പ്രളയ ഭീഷണി കുറഞ്ഞു; ജാഗ്രത തുടരണം

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലയിലെ പ്രളയ ഭീഷണി കുറഞ്ഞിട്ടുണ്ടെങ്കിലും കൂടുതല്‍ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ. രാജു പറഞ്ഞു. വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിലയിരുത്തുന്നതിന് തിരുവല്ല റവന്യു ഡിവിഷണല്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നേരത്തേ തന്നെ മാറ്റിയിരുന്നു. ആശങ്കാജനകമായ സാഹചര്യം നിലവിലില്ല. മുന്‍കരുതല്‍ എന്ന നിലയിലാണ് ജില്ലയിലെ എംഎല്‍എമാരുമായും ജില്ലാ കളക്ടറുമായും കൂടി ആലോചിച്ച ശേഷം കൊല്ലത്തുനിന്നും വള്ളങ്ങള്‍ നേരത്തെ തന്നെ എത്തിച്ചതെന്നും മന്ത്രി പറഞ്ഞു.
തിരുവല്ല നിയോജക മണ്ഡലത്തിനു കീഴില്‍ വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ മുന്‍കൂട്ടി തന്നെ മാറ്റി പാര്‍പ്പിച്ചതായി മാത്യു. ടി തോമസ് എംഎല്‍എ പറഞ്ഞു. തിരുവല്ല താലൂക്കില്‍ 77 ക്യാമ്പുകളും മല്ലപ്പള്ളി താലൂക്കില്‍ 11 ക്യാമ്പുകളും ഇതിനോടകം തുറന്നിട്ടുണ്ട്. കൊല്ലത്തു നിന്നും ഇതുവരെ മത്സ്യ തൊഴിലാളികളുടെ 11 വളളങ്ങള്‍ തിരുവല്ലയില്‍ എത്തിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സദാ സജ്ജരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എംഎല്‍എ പറഞ്ഞു.
തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, തഹസില്‍ദാര്‍ മിനി കെ തോമസ്, ഇന്‍സിഡന്‍സ് റെസ്പോണ്‍സ് സിസ്റ്റം അംഗങ്ങള്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ആറന്മുള മണ്ഡലത്തില്‍ ക്രമീകരണങ്ങള്‍ പൂര്‍ണം: വീണാ ജോര്‍ജ് എംഎല്‍എ
വെള്ളപ്പൊക്കത്തിനുള്ള സാധ്യത കണക്കിലെടുത്ത് ആറന്മുള നിയോജക മണ്ഡലത്തില്‍ സുസജ്ജമായ മുന്നൊരുക്കങ്ങള്‍ നടത്തിയതായി വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. കോഴഞ്ചേരി താലൂക്കിലെ ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റത്തിന്റെ (ഐആര്‍എസ്) വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ.
താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു. എഴിക്കാട് കോളനിയിലെ എല്ലാവരെയും പുനരധിവാസ ക്യാമ്പുകളിലേക്ക് മാറ്റി. സിവില്‍ ഡിഫന്‍സ്, ഫയര്‍ഫോഴ്‌സ് എന്നിവയുടെ സഹായത്തോടെയാണ് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിച്ചത്. വയോധികര്‍ മുതല്‍ കുട്ടികള്‍ വരെയുള്ളവരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിക്കണ്ടവരെയും പ്രത്യേകമായി മാറ്റിപ്പാര്‍പ്പിച്ചു.
എല്ലാ ക്യാമ്പുകളിലും സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങിയവ ഉറപ്പുവരുത്തിയിട്ടുണ്ട്. ഓരോ വകുപ്പുകളുടെയും പ്രവര്‍ത്തനം യോഗം വിലയിരുത്തി. കൊല്ലത്തു നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ അഞ്ചു വള്ളങ്ങള്‍ പമ്പാനദിയുടെ തീരത്ത് വിന്യസിച്ചിട്ടുണ്ട്. ആറന്മുള മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമായ ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശ്ശേരി എന്നീ സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യം, റവന്യൂ, പോലീസ്, ഫയര്‍ഫോഴ്‌സ് എന്നീ വകുപ്പുകളുടെ സഹായത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്നും വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.
എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, കോഴഞ്ചേരി തഹസീല്‍ദാര്‍ കെ. ഓമനക്കുട്ടന്‍, ഡിഎം ഡെപ്യൂട്ടി തഹസീല്‍ദാര്‍ ബാബുലാല്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഐ.ആര്‍.എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Comment