
konnivartha.com/കോന്നി : നൂറ്റാണ്ടുകളായി യാത്രാ ക്ലേശത്താൽ ദുരിതം അനുഭവിക്കുന്ന അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ മലയോര ഗ്രാമമായ കൊക്കാത്തോട് നീരാമക്കുളം പ്രദേശത്തിൻ്റെ യാത്രാ ദുരിതത്തിന് പരിഹാരമാകുകയാണ്.
വനം വകുപ്പിൻ്റെ അധീനതയിലുള്ള നീരാമക്കുളം റോഡാണ് സഞ്ചാരയോഗ്യമാകുന്നത്. വനം വകുപ്പിൻ്റെ കർശന നിർദേശത്തോടെ നിരാക്ഷേപ പത്രം ലഭ്യമാക്കിയാണ് നിർമാണം നടക്കുന്നത്. 1980 ലെ ഫോറസ്റ്റ് കൺസർവേഷൻ ആക്ട് പ്രകാരം ആറ് മീറ്റർ വീതിയിൽ 110 മീറ്റർ നീളത്തിൽ മൂന്ന് ഭാഗങ്ങളായിട്ട് മരുതിമൂട് – കരടിപ്പാറ ഭാഗത്താണ് ഇപ്പോൾ നവീകരണം നടക്കുന്നത്.
1970 കാലഘട്ടത്തിനും മുമ്പേ പ്രദേശവാസികൾ സഞ്ചരിച്ചിരുന്ന പ്രധാന പാതയായിരുന്നു നീരാമക്കുളം റോഡ് . കോന്നി ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷൻ മെമ്പർ പ്രവീൺ പ്ലാവിളയിൽ അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് സഞ്ചാരയോഗ്യമാക്കുന്നത്. നാട്ടുകാരുടെ പതിറ്റാണ്ടുകളായിട്ടുള്ള ആവശ്യത്തിനാണ് പരിഹാരമാകുന്നത്.