Trending Now

ഇരവിപേരൂരില്‍ വരുന്നു ആധുനിക അറവുശാല

 

konnivartha.com: മാംസാഹാരപ്രിയര്‍ക്കായി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് ഒരുക്കുന്നത് ആധുനികവും ആരോഗ്യകരവുമായ സംവിധാനം. ജില്ലയിലെ ആദ്യ ആധുനിക അറവുശാലയാണ് വരുന്നത്. പരീക്ഷണപ്രവര്‍ത്തനം ഒരാഴ്ചയ്ക്കുള്ളില്‍ നടത്തും. ഒരു കോടി ഇരുപതിനായിരം രൂപ ചിലവഴിച്ചാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്.

പൊതു-സ്വകാര്യപങ്കാളിത്തത്തോടെ കശാപ്പ് മുതല്‍ മാലിന്യസംസ്‌കരണംവരെയുള്ള എല്ലാപ്രക്രിയകളും ഇവിടെനടത്താം. പ്രതിദിനം 10 മുതല്‍ 15 കന്നുകാലികളെ കശാപ്പ് ചെയ്യാന്‍ സാധിക്കുന്ന യന്ത്രങ്ങളാണുള്ളത്. കാലികളെയും മാംസവും കൊണ്ടുപോകുന്നതിനുള്ള കട്ടിംഗ്‌മെഷീന്‍, ഹാംഗറുകള്‍, കണ്‍വെയറുകള്‍, സംഭരണസ്ഥലങ്ങള്‍, കന്നുകാലികളെ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സ്ഥലങ്ങള്‍ എന്നിവയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

ആരോഗ്യകരമായ മാംസം ഉറപ്പാക്കുന്നതിനായി വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ കന്നുകാലികളുടെ ഭാരം അളന്നു ആരോഗ്യനിലപരിശോധിച്ച് ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കും. പൂര്‍ണ്ണമായി അണുവിമുക്തമാക്കിയ ശേഷം മെഷീനിലേക്ക്, അണുനാശിനി ലായനി ഉപയോഗിച്ച് കന്നുകാലികളെ കഴുകി ശരീരം ഉണക്കും. യന്ത്രം ഉപയോഗിച്ചാണ് നനവ് മാറ്റുക. കശാപ്പ് കഴിഞ്ഞാലുടന്‍, തല, രക്തം, മറ്റ് ഭാഗങ്ങള്‍ എന്നിവ യന്ത്രങ്ങളുപയോഗിച്ച് വേര്‍പെടുത്തി പ്രത്യേകഇടങ്ങളിലേക്ക് മാറ്റും. ഇറച്ചി അരിഞ്ഞു പായ്ക്ക്‌ചെയ്തതിനുശേഷം വിപണിയില്‍ എത്തിക്കും. പ്രദേശവാസികള്‍ക്ക് ഇവിടെനിന്ന് വാങ്ങാനുമാകും. മുറികള്‍ ശീതീകരിച്ചവയാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (പിസിബി) അനുമതിയും ഇതിനോടകം ലഭിച്ചു കഴിഞ്ഞു.

ആധുനിക യന്ത്രസഹായത്തോടെ മാംസംമുറിക്കല്‍, എല്ലുകള്‍ നീക്കം ചെയ്യല്‍, അറവുമാലിന്യങ്ങള്‍ വേര്‍തിരിക്കല്‍ എന്നിവയെല്ലാം വേഗത്തില്‍ ചെയ്യാനാകും. അറവ്മാലിന്യം വിവിധഘട്ടങ്ങളിലൂടെ നീക്കംചെയ്ത് ഡ്രൈനേജ് സംവിധാനത്തിലേയ്ക്കും മാലിന്യംവളമാക്കുന്ന പ്ലാന്റിലേക്കും മാറ്റും. പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന മാംസാവശിഷ്ടങ്ങള്‍ സംസ്‌കരിച്ച് നായ ബിസ്‌ക്കറ്റുകളും കോഴിത്തീറ്റയും വളവുമാക്കി മാറ്റും. റെന്‍ഡറിംഗ് പ്ലാന്റുമായി ബന്ധപ്പെട്ട ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നുമുണ്ട്, കെട്ടിടത്തിന്റെ പ്രധാനഭാഗത്തിന്റെ ജോലികള്‍, വൈദ്യുതി വിതരണ ക്രമീകരണം എന്നിവ പൂര്‍ത്തിയായിട്ടുണ്ട്.

മികച്ച ഫ്രീസര്‍ പ്ലോട്ടുകളുടെ സജ്ജീകരണം അറവു മാംസങ്ങളില്‍ ഉണ്ടാകുന്ന ബാക്ടീരിയകളെ ചെറുത്ത് നില്‍ക്കാന്‍ സഹായിക്കും. മാംസം പ്രത്യേകം സ്ളോട്ടറുകളിലായി ശാസ്ത്രീയമായി മുറിച്ച് നിശ്ചിതസമയം തണുപ്പിച്ച് ബാക്ടീരിയകളുടെ വളര്‍ച്ച തടഞ്ഞശേഷമാണ് പോഷക സമ്പുഷ്ടമാക്കുന്നതെന്ന് ഓതറ വെറ്ററിനറി ഡിസ്‌പെന്‍സറി സര്‍ജന്‍ ഡോ. പി എസ്.സതീഷ് കുമാര്‍ പറഞ്ഞു.

ഗുണനിലവാരത്തോടെ ശുദ്ധമായ മാംസം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇരവിപേരൂര്‍ മീറ്റ്സ് എന്ന ലേബലിലാകും വിപണിയിലേക്ക് എത്തിക്കുകയെന്ന് പ്രസിഡന്റ് കെ. ബി. ശശിധരന്‍ പിള്ള പറഞ്ഞു.

error: Content is protected !!