ ശിശു -ഭിന്നശേഷി -വയോജന സൗഹൃദമാക്കുന്നതിന് ഒരോ സാമ്പത്തിക വര്‍ഷവും നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.

അഭിമുഖം മാറ്റിവച്ചു

കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റില്‍ ജൂനിയര്‍ മാനേജര്‍ (അക്കൗണ്ട്‌സ്) തസ്തികയില്‍ നിയമനത്തിനായി  മാര്‍ച്ച് 28ന് രാവിലെ 11ന് നടത്താനിരുന്ന അഭിമുഖം സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചതായി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2961144.


നൈറ്റ് വാക്ക്  (മാര്‍ച്ച് 28)

മാലിന്യമുക്തം നവകേരളം പ്രഖ്യാപനത്തിന്റെ ഭാഗമായി നഗരത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍  (മാര്‍ച്ച് 28) രാത്രി 7.15ന് നൈറ്റ് വാക്ക് സംഘടിപ്പിക്കുന്നു. കലക്ടറേറ്റ് കവാടത്തില്‍ നിന്നാരംഭിച്ച് നൈറ്റ് വാക്ക് ഗാന്ധി പ്രതിമ ജംഗ്ഷനിലൂടെ പത്തനംതിട്ട  ടൗണ്‍ സ്‌ക്വയറില്‍ സമാപിക്കും.


അവധിക്കാല ക്യാമ്പ്

മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അവധിക്കാല ക്യാമ്പ് ഏപ്രില്‍ ഏഴിന് ആരംഭിക്കും. മൂന്നു മുതല്‍   12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഡിജിറ്റല്‍ ആര്‍ട്ട്, അബാക്കസ്, നിര്‍മിത ബുദ്ധി എന്നിവയുടെ പരിശീലനം ലഭിക്കും.  ഫോണ്‍ : 8281905525, 0469 2961525.

അറിയിപ്പ്

ജില്ലയിലെ വിവിധ വകുപ്പുകളിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്(പാര്‍ട്ട് രണ്ട് -ബൈ ട്രാന്‍സ്ഫര്‍ റിക്രൂട്ട്‌മെന്റ്) (കാറ്റഗറി നമ്പര്‍. 522/2024) തസ്തികയ്ക്ക്  യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്ലായെന്ന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.


ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി  വിലയിരുത്തി

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പുരോഗതി ജില്ലാ കലക്ടറും ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുമായ എസ്. പ്രേംകൃഷ്ണന്റെ നേതൃത്വത്തില്‍ വിലയിരുത്തി. തൊഴില്‍ ദിനങ്ങള്‍ കുറവുള്ള പറക്കോട്, റാന്നി, പന്തളം, കോന്നി ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളില്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍ പ്രത്യേക ഇടപെടല്‍ നടത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

 

ഏപ്രില്‍ ഒന്നിന് എല്ലാ വാര്‍ഡുകളിലും പ്രവൃത്തികള്‍ ആരംഭിക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. സംസ്ഥാന  തൊഴിലുറപ്പു മിഷന്‍ ‘നമ്മുടെ ഗ്രാമം’  പേരില്‍ സുസ്ഥിര വികസനത്തിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും ആവശ്യമായ എണ്ണം പ്രവൃത്തികള്‍ കണ്ടെത്താന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന്  ജില്ലാ കലക്ടര്‍ വിലയിരുത്തി. ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുന്നതിനാവശ്യമായ കിണര്‍ റീചാര്‍ജ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കണം. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് പദ്ധതി രൂപീകരിക്കണം. പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് പരമാവധി 200 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കാന്‍ കോന്നി, റാന്നി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.


കട്ടില്‍ വിതരണം ചെയ്തു

പെരിങ്ങര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് നല്‍കുന്ന കട്ടിലിന്റെ വിതരണോദ്ഘാടനം പ്രസിഡന്റ് എബ്രഹാം തോമസ് നിര്‍വഹിച്ചു.  67 കട്ടിലുകളാണ് ആദ്യഘട്ടത്തില്‍ നല്‍കിയത്. വൈസ് പ്രസിഡന്റ് ഷീന മാത്യു അധ്യക്ഷയായി. അംഗങ്ങളായ റിക്കു മോനി വര്‍ഗീസ്, ടി വി വിഷ്ണു നമ്പൂതിരി, ജയ എബ്രഹാം, എം സി ഷൈജു , അശ്വതി രാമചന്ദ്രന്‍, സനല്‍കുമാരി, സുഭദ്ര രാജന്‍, ശാന്തമ്മ നായര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!