Trending Now

സന്തോഷിക്കാന്‍ ഒരിടം:ഹാപ്പിനെസ് പാര്‍ക്കുമായി പെരിങ്ങര ഗ്രാമപഞ്ചായത്ത്

Spread the love

 

സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ ഗ്രാമ തനിമയില്‍ മനോഹര പാര്‍ക്ക് ഒരുക്കി പെരിങ്ങര ഗ്രാമപഞ്ചായത്ത്. ശുദ്ധവായു ശ്വസിച്ചും പച്ചപ്പ് അനുഭവിച്ചും ഗ്രാമീണ കാഴ്ചകള്‍ കണ്ട് മനം കവരാന്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ വേളൂര്‍ – മുണ്ടകം പ്രദേശത്താണ് ഹാപ്പിനെസ് ഹരിത പാര്‍ക്ക്.

ഒരുവശത്ത് വിശാലമായ പാടശേഖരവും മറുവശം ന്യൂ മാര്‍ക്കറ്റ് തോടുമാണ്. പാതയോരത്ത് ചാരുബെഞ്ചുകളും ആരോഗ്യ പരിപാലനത്തിന് ജിംനേഷ്യം ഉപകരണങ്ങള്‍, ഭക്ഷണശാലകള്‍ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. തോടിലൂടെ ബോട്ടിംഗ് സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. അഞ്ചു അടിയോളം വലിപ്പമുള്ള ഇരുപതോളം വൃക്ഷതൈകള്‍ ചാരുബെഞ്ചുകള്‍ക്ക് ചുറ്റും നട്ടുപിടിപ്പിക്കും. മാലിന്യത്തില്‍ നിന്ന് നിര്‍മിച്ച കരകൗശല വസ്തുക്കളും ശില്‍പ്പങ്ങളും കൊണ്ട് പാര്‍ക്ക് അലങ്കരിക്കും. സെല്‍ഫി പോയിന്റുകളും ഇതിനൊപ്പമുണ്ട്. പദ്ധതിക്കായി ആറര ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയത്.

ജന്മദിന ആഘോഷങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, മറ്റ് കൂട്ടായ്മകള്‍ തുടങ്ങിയവ സംഘടിപ്പിക്കും വിധമാണ് പാര്‍ക്ക് ഒരുക്കുന്നത്. മാസത്തിലൊരിക്കല്‍ പാര്‍ക്കില്‍ ഹാപ്പിനെസ് ഡേ ആഘോഷിക്കും. ചെസ്, കാരംസ് തുടങ്ങിയവയ്ക്കും സൗകര്യമൊരുക്കും. കുടിവെള്ളം, സൗജന്യ വൈഫൈ, സിസിടിവി എന്നിവ തയ്യാറാക്കും. പരിസ്ഥിതി സംരക്ഷണം, കല, സര്‍ഗാത്മകത എന്നിവ വളര്‍ത്തി വേനലവധി ആഘോഷമാക്കാനാണ് ലക്ഷ്യം.

ഏപ്രില്‍ ആദ്യ വാരത്തോടെ പാര്‍ക്ക് പൂര്‍ണസജ്ജമാകും. പാഴ്വസ്തുക്കള്‍ സൃഷ്ടിപരമായ രീതിയില്‍ ഉപയോഗിച്ചും സാധ്യമായ എല്ലാ വിധത്തിലും സന്തോഷം പകര്‍ന്ന് പഞ്ചായത്തിനെ വൃത്തിയുള്ളതും ഹരിതാഭവുമാക്കുക എന്നതാണ് ഹാപ്പിനെസ് പാര്‍ക്കിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് എബ്രഹാം തോമസ് പറഞ്ഞു.

error: Content is protected !!